ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍-പുതുപ്പള്ളി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുന്നത്തുറ കമ്പനിക്കടവ് പാലം അപകടാവസ്ഥയില്‍. രണ്ട് നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന വീതികുറഞ്ഞ ഈ പാലം ബലക്ഷയത്തെതുടർന്ന് തകരാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പാലത്തിന്‍റെ ഒരുഭാഗം ഏറ്റുമാനൂര്‍ നഗരസഭയിലും എതിർവശം അയര്‍കുന്നം പഞ്ചായത്തിലാണ്. പാലത്തിന്‍റെ ബലക്ഷയം ചൂണ്ടിക്കാട്ടിയുള്ള നാട്ടുകാരുടെ പരാതിയിൽ മോന്‍സ് ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് പാലം നിര്‍മിക്കാൻ എട്ടുകോടി അനുവദിച്ചിരുന്നു.
തുടർന്ന് എസ്റ്റിമേറ്റ് തയാറാക്കി അപ്രോച്ച് റോഡ് നിര്‍മാണത്തിനുള്ള സ്ഥലം ഏറ്റെട്ടുത്തു. എന്നാൽ, പാലം നിർമാണം ആരംഭിച്ചില്ല. ഇതോടെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് സമരങ്ങള്‍ നടത്തിയെങ്കിലും പാലം പണിമാത്രം തുടങ്ങിയില്ല.
നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് മന്ത്രി വി.എന്‍. വാസവന്‍റെ ഇടപെടലിൽ പൊതുമരാമത്ത് വകുപ്പ് 13 കോടിയുടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കി ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചു.
എന്നാൽ, വീണ്ടും തടസ്സങ്ങളെത്തി. പഴയപാലം പൊളിച്ചുനീക്കുന്നതിനുള്ള നടപടി തുടങ്ങാത്തതാണ് തിരിച്ചടിയായത്. പാലം പൊളിക്കാനുള്ള തുക എസ്റ്റിമേറ്റില്‍ കുറവായതിനാല്‍ ഇത് ആരും ഏറ്റെടുത്തിട്ടില്ല. ഈ തുക ഉയര്‍ത്താനുള്ള നടപടി നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
1988ൽ ടി.കെ. ഹംസ മന്ത്രിയായിരുന്നപ്പോൾ തുറന്നുകൊടുത്ത ഈ പഴയ പാലം കാലപ്പഴക്കത്താൽ തകർന്ന നിലയിലാണ്. പാലത്തിന്റ കൈവരികൾ പലസ്ഥലങ്ങളിലും തകർന്നനിലയിലാണ്. 2018ലെ മഹാപ്രളയത്തിനുശേഷം തൂണുകൾക്കും ബലക്ഷയം സംഭവിച്ചു. പാലത്തിൽ വാഹനം കയറുമ്പോഴുള്ള കുലുക്കം പ്രളയത്തിനുശേഷം കൂടിയിട്ടുണ്ട്.
ഇടുങ്ങിയ പാലത്തിലൂടെ ഭാരവണ്ടികൾ പോകുന്നതിന് വിലക്കുണ്ടെങ്കിലും സമയവും ദൂരവും ലാഭിക്കുന്നതിനായി ഡ്രൈവർമാർ ഈ വഴിയാണ് ഉപയോഗിക്കാറുള്ളത്. വീതിക്കുറവ് മൂലം വാഹനങ്ങൾ ഏറെ പണിപ്പെട്ടാണ് പാലത്തിലേക്ക് കയറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.