മുണ്ടക്കയം ഈസ്റ്റ്: പ്രായം ഇവർക്ക് പ്രശ്നമല്ല. ബോറഡി മാറ്റാൻ ഇവർ തൊഴിലിൽ ഏർപ്പെടുമ്പോൾ ഒരു നാട് തന്നെ സന്തോഷത്തിലാവുകയാണ്. എഴുപത്തിരണ്ട് വയസ്സുള്ള അമ്മിണിയമ്മയും, അറുപത്തിനാല് കടന്ന മേരിക്കുട്ടിയമ്മയും നൂലിഴ തിരിച്ചുകൊണ്ട് ഒരു പോലെ പറയുന്നത് ഇങ്ങനെ: 'ഈ വയസ്സാംകാലത്ത് ചിന്തകളും ആകുലതകളും മാറ്റാൻ ഞങ്ങൾക്ക് ഇതൊരു വഴിത്തിരിവായി'.
'നന്മ തിരി' എന്ന പേരിൽ പെരുവന്താനം പഞ്ചായത്തിലെ പാലൂർക്കാവ് ഗ്രാമത്തിൽ പഞ്ചായത്ത്അംഗം ഷീബയുടെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയെപ്പറ്റിയാണ് നാടിന്റെ സംസാരം. നൂലുകളുടെ ഒരുകൂട്ടം കൈയിൽ കിട്ടിയാൽ പാലൂർക്കാവ് ഗ്രാമത്തിലെ അമ്മമാർ തങ്ങളുടെ ഒഴിവുസമയത്ത് അത് തിരിച്ച് വിളക്ക് തിരിയായി മാറ്റും. തിരി വിറ്റ് ലഭിക്കുന്ന ചെറിയ വരുമാനം മാത്രമല്ല, മാനസിക ശാരീരിക അവസ്ഥകളിൽ പദ്ധതി മാറ്റം വരുത്താൻ പോകുന്നു എന്നതാണ് ഏറെ കൗതുകം.
എൺപത്തിയഞ്ചുകാരിയായ ഏലിക്കുട്ടിയമ്മ മുതൽ അറുപത് കടന്ന പത്തോളം അമ്മമാരെ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചത്. വലിയ നൂലുകൾ പിരിച്ച് ചെറിയ തിരിയാക്കി 12 വീതമുള്ള കെട്ടുകളാക്കും. ഇവ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വിൽക്കാനാണ് പദ്ധതി.
കിട്ടുന്ന ലാഭവിഹിതം അമ്മമാരുടെ കൈകളിൽ തന്നെ എത്തും. ഒപ്പം കൈയിൽ നൂൽ അടക്കിപ്പിടിച്ച് തിരിക്കുന്ന രീതിയിലുള്ള ജോലി കൈകളുടെ മസാജ് വഴി ഒരു വ്യായാമവും ആകും. തമിഴ്നാട്ടിൽനിന്ന് തിരി നിർമിക്കാനായി വസ്തുക്കൾ പഞ്ചായത്തംഗം വീടുകളിൽ എത്തിച്ചുനൽകും. പാലൂർക്കാവ് വാർഡിൽ ഇനിയും ആളുകൾ ഓരോ സംഘങ്ങളായി തിരി നിർമാണത്തിൽ ഏർപ്പെടാൻ തയാറെടുക്കുകയാണ്.
നൽകിയ നൂലുകളെല്ലാം തിരിയായി തിരികെയെത്തി കഴിഞ്ഞു. ഇനി ഇത് പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കണം. എന്നിട്ടാവാം വിൽപന. പാക്കിങ് മെഷീൻ വാങ്ങണം. മെഷീൻ അമർത്താൻ അമ്മമാരെ കൊണ്ടാവില്ല. അതിനും പരിഹാരം തേടുകയാണിവർ.
എന്തായാലും പദ്ധതി ചെറുപ്പക്കാർക്ക് കൈമാറാൻ ഉദ്ദേശ്യമില്ലെന്ന് പഞ്ചായത്തംഗം ഷീബ പറഞ്ഞു. 60 കഴിഞ്ഞ അമ്മമാരെ കൂടുതലായി വ്യാപാരം - വ്യായാമ പ്രോഗ്രാമിലേക്ക് ക്ഷണിച്ച് പദ്ധതി വിപുലമാക്കുമെന്ന് പഞ്ചായത്തംഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.