ഏറ്റുമാനൂര്‍: ബൈപാസ് തുറന്നു, മണ്ഡലകാലം വന്നുപോയി, നവകേരള സദസ്സ് കഴിഞ്ഞു എന്നിട്ടും പട്ടിത്താനം കവലയിലെ സിഗ്നൽ ലൈറ്റും ട്രാഫിക് സംവിധാനത്തിനും പരിഹാരമായിട്ടില്ല. പട്ടിത്താനം-മണര്‍കാട് ബൈപാസില്‍ പട്ടിത്താനം റൗണ്ടാനയില്‍ സിഗ്നൽ ലൈറ്റും ട്രാഫിക് സംവിധാനവുമില്ലാതെ അപകടങ്ങള്‍ പെരുകുകയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് റൗണ്ടാനക്കടുത്ത് കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റുകള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്കേറ്റത്. പട്ടിത്താനം രത്നഗിരി പള്ളിക്ക് സമീപമുള്ള അപകട വളവിലായിരുന്നു കൂട്ടയിടി നടന്നത്. എറണാകുളം ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങള്‍ക്ക് കുറവിലങ്ങാട് റൂട്ടിലേക്ക് പോകാനുള്ള വഴി തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യമാണ്. മൂന്ന് റോഡുകള്‍ സംഗമിക്കുന്ന റൗണ്ടാനയില്‍ ട്രാഫിക് സംവിധാമില്ലാതെ വാഹനങ്ങള്‍ തോന്നുംപടിയാണ് പായുന്നത്.
രാത്രിയാണ് അപകടങ്ങള്‍ ഏറെയും. സിഗ്നൽ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും പ്രവര്‍ത്തിക്കുന്നില്ല. പട്ടിത്താനം-മണര്‍കാട് ബൈപാസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ ട്രാഫിക് സംവിധാനം വരുമെന്നു പറഞ്ഞിരുന്നെങ്കിലും ഒരുവര്‍ഷമായിട്ടും നടപടിയായില്ല.
റൗണ്ടാനക്ക് അടുത്ത് പാര്‍ക്കിങ് സൗകര്യമില്ലാത്തത് മറ്റൊരു തലവേദനയാണ്. വലിയ ചരക്കുവാഹനങ്ങള്‍ രാത്രിയില്‍ റൗണ്ടാനയുടെ വശങ്ങളില് പാര്‍ക്ക് ചെയ്യുന്നതിനാൽ വാഹനങ്ങള്‍ക്ക് ദിശ തിരിച്ചറിയാന്‍ സാധിക്കാറില്ല. ബൈപാസ് നിര്‍മാണഘട്ടത്തില്‍തന്നെ ഇവിടെ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയായിട്ടില്ല. അപകടങ്ങള്‍ പെരുകുമ്പോഴെങ്കിലും ട്രാഫിക് സംവിധാനവും സിഗ്നല്‍ലൈറ്റും സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.