ഏറ്റുമാനൂര്‍: ഗ്രാമീണ തനിമ വിളിച്ചോതുന്ന മനോഹരമായ റോഡ്. റോഡിന് ഇരുവശത്തുമായി നോക്കത്താദൂരത്തോളംപാടശേഖരം. പടര്‍ന്നു പന്തലിച്ച തണല്‍ മരങ്ങള്‍... നീണ്ടൂരിലെ പുഞ്ചവയല്കാറ്റിനെക്കുറിച്ച് പറഞ്ഞാല്‍ അവസാനിക്കില്ല. ഈ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ എത്ര തിരക്കായാലും പുഞ്ചവയലെത്തിയാല് വാഹനം ഒതുക്കും.
പാടശേഖരങ്ങളെ തഴുകിയെത്തുന്ന നിലയ്ക്കാത്ത കാറ്റാണ് പുഞ്ചവയലിന്റെ പ്രത്യേകത. നീണ്ട കാത്തിരിപ്പിനുശേഷം പുഞ്ചവയല്‍ കാറ്റിനെ സംരക്ഷിക്കാനും ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാനുമുള്ള നടപടി ആരംഭിച്ചിരിക്കുകയാണ്. ഇതിനായി 3.42 കോടിയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയാറാക്കി. പദ്ധതി 2024-25 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ നല്കുന്ന ഉറപ്പ്.
പദ്ധതി യാഥാര്‍ഥ്യമായാല്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദങ്ങളിലൊന്നായി പുഞ്ചവയല്‍ക്കാറ്റ് മാറും. നീണ്ടൂരിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ കൈപ്പുഴക്കാറ്റുമായി ബന്ധിപ്പിച്ചാല്‍ വിനോദസഞ്ചാര മേഖലയിലെ അനന്തസാധ്യതകളിലേക്ക് നീണ്ടൂര്‍ ഗ്രാമവും മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തോമസ് കോട്ടൂരാണ് പുഞ്ചവയല്ക്കാറ്റിനു പിന്നില്‍. ഒരു കാലത്ത് മാലിന്യംമൂലം മൂക്ക് പൊത്താതെ ഇതുവഴി കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇതിനു പരിഹാരമായാണ് തോമസ് കോട്ടൂര്‍ ഈ ആശയം മുന്നോട്ട് വെച്ചത്. പൂന്തോട്ടം നിര്‍മിച്ചും തണല്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചും പ്രദേശം മനോഹരമാക്കി. ഇരിപ്പിടങ്ങള്‍ കൂടി നിര്‍മിച്ചതോടെ സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി മാറി.
പുഞ്ചവയല്ക്കാറ്റില് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ബ്ലോക്ക്, ജില്ല, ഗ്രാമ പഞ്ചായത്തുകളും രംഗത്തെത്തിയിട്ടണ്ട്. ടേക് എ ബ്രേക്ക് പദ്ധതി, കഫേ ഷോപ്പ്, ഐസ് ക്രീം പാര്‍ലര്‍ തുടങ്ങിയവ നിര്‍മിക്കും. വയോജന പാര്‍ക്ക്, ഉള്‍നാടന്‍ ജല ഗതാഗതം ആസ്വദിക്കാന്‍ കൂടുതല്‍ ശിക്കാരി വള്ളങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയവയാണ് ആലോചനയില്‍ ഉള്ളതെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് കോട്ടൂര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.