ഏറ്റുമാനൂർ: പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അതിരമ്പുഴ ജങ്ഷൻ നവീകരണം യാഥാർഥ്യമാകുന്നു. വളവുകൾ നിവർത്തി വീതികൂട്ടിയ റോഡിന്റെ ടാറിങ്ങിന് ടെൻഡറായി. ബി.എം ആൻഡ് ബി.സി ടാറിങ്, അരികുചാലുകൾ ബസ് ബേ നടപ്പാത, സുരക്ഷാക്രമീകരണം എന്നിവ ഉൾപ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
അടുത്തയാഴ്ച അവസാനത്തോടെ ടെൻഡർ പൂർത്തിയാക്കി സമയബന്ധിതമായി നിർമാണം ആരംഭിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
16 മീറ്റർ വീതിയിലാണ് പുതിയ ജങ്ഷൻ. 86 ഉടമകളിൽനിന്നായി 35 സെന്റ് സ്ഥലം ഏറ്റെടുത്താണ് അതിരമ്പുഴ ടൗണിന്റെ വികസനം പൂർത്തിയാക്കുന്നത്. നിലവിൽ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. സ്ഥലവില കൂടിയതിനെ തുടർന്ന് മന്ത്രി വി.എൻ. വാസവൻ ഇടപെട്ട് കൂടുതൽ തുക അനുവദിച്ചതോടെ കാലങ്ങളായി സ്വപ്നമായി കിടന്ന വികസന നടപടികൾ തടസ്സമില്ലാതെ മുന്നോട്ട് നീങ്ങുകയായിരുന്നു.
മന്ത്രി വി.എൻ. വാസവൻ സ്ഥലം ഉടമകളും അധികൃതരുമായി നടത്തിയ മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് സ്ഥലം ഏറ്റെടുപ്പ് നടപടികൾ ആരംഭിച്ചത്. ടൗൺ വികസനത്തിൽ സ്ഥലം ഏറ്റെടുപ്പ് ആയിരുന്നു കീറാമുട്ടിയായത്. റവന്യൂ വകുപ്പാണ് സ്ഥലം ഏറ്റെടുത്തു പി.ഡബ്ല്യു.ഡിക്ക് കൈമാറിയത്. റോഡ് നിർമാണത്തിന് ആവശ്യമായ മുഴുവൻ ഭൂമിയും ഇപ്പോൾ ഏറ്റെടുത്തു.
പ്രധാനപ്പെട്ട മൂന്ന് റോഡുകളായ ഏറ്റുമാനൂർ-അതിരമ്പുഴ, അതിരമ്പുഴ-മാന്നാനം -അടിച്ചിറ, അതിരമ്പുഴ- ലിസ്യൂ-കൈപ്പുഴ റോഡുകളുടെ സംഗമസ്ഥാനമായ ഈ ജങ്ഷന്റെ വികസനം പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ടൗൺ വികസനത്തിന് എട്ടുകോടി 81 ലക്ഷം രൂപയാണ് വകയിരുത്തിയത്. അതിൽ 7.06 കോടിയാണ് സ്ഥലം ഏറ്റെടുക്കുന്നതിനായി ഇതുവരെയായത്.
അതിരമ്പുഴയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മാർക്കറ്റ് ജങ്ഷനിലെ കൊടുംവളവ് ആയിരുന്നു അതിരമ്പുഴയുടെ ശാപം.
ഏറ്റുമാനൂർ ഭാഗത്തുനിന്ന് മെഡിക്കൽ കോളജ്, കുട്ടികളുടെ ആശുപത്രി, എം.ജി സർവകലാശാല എന്നിവിടങ്ങളിലേക്കും തിരിച്ചും പോകാനുള്ള എളുപ്പവഴിയാണ് അതിരമ്പുഴ റൂട്ട്. എന്നാൽ, റോഡിന്റെ വീതിക്കുറവ് മൂലം വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ രൂപപ്പെട്ടിരുന്നത്.
ഭാരവാഹനങ്ങൾ കുടുങ്ങിയാൽ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളും. കൊടുംവളവിൽ എതിർവശം കാണാൻ കഴിയാത്തത് അപകടങ്ങൾക്കും കാരണമായിരുന്നു. അതിനെല്ലാമാണ് പരിഹാരമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.