ഏറ്റുമാനൂര്‍: അമ്മഞ്ചേരി കാരിത്താസ് മേല്‍പാലം അപ്രോച് റോഡ് നിര്‍മാണത്തിന്റെ കരാര്തുകക്ക് മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം. 13.6 കോടിക്കുള്ള കരാറിനാണ് മന്ത്രിസഭ പച്ചക്കൊടി കാട്ടിയത്. ഇതോടെ സഞ്ചാരസ്വാതന്ത്യത്തിനായി നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് അവസാനിച്ചു.
അഞ്ചുവര്‍ഷം മുമ്പ് സ്ഥലമേറ്റെടുപ്പും രണ്ടുവര്‍ഷം മുമ്പ് മേല്‍പാലം നിര്‍മാണവും പൂര്‍ത്തിയാക്കിയിരുന്നു. മൂന്ന് വര്‍ഷമായി ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. അപ്രോച് റോഡ് നിർമാണത്തിനായി ആദ്യം വകയിരുത്തിയത് 9.66 കോടിയാണ്. ഈ തുകക്ക് ആരും ടെൻഡര്‍ എടുക്കാന്‍ തയാറാകാതെ വന്നതോടെയാണ് പണിനിലച്ചത്.
തുടര്‍ന്ന് മുണ്ടകപ്പാടം വികസന സമിതി നേതൃത്വത്തില്‍ മന്ത്രി വി.എന്‍. വാസവന് നിവേദനം നല്‍കുകയും മന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരം തുക 13.6 കോടിയായി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍, ഈ തുകക്ക് ഭരണാനുമതി ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ മുണ്ടകപ്പാട ജനകീയ സമിതി രൂപവത്കരിച്ച് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതോടെയാണ് പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ തീരുമാനമായത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം കരാര്‍തുക അംഗീകരിച്ചതോടെ കാരിത്താസില്‍ മേൽപാലത്തിന് ശാപമോക്ഷമാകുകയായിരുന്നു. ഊരാളുങ്കല്‍ നിര്‍മാണ കമ്പനിയാണ് ടെൻഡര്‍ എടുത്തിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്കിലൂടെയാണ് വിവരം പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.