ഏറ്റുമാനൂർ: സമീപഭാവിയിൽ 60 വയസ്സുകഴിഞ്ഞവരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നും ഇവയിൽ നല്ലൊരു പങ്ക് സ്ത്രീകളായിരിക്കുമെന്നും ഇവരുടെ ആരോഗ്യ, പരിചരണ കാര്യങ്ങളിൽ സവിശേഷ ശ്രദ്ധപതിപ്പിക്കണമെന്ന് വനിത-ശിശു സാമൂഹിക സുരക്ഷിത കോൺക്ലേവ്.
നവകേരള സദസ്സിന്റെ ഭാഗമായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിൽ ‘വിഹ്വലതകളിൽനിന്ന് വിഹായസ്സിലേക്ക്’ എന്ന പേരിൽ വനിത ശിശു സംരക്ഷണവും ഭിന്നശേഷിക്കാരുടെ പരിചരണവും ചർച്ച ചെയ്തുകൊണ്ടുള്ള കോൺക്ലേവ് സംഘടിപ്പിച്ചത്.
പ്രായമായവരുടെ പരിചരണത്തിന് ആരോഗ്യമായവരുടെ സേവനം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആലോചിക്കണം. മറവി രോഗത്തെ മറികടക്കാൻ ആരോഗ്യകരമായ ജീവിതരീതി ഫാഷൻ ആകണം.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ചെറുക്കാൻ ജാഗ്രത സമിതികൾ ശക്തമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ പ്രോജക്ടുകളിലൂടെ ഫണ്ട് നൽകണം. മാസത്തിൽ ഒരുതവണയെങ്കിലും സമിതികൾ ചേരണം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സ്ത്രീ ശാക്തീകരണകേന്ദ്രങ്ങളും മുതിർന്ന പൗരന്മാർക്കായി പകൽവീടുകളും ആരംഭിക്കണം. വനിത സഹകരണ സംഘങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും കോൺക്ലേവിൽ ചർച്ച നയിച്ച വിദഗ്ധർ അഭിപ്രായപ്പെട്ടു.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50 ശതമാനം പ്രാതിനിധ്യം ഉറപ്പായെങ്കിലും നിയമനിർമാണസഭകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം മതിയായ തോതിൽ ആയെങ്കിലേ സ്ത്രീശാക്തീകരണം സാധ്യമാകൂയെന്നും ചർച്ച ചൂണ്ടിക്കാട്ടി.
കലക്ടർ വി. വിഘ്നേശ്വരി കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ദിവസവും ഒരു മണിക്കൂറെങ്കിലും തങ്ങൾക്കുവേണ്ടി ചെലവഴിക്കാൻ സ്ത്രീകൾ ശ്രമിക്കണമെന്ന് അവർ പറഞ്ഞു.
അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ്, ശിശുക്ഷേമ സമിതി അംഗവും മുൻ വനിത പ്രൊട്ടക്ഷൻ ഓഫിസറുമായ അഡ്വ. പി.എൻ. ശ്രീദേവി, ന്യുട്രീഷനിസ്റ്റ് അഞ്ജലി ശശിക്കുട്ടൻ എന്നിവർ വിഷയാവതരണം നടത്തി. എം.ജി. സർവകലാശാല ടീച്ചേഴ്സ് എജുക്കേഷൻ വകുപ്പ് അസി. പ്രഫ. ആഷ മോഹനൻ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.