ഏറ്റുമാനൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. പേരൂർ കവലയിലെ ഒരു ഹോട്ടലില്‍നിന്നും തവളക്കുഴി, പട്ടിത്താനം മേഖലയിലെ അഞ്ച് ഹോട്ടലുകളില്‍നിന്നും ക്ഷേത്രപരിസരത്ത് എം.സി റോഡിലെ രണ്ട് ഹോട്ടലില്‍നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഈ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി.
പിഴയീടാക്കുമെന്ന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആറ്റ്ലി പി. ജോണ്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ആറിനാണ് പരിശോധന ആരംഭിച്ചത്. എം.സി റോഡരികില്‍ സെന്‍ട്രല്‍ ജങ്ഷന് മുതല്‍ പട്ടിത്താനം വരെയായിരുന്നു പരിശോധന. ദിവസങ്ങളോളം പഴകിയ അച്ചാറുകള്‍, അവിയല്‍, തോരന്‍ തുടങ്ങിയ കറികള്‍, ചോറ്, പൊറോട്ട, ചപ്പാത്തി, ബീഫ്, ചിക്കന്‍, മീന്‍ ഇവയെല്ലാം പിടിച്ചെടുത്തവയില്‍പെടുന്നു.
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര പരിസരത്തെ ഹോട്ടലുകളിൽനിന്ന് പഴകി ഭക്ഷണം പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ ഒരു ഹോട്ടലില്‍നിന്ന് പൂപ്പല്‍ പിടിച്ച അച്ചാര്‍ ഉള്‍പ്പെടെയുള്ള ഭക്ഷണമാണ് പിടിച്ചെടുത്തത്. ശബരിമല സീസണ് ആരംഭിച്ചതിനെ തുടര്‍ന്ന് ഒട്ടേറെ തീർഥാടകരാണ് ഈ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നത്. ശുചിത്വപാലനത്തില്‍ നഗരത്തിലെ മിക്ക ഹോട്ടലുകളും വീഴ്ചവരുത്തിയിട്ടുണ്ടെന്നും കണ്ടെത്തി.
മാലിന്യസംസ്കരണത്തിന് പ്രത്യേകം പ്ലാൻറുകള്‍ വേണമെന്നിരിക്കെ ഭൂരിഭാഗം സ്ഥാപനങ്ങളും ഓടകളിലേക്കാണ് മലിനജലം ഒഴുക്കുന്നത്. ഇവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.ആര്. രാജേഷ്, കെ.കെ. വിജിത, പി.പി. രജിത, നഗരസഭ ജീവനക്കാരായ ഹരീഷ് കുമാര്‍, പ്രേംകുമാര്‍, ജോമോന്, റോബിന് കുര്യാക്കോസ് തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.