കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിെൻറ ഇടതു പ്രവേശനം വൈകില്ലെന്ന് സൂചന നൽകി നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് മുന്നണി പ്രവേശനം യാഥാർഥ്യമാകുമെന്ന ഉറപ്പ് മുതിർന്ന നേതാക്കൾ അണികൾക്കും നൽകിക്കഴിഞ്ഞു. മുന്നണി പ്രവേശനത്തിന് സി.പി.എം പച്ചക്കൊടി വീശുകയും എതിർപ്പുയർത്തിയിരുന്ന സി.പി.ഐ നിലപാടിൽ അയവുവരുത്തുകയും ചെയ്തതോടെ തുടർനടപടിയിലേക്ക് ജോസ് വിഭാഗം നീങ്ങുകയാണ്.
അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുള്ള സീറ്റുകളുടെ പട്ടിക ജോസ് വിഭാഗം സി.പി.എം നേതൃത്വത്തിനു കൈമാറിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ത്രിതല പഞ്ചായത്ത് സമിതികളിേലക്കുള്ള സീറ്റുകളുടെ പട്ടികയാണ് നൽകിയത്. യു.ഡി.എഫിനൊപ്പം നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ച സീറ്റുകളും ജയസാധ്യതയുള്ള പുതിയ സീറ്റുകളും ഇതിൽപെടും.
കോട്ടയം-ഇടുക്കി ജില്ലകളിൽ പാർട്ടിയുടെ സ്വാധീനം കണക്കിലെടുത്ത് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടതു മുന്നണി അർഹമായ പരിഗണന നൽകുമെന്ന പ്രതീക്ഷയിലാണ് ജോസ് വിഭാഗം. കേരള കോൺഗ്രസ് ജില്ല കമ്മിറ്റികളിൽ ബഹുഭൂരിപക്ഷവും ഇടതു മുന്നണി പ്രവേശനത്തെ പിന്തുണക്കുകയാണ്. എം.എൽ.എമാരും ഇതിനോട് യോജിക്കുന്നുണ്ട്. നിയമസഭ സീറ്റിെൻറ കാര്യത്തിലും ചിലധാരണകൾ രൂപപ്പെട്ടിട്ടുണ്ട്.
നിലവിൽ മത്സരിച്ച സീറ്റുകളും ലഭിച്ചാൽ െകാള്ളാവുന്ന സീറ്റുകളും സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. ആദ്യഘട്ട ചർച്ചകളെല്ലാം ജില്ലതലത്തിലാണ്. സി.പി.എം ജില്ല സെക്രട്ടറിമാരുമായാണ് അനൗദ്യോഗിക ചർച്ചകൾ. ജോസഫ് പക്ഷത്തെ എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം സ്പീക്കർക്ക് കത്ത് നൽകിയതും ഇടതുമുന്നണി നിർദേശപ്രകാരമാണ്. അതിനിടെ ജോസ് പക്ഷത്തുനിന്ന് ഇടതുമുന്നണിയിലേക്ക് പോകാൻ വിമുഖതയുള്ളവരെ കണ്ടെത്തി സംരക്ഷണം നൽകാൻ യു.ഡി.എഫ് നീക്കം ശക്തമാക്കി. പ്രമുഖരടക്കം പലരെയും ഇവർ സമീപിക്കുന്നുണ്ട്. തേദ്ദശ തെരഞ്ഞെടുപ്പിൽ സീറ്റുവരെ ഇതിനായി വാഗ്ദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.