കോട്ടയം: തമിഴ്നാട്ടിൽനിന്നുള്ള മുട്ട വരവ് കുതിച്ചുയർന്നതോടെ കോഴി, താറാവ് കർഷകർ പ്രതിസന്ധിയിൽ. താറാവു കർഷകരാണ് കൂടുതൽ ദുരിതത്തിലായത്. അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള വരവ് വർധിച്ചതോടെ നാടൻ താറാവ് മുട്ടയുടെ വില കുത്തനെ ഇടിഞ്ഞു. 10 രൂപ മുതൽ 12 രൂപ വരെ വില ലഭിച്ച മുട്ടക്ക് ഇപ്പോൾ എട്ടുരൂപ മാത്രമാണുള്ളത്.
മുട്ട വിലയിടിവ് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമാണെങ്കിലും വന്‍ പ്രതിസന്ധിയിലാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. തീറ്റവില വർധിച്ചതിനാൽ ഒരുമുട്ടക്ക് എട്ടുരൂപക്ക് മുകളിൽ ലഭിച്ചാൽ മാത്രമേ മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂവെന്ന് താറാവ് കർഷകർ പറയുന്നു.
അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള ചെറിയ താറാമുട്ട അഞ്ചുരൂപക്കും വിറ്റഴിക്കുന്നുണ്ട്. വഴിയോരങ്ങളിലെ വിൽപന കേന്ദ്രങ്ങളിലും അന്തർ സംസ്ഥാന മുട്ടയാണ് സുലഭമായി ലഭിക്കുന്നത്. അന്തർ സംസ്ഥാന താറാവു മുട്ടയിൽ വാങ്ങുന്നതിൽ പകുതിയും മോശമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
കോഴിമുട്ട വിപണിയിലും അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള മുട്ടയാണ് വലിയതോതിൽ എത്തുന്നത്.
തമിഴ്നാട്ടിൽ ഉൽപാദനം കൂടിയതാണ് കൂടുതലായി മുട്ടകൾ എത്താൻ കാരണം. കോവിഡ് പ്രതിസന്ധി വില്പനയെ ബാധിച്ചതിനിടെയാണ് അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള മുട്ടയുടെ വരവ്. തട്ടുകടകള്‍ ഭൂരിഭാഗവും പ്രവര്‍ത്തനം അവസാനിപ്പിച്ചതും ഹോട്ടലുകളിലെ പ്രവര്‍ത്തന നിയന്ത്രണവും തിരിച്ചടിയായതായി വ്യാപാരികള്‍ പറയുന്നു.
ഇടക്കാലത്ത് തമിഴ്നാട്ടില്‍ നിന്നെത്തുന്ന കോഴി മുട്ടക്ക് ആറു രൂപ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ മൊത്തവില 4.60 രൂപയായും ചില്ലറവില അഞ്ചു രൂപയായും കുറഞ്ഞിട്ടുണ്ട്.
തമിഴ്നാട്ടില്‍ നിന്നെത്തുന്ന വലിയ കോഴിമുട്ടക്കാണ് ഈ വില. നാടന്‍ കോഴിമുട്ടയുടെ വില നേരത്തേ എട്ടുരൂപ വരെ എത്തിയിരുന്നുവെങ്കില്‍ ആറു രൂപ മുതല്‍ 6.50 രൂപ വരെയാണ് ഇപ്പോള്‍ പലയിടങ്ങളിലും വില ഈടാക്കുന്നത്.
തമിഴ്നാട്ടില്‍ മുട്ട ഉല്പാദനം കൂടിയതാണ് വില കുറയാന്‍ പ്രധാന കാരണമെന്നു വ്യാപാരികള്‍ പറയുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കോഴിവളര്‍ത്തല്‍ വ്യാപകമായതും കൂടുതൽ മുട്ടകൾ വിപണിയിലെത്താൻ കാരണമായി. സ്കൂളുകളും കോളജുകളും തുറക്കാത്തതും കച്ചവടം കുറഞ്ഞു.
തട്ടുകടകളിലാണ് ഏറ്റവും കൂടുതല്‍ മുട്ട ഉപയോഗിച്ചിരുന്നത്. തട്ടുകടകളിലെ പ്രധാന ഭക്ഷണം ഓംലെറ്റാണ്. കോട്ടയം നഗരത്തിലെ തട്ടുകളില്‍ ദിവസം 300 ഓംലറ്റ് വരെ വില്പന നടത്തിയിരുന്നു. കോവിഡ് രണ്ടാം തരംഗം സജീവമായതോടെ തട്ടുകടകളില്‍ ഭൂരിഭാഗവും പൂട്ടി.
ഹോട്ടലുകളിലും സമാന പ്രതിസന്ധിയുണ്ടായി. നേരത്തേ കോട്ടയം മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു കടയില്‍ മാത്രം 7000 മുതല്‍ 10,000 മുട്ടകളാണ് ദിവസം വിറ്റിരുന്നത്. തിങ്കളാഴ്ചയും ശനിയാഴ്ചയും മുട്ടയുടെ വില്പന പലപ്പോഴും 10,000 കടന്നിരുന്നു. ഇപ്പോള്‍ വില്പന 5000ത്തില്‍ താഴെയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.