ഏറ്റുമാനൂര്‍: നഗരസഭ നികുതിയിനത്തില്‍ വന്‍ കൊള്ള നടത്തുന്നു എന്ന് ആരോപിച്ച് വ്യാപാരികള്‍ നല്കിയ ഹരജിയില്‍ സെക്രട്ടറിയെ ഹൈകോടതി വിളിച്ച് ശാസിച്ചു.
ഏറ്റുമാനൂര്‍ 101 കവലയില്‍ വ്യാപാരം നടത്തുന്ന രജിമോന് പ്രോതാസീസ് നല്കിയ ഹരജിയിൽ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടും ഹാജരായില്ല. തുടര്‍ന്ന്, ജില്ല പൊലീസ് മേധാവിയെക്കൊണ്ട് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ സ്റ്റാന്‍ഡിങ് കോണ്‍സലിനോട് കോടതി ആവശ്യപ്പെട്ടു.
ഇതറിഞ്ഞ സെക്രട്ടറി കോടതിയില്‍ ഹാജരാകുകയായിരുന്നു. കോടതി നോട്ടീസ് നൽകിയ കാര്യം താന്‍ അറിഞ്ഞില്ലെന്ന സെക്രട്ടറിയുടെ വാദം കോടതി മുഖവിലയ്ക്ക് എടുത്തില്ല. വെള്ളിയാഴ്ച സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. വാദിക്കുവേണ്ടി അഡ്വ. വി. രാജേന്ദ്രൻ ഹാജരായി.
കഴിഞ്ഞവര്‍ഷം വരെ കൃത്യമായി നികുതി അടച്ചിരുന്ന വ്യാപാരികള്‍ ലൈസന്‍സ് പുതുക്കാൻ നഗരസഭയില്‍ എത്തിയപ്പോഴാണ് ഓരോരുത്തരുടെയും പേരില്‍ വന്‍തുക കുടിശ്ശികയായി നഗരസഭയുടെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയത് കണ്ടെത്തിയത്. ഇത് ചോദ്യം ചെയ്ത് വ്യാപാരികള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഏറ്റുമാനൂര്‍ നഗരസഭയായ വര്‍ഷം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സഞ്ചയിക വെബ്സൈറ്റില്‍ ഇഷ്ടപ്രകാരം നികുതി അടിച്ചുചേര്ക്കുകയായിരുന്നു.
വന്‍തുക അടക്കാന്‍ ആവശ്യപ്പെട്ടവരെല്ലാം തന്നെ മുന്‍കാലങ്ങളില്‍ കൃത്യമായി നികുതി അടച്ചവരായിരുന്നു. കുടിശ്ശിക അടക്കാതെ ലൈസന്‍സ് നല്‍കില്ലെന്ന് നഗരസഭ പറഞ്ഞു. ഇതോടെ ഒട്ടേറെ പേര്‍ക്ക് ലൈസന്‍സ് പുതുക്കാനാകാതെ വന്നു. തുടർന്നാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.