ഏറ്റുമാനൂർ: ആംബുലൻസും കാറുകളും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. പരിക്കേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപം സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. കാർ ഡ്രൈവറായ കോതമംഗലം പൂയംകുട്ടി സ്വദേശി അനീഷ് (35), യാത്രക്കാരായ പൂയംകുട്ടി അമ്പനാട്ട് സന്തോഷ് (47), സന്തോഷിന്റെ ഭാര്യ ബിന്ദു (44), പൂയംകുട്ടി കാക്കനാട്ട് മനോജ് (49) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ബിന്ദുവിന്റെ പരിക്ക് ഗുരുതരമാണ്.
തിരുവനന്തപുരം കാട്ടാക്കടയിൽനിന്ന് പൂയംകുട്ടിയിലേക്ക് പോകും വഴിയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽനിന്നും പാമ്പുകടിയേറ്റ അന്തർസംസ്ഥാന തൊഴിലാളിയെയുംകൊണ്ട് കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്ന 108 ആംബുലൻസാണ് അപകടത്തിൽപെട്ടത്. കോട്ടയം ഭാഗത്തുനിന്നുവന്ന മാരുതി കാർ ആംബുലൻസിൽ വന്നിടിക്കുകയായിരുന്നു. കാർ എതിരെ വരുന്നത് കണ്ട് നിർത്തിയ
ആംബുലൻസിന്റെ പിന്നിൽ മറ്റൊരു കാറും വന്നിടിച്ചു. ആംബുലൻസിന്റെ മുന്നിലിടിച്ച കാറിൽ സഞ്ചരിച്ചിരുന്നവരാണ് പരിക്കേറ്റ നാലുപേരും.
ഇടിയുടെ ആഘാതത്തിൽ ആംബുലൻസിനും മുൻഭാഗത്ത് ഇടിച്ച കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടം നടന്ന ഉടൻ സ്ഥലത്തെത്തിയ മറ്റൊരു 108 ആംബുലൻസിൽ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.