ഏറ്റുമാനൂര്‍: ആധുനികരീതിയില്‍ നവീകരിച്ച മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് റോഡ് കുരുതിക്കളമാകുന്നു. അപകടങ്ങള്‍ നിത്യസംഭവമായ റോഡില്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ പത്തിലധികം ജീവനുകൾ പൊലിഞ്ഞു. ഇതില്‍ എട്ടെണ്ണവും ഏറ്റുമാനൂര്‍ നഗരസഭ അതിര്‍ത്തിയില്‍ പൂവത്തുംമൂടിനും പാറകണ്ടത്തിനും ഇടയിലാണ്. മൂന്നുപേര്‍ മരിച്ചത് കണ്ടംചിറ കവലക്ക് സമീപവും. മൂന്നുപേരുടെ മരണം ചെറുവാണ്ടൂര്‍ വായനശാല ജങ്ഷന് സമീപവുമായിരുന്നു. ഏറ്റുമാനൂരില്‍ പഴയ പേരൂര്‍ റോഡാണ് ബൈപാസായത്.
റോഡ് നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തശേഷം ഈ മേഖലയില്‍ അന്ത്യം സംഭവിച്ച ഏഴാമത്തെ ആളാണ് കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയ എൻജിനീയറിങ് വിദ്യാര്‍ഥി ആദില്‍ കെ. ബിജു. സുഹൃത്തിെൻറ ബൈക്കില്‍ പിന്നിലിരുന്ന് സഞ്ചരിക്കവെ ടാങ്കര്‍ലോറി ഇടിച്ചായിരുന്നു അപകടം.
2019 മാര്‍ച്ച് നാലിന് പേരൂര്‍ കണ്ടഞ്ചിറ കവലക്ക് സമീപം അമിതവേഗത്തില്‍ എത്തിയ കാറിടിച്ച് ജീവന് പൊലിഞ്ഞത് വഴിയാത്രക്കാരായ അമ്മയുടെയും രണ്ട് മക്കളുേടതുമായിരുന്നു. കാവുംപാടം കോളനിവാസികളായിരുന്ന ലെജി (45), അന്നു (20), നൈനു (17) എന്നിവരാണ് മരിച്ചത്.
2020 ഫെബ്രുവരി എട്ടിന് ബൈപാസായി മാറിയ പഴയ പേരൂര്‍ റോഡില്‍ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികൻ കിടങ്ങൂര്‍ സ്വദേശി സജികുമാര്‍ (46) മരിച്ചു.
2019 ഒക്ടോബര്‍ 20ന് ചെറുവാണ്ടൂര്‍ വായനശാല ജങ്ഷനുസമീപം പെട്ടി ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ തിരുവഞ്ചൂര്‍ സ്വദേശി കെ.എസ്. അനന്തു (18) മരിച്ചു. ഈ അപകടം നടന്ന സ്ഥലത്തിന് എതാനും മീറ്ററുകള്‍ മാത്രം മാറിയാണ് കഴിഞ്ഞ ഫെബ്രുവരി 14ന് ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ ജോയിയുടെ ഭാര്യ സാലിയുടെ (46) ജീവനെടുത്ത അപകടവും നടന്നത്. ചെറുവാണ്ടൂര്‍ പള്ളികവലയില്‍ മകളോടൊപ്പം റോഡ് മുറിച്ചുകടക്കവെ പേരൂര്‍ ഭാഗത്തുനിന്ന് വന്ന മാരുതി ആള്‍ട്ടോ കാര്‍ സാലിയെയും ആറ് വയസ്സുള്ള ദത്തുപുത്രി ജുവലിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ഒരാഴ്ചമുമ്പ് മാത്രം ദത്തെടുത്ത കുട്ടിയെ ബന്ധുവിനെ കാണിക്കാൻ കൊണ്ടുപോയ ശേഷം മടങ്ങുകയായിരുന്നു സാലി.
ഇതിനൊക്കെപുറമെ മരണമില്ലാത്ത അപകടങ്ങളുടെ പരമ്പരതന്നെയാണ് ഈ പ്രദേശത്ത് ദിനംപ്രതിയുണ്ടാവുന്നത്. ജീവന്‍പോകാതെ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടുമാത്രം. പഴയ പേരൂര്‍-സംക്രാന്തി റോഡും പുതിയ ബൈപാസും സംഗമിക്കുന്ന നാലുംകൂടിയ പൂവത്തുംമൂട് കവലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്.
വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനിടെ റോഡ് ൈകയേറ്റവും പ്രധാന പ്രശ്നമാകുന്നുണ്ട്. നഗരസഭയുടെ നേതൃത്വത്തില്‍ അനധികൃത ദിശബോര്ഡുകളും ൈകയേറ്റങ്ങളും എടുത്തുമാറ്റാന്‍ തീരുമാനമുണ്ടെങ്കിലും പൂര്‍ണമായും പ്രാവര്‍ത്തികമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.