കിഫ്ബി സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ഏറ്റുമാനൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനത്തോട്​ അനുബന്ധിച്ച് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നടന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു

ഏറ്റുമാനൂര്‍ ശുദ്ധജല വിതരണ പദ്ധതി: 49,852 പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കും

ഏറ്റുമാനൂര്‍: കിഫ്ബിയില്‍നിന്ന്​ 93.225 കോടി ചെലവഴിച്ച് നടപ്പാക്കുന്ന ഏറ്റുമാനൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. 49,852 പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പരിശ്രമിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

ജല അതോറിറ്റി ടെക്‌നിക്കല്‍ മെംബര്‍ ജി. ശ്രീകുമാര്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി മുഖ്യാതിഥിയായിരുന്നു. ശിലാഫലകത്തി​െൻറ അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ബിജു കൂമ്പിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സജി തടത്തില്‍, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ്​​ ലിസി ടോമി, ജില്ല പഞ്ചായത്ത്​ അംഗം മഹേഷ് ചന്ദ്രന്‍, ജല അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.എസ്. പ്രദീപ്, പി.എച്ച് ഡിവിഷന്‍ സൂപ്രണ്ടിങ്​ എന്‍ജിനീയര്‍ സി. സജീവ്, അസിസ്​റ്റൻറ്​ എക്‌സിക്യൂട്ടിവ് എന്‍ജീനീയര്‍ ജിബോയ് ജോസ്, അസിസ്​റ്റൻറ്​ എന്‍ജിനീയര്‍ രാധാമണി തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പരിധിയിലുള്ളവർക്ക്​ പ്രതിദിനം 150 ലിറ്റര്‍ ശുദ്ധജലവും അതിരമ്പുഴ പഞ്ചായത്തിലെ നാലാം വാര്‍ഡിലുള്ള എല്ലാവര്‍ക്കും മൂന്ന്, അഞ്ച്, ആറ്, 12 വാര്‍ഡുകളിലെ പദ്ധതിയില്‍ ഉള്‍പ്പെട്ട മേഖലകളിലുള്ളവര്‍ക്കും പ്രതിദിനം 100 ലിറ്റര്‍ വീതവും പദ്ധതിയിലൂടെ ലഭ്യമാകും.

മീനച്ചിലാറ്റിലെ വെള്ളമാണ് ശുദ്ധീകരിച്ച് 8675 വാട്ടര്‍ കണക്​ഷനുകള്‍ മുഖേന മേഖലയില്‍ വിതരണം നടത്തുക. പൂവത്തുംമൂട്ടിലെ ഒമ്പത് മീറ്റര്‍ വ്യാസമുള്ള കിണര്‍ ഇതിനായി ഉപയോഗിക്കും. നേതാജി നഗറില്‍ ശുദ്ധീകരണശാലയും രണ്ട് ജലസംഭരണികളും കച്ചേരികുന്ന്, കട്ടച്ചിറ എന്നിവിടങ്ങളില്‍ ഓരോ സംഭരണികള്‍ വീതവും സ്ഥാപിക്കും.

നാല് പാക്കേജുകളിലായി നടപ്പാക്കുന്ന പദ്ധതി 2022 ആഗസ്​റ്റില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ 27.5 കി.മീ. ദൈര്‍ഘ്യത്തിലുള്ള വിതരണശൃംഖല ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കും. ജലശുദ്ധീകരണശാലക്കുവേണ്ടി 107 സെൻറ്​ സ്ഥലം ഏറ്റെടുക്കുന്നതിനും കച്ചേരിക്കടവിലെ സംഭരണിക്കുവേണ്ട ഭൂമി ലഭ്യമാക്കുന്നതിനും നടപടി പുരോഗമിക്കുകയാണ്.

Tags:    
News Summary - Ettumanoor Fresh Water Supply Scheme: 49,852 people will be provided drinking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.