കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണന മേള ചൊവ്വാഴ്ച വൈകിട്ട് നാലിന് നാഗമ്പടം മൈതാനത്ത് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് രണ്ടിന് തിരുനക്കര മൈതാനത്തുനിന്ന് നാഗമ്പടം മൈതാനത്തേക്ക് സാംസ്കാരിക ഘോഷയാത്ര നടക്കും.
വിവിധ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, ജില്ല സ്പോർട്സ് കൗൺസിൽ, ജില്ല ലൈബ്രറി കൗൺസിൽ, കോർപറേഷനുകൾ, മഹാത്മാഗാന്ധി സർവകലാശാല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ വർണാഭമായ ഘോഷയാത്രയിൽ പങ്കെടുക്കും. കലാ-സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും വിപണനസ്റ്റാളുകളുടെ ഉദ്ഘാടനം ഉമ്മൻചാണ്ടി എം.എൽ.എയും നിർവഹിക്കും.
അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യും. എംപ്ലോയ്മെന്റ് കെസ്റു സ്വയംതൊഴിൽ പദ്ധതിയുടെ വായ്പ സബ്സിഡി വിതരണം സി.കെ. ആശ എം.എൽ.എയും കേരള സഹകരണ സമാശ്വാസ ഫണ്ട് വിതരണം മാണി സി. കാപ്പൻ എം.എൽ.എയും മത്സ്യകർഷകർക്കുള്ള സബ്സിഡി വിതരണം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും ഭാഗ്യക്കുറി ക്ഷേമനിധി സ്കോളർഷിപ്പ് വിതരണം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയും നിർവഹിക്കും. ഉദ്ഘാടനശേഷം വൈകിട്ട് 6.30ന് പ്രശസ്ത പിന്നണി ഗായകരായ ദുർഗ വിശ്വനാഥും വിപിൻ സേവ്യറും നയിക്കുന്ന ഗാനമേള നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.