ഏറ്റുമാനൂർ: തെരുവുനായ് പേവിഷ പ്രതിരോധത്തിനായി നടപ്പാക്കുന്ന തീവ്ര വാക്സിനേഷൻ യജ്ഞത്തിന് സമൂഹത്തിന്റെ എല്ലാ മേഖലയിൽനിന്നുമുള്ള പിന്തുണ ഉറപ്പാക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ. വാക്സിനേഷൻ യജ്ഞത്തിന്റെ ജില്ലതല ഉദ്ഘാടനം നീണ്ടൂർ കൈപ്പുഴ സെന്റ് ജോർജസ് വൊക്കേഷനൽ ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സ്വകാര്യ- പൊതു സ്ഥാപനങ്ങളുടെ പിന്തുണയിലൂടെ മാത്രമേ കാമ്പയിൻ വിജയിപ്പിക്കാനാകൂ. വന്ധീകരണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന എ.ബി.സി പദ്ധതി കൊണ്ടുമാത്രം പ്രതിരോധം പൂർണമാകില്ലെന്ന തിരിച്ചറിവിലാണ് തീവ്ര വാക്സിനേഷൻ ആരംഭിക്കുന്നത്.
ടീം സ്ക്വഡ്, ഡോക് ക്യാച്ചേഴ്സ് എന്നിവരടങ്ങുന്ന സംഘമാണ് വാക്സിനേഷൻ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ജില്ലതല മൃഗക്ഷേമ അവാർഡ് വിതരണം, തെരുവുനായ് നിയന്ത്രണപദ്ധതിയുടെ ഡോക്യുമെന്ററി പ്രകാശനം, പരിശീലനം നൽകിയ തെരുവുനായ്ക്കളെ ദത്ത് നൽകൽ, പക്ഷിപ്പനി പ്രതിരോധത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച നീണ്ടൂർ പഞ്ചായത്തിനുള്ള അംഗീകാരം, ഡോക്യുമെന്ററി തയാറാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, മൃഗക്ഷേമ പ്രവർത്തനങ്ങൾക്ക് ആദരം നൽകൽ എന്നിവയോടൊപ്പം തെരുവുനായ്ക്കളെ സംരക്ഷിച്ച് അവക്ക് പ്രത്യേക പരിശീലനം നൽകുന്ന വൈക്കം ഉണ്ണിയെയും ആദരിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷതവഹിച്ചു. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. എൻ. ജയദേവൻ, കലക്ടർ വി. വിഗ്നേശ്വരി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.