ഏറ്റുമാനൂര്‍: കിടപ്പാടമെന്ന സ്വപ്നം പൂര്‍ത്തീകരിക്കാനാകാതെ കണ്ണീര്‍ക്കയത്തിൽ അകപ്പെട്ട ഗോപിക്ക് കൈത്താങ്ങായി വാട്സ് ആപ് കൂട്ടായ്മ. പാതിവഴിയില്‍ മുടങ്ങിയ വീടുപണി പൂര്‍ത്തിയാക്കാന്‍ ഒറ്റ രാത്രികൊണ്ട് വാട്സ്ആപ് ഗ്രൂപ് യുവാക്കള്‍ പിരിച്ചെടുത്തത് 23,500 രൂപ. പേരൂര്‍ പായിക്കാട് കടവിനു സമീപം വലിയവീട്ടില്‍ ഗോപിക്ക് രോഗവും കുടുംബപ്രാരബ്ധങ്ങളും മൂലം നഗരസഭ ധനസഹായം അനുവദിച്ചിട്ടുപോലും വീടുപണി പൂര്‍ത്തിയാക്കാൻ കഴിഞ്ഞില്ല.
മരപ്പണിക്കാരനായ ഗോപി ഭാര്യയും മകനും കുടുംബവുമായി മീനച്ചിലാറിെൻറ തീരത്തെ കൂരയിലായിരുന്നു താമസിച്ചിരുന്നത്. വെള്ളപ്പൊക്കത്തില്‍ തകര്‍ച്ചയുടെ വക്കിലെത്തിയ കൂര പൊളിച്ചുപണിയുന്നതിന് ഏറ്റുമാനൂര്‍ നഗരസഭയില്‍നിന്ന് പണം അനുവദിച്ചത് ഈ കുടുംബത്തിന് ആശ്വാസമായെങ്കിലും സന്തോഷം ഏറെ നാള് നീണ്ടില്ല. വീടുപണിയാൻ, താമസിച്ചിരുന്ന കൂര പൊളിച്ച് ഇവര്‍ വാടകവീട്ടിലേക്ക് താമസം മാറി. പണി പുരോഗമിക്കവെ വാര്‍ക്കയുടെ മുകളില്‍നിന്ന് വീണ് മകെൻറ നട്ടെല്ല് ഒടിഞ്ഞു. വീട് പണിക്ക് നീക്കിവെച്ച പണം മുഴുവന്‍ മകെൻറ ചികിത്സക്ക് മുടക്കി.
മകന് പണിക്കുപോകാനും പറ്റാത്ത അവസ്ഥയായി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഗോപിയുടെ വരുമാനവും നിലച്ചു. ധര്‍മസങ്കടത്തിലായ ഗോപി പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞദിവസം ഒരു സുഹൃത്തിെൻറ പ്രേരണയാല്‍ തെൻറ പ്രശ്നങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. നാട്ടുകാരെൻറ കഷ്ടതകള്‍ 'പേരൂര്‍ ഫ്രണ്ട്സ്' വാട്സ് ആപ് ഗ്രൂപ്പില്‍ ചര്‍ച്ചയായി. 253 പേരുള്ള ഗ്രൂപ്പില്‍ ഒരാള്‍ 100 രൂപ വീതം സംഭാവന ചെയ്താല്‍ വാര്‍ക്ക തീരാനുള്ള തുക ലഭിക്കും എന്നായിരുന്നു കണക്കുകൂട്ടല്‍.
വെള്ളിയാഴ്ച രാത്രി 11ഓടെ ആദ്യസംഭാവന അക്കൗണ്ടില്‍ എത്തി. കുടുംബത്തിനുള്ള ചികിത്സസഹായം കൂടി എത്തിക്കാനുള്ള ശ്രമത്തിലാണ് അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.