ഏറ്റുമാനൂർ: കാർ വിൽപന നടത്താൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് അധ്യാപികയിൽ നിന്നും യൂസഡ് കാർ ഷോറൂം ഉടമയിൽ നിന്നും നാലരലക്ഷത്തോളം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി വാഴപ്പള്ളി പാറക്കുളത്തിൽ ജീമോൻ കുര്യനെയാണ് ഏറ്റുമാനൂർ എസ്.എച്ച്.ഒ സി.അർ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2021 സെപ്റ്റംബറിൽ ഏറ്റുമാനൂർ സ്വദേശിയായ അധ്യാപികയുടെ കാർ, യൂസഡ് കാർ ഷോറൂമിൽ വിൽപന നടത്താമെന്ന് പറഞ്ഞാണ് ജീമോൻ വാങ്ങിയത്. എഴ് ലക്ഷം രൂപയോളം സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പയെടുത്താണ് അധ്യാപിക കാർ വാങ്ങിയിരുന്നത്. ലോൺ തീർത്ത് ബാക്കി തുക നൽകാമെന്നായിരുന്നു വ്യവസ്ഥ.
ഈ കാർ ജോമോൻ കോഴിക്കോടുള്ള മെട്രോ യൂസഡ് കാർ ഉടമ ബിബീഷിന് 8,25,000 രൂപക്ക് വിറ്റു. ഇതിൽനിന്ന് ഒരുലക്ഷം രൂപ അധ്യാപികക്ക് നൽകി. ബാക്കി ഏഴുലക്ഷം രൂപ ലോൺ തിരിച്ചടക്കാനെന്നുപറഞ്ഞ് വാങ്ങി. എന്നാൽ, മൂന്നരലക്ഷം രൂപ മാത്രമാണ് അടച്ചത്. തുടർന്ന് ധനകാര്യ സ്ഥാപനത്തിൽനിന്ന് ആളെത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് നാലരലക്ഷത്തോളം രൂപ അടച്ച് ലോൺ ക്ലോസ് ചെയ്യുകയായിരുന്നു.
യൂസഡ് കാർ ഷോറൂം ഉടമയും അധ്യാപികയും നൽകിയ പരാതിയിലാണ് ജീമോനെ അറസ്റ്റ് ചെയതത്. പ്രതിയെ റിമാൻഡ് ചെയ്തു. ജീമോന്റെ ഭാര്യ അമ്പിളിയും കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.