ഏറ്റുമാനൂര്‍: ഡിവൈഡറില്‍ ഇടിച്ച് അപകടത്തില്‍പെട്ട കാറില്‍നിന്ന് ബോധരഹിതനായ തന്നെയും കുടുംബത്തേയും രക്ഷിച്ച പൊലീസിന് മധുരവുമായി ഐ.എസ്.ആര്‍.ഓയിലെ മുന്‍ എഞ്ചിനീയറും മകളും സ്റ്റേഷനിലെത്തി. ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലാണ് തന്നെ രക്ഷിച്ച ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിച്ച് ഐ.എസ്.ആര്‍.ഓയിലെ എഞ്ചിനീയർ ആയിരുന്ന തോമസും മകളും എത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഏറ്റുമാനൂര്‍ ടൗണില്‍ ആയിരുന്നു അപകടം. ഷുഗർ ലെവൽ താഴ്ന്നു ബോധരഹിതനായതിനെതുടര്‍ന്ന് തോമസ് ഓടിച്ചിരുന്ന കാര്‍ ഡിവൈഡറിൽ ഇടിച്ചു അപകടത്തില്‍പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ഭാര്യ അന്നകുട്ടി എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുമ്പോഴാണ് ഏറ്റുമാനൂര്‍ എസ്ഐ റനീഷ് ഇല്ലിക്കലും പിആര്‍ഒ ബിജുവും അവിടെയെത്തിയത്.
ഷുഗർ ലെവൽ താഴ്ന്നതാണെന്ന് അറിഞ്ഞയുടന്‍ പൊലീസുകാര്‍ ആദ്യം ചെയ്തത് പഴച്ചാര്‍ വാങ്ങി തോമസിനെ കുടിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലേക്ക് വഴുതിവീണുകൊണ്ടിരിക്കുമ്പോള്‍ ജ്യൂസ് കുടിപ്പിക്കുക എന്നതും ഏറെ ശ്രമകരമായിരുന്നു. തുടര്‍ന്ന് ജീപ്പില്‍ കയറ്റി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ഷുഗർ ലെവൽ 52-ല്‍ ആയിരുന്ന തോമസ് ഗുരുതരാവസ്ഥയിലേക്ക് പോകാതെ ജീവന്‍ രക്ഷിക്കാനായത് സമയബന്ധിതമായുള്ള പൊലീസിന്‍റെ ഇടപെടലാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതിലുള്ള സന്തോഷം പങ്കുവെക്കുന്നതിനാണ് തോമസ് ഏറ്റുമാനൂര്‍ സ്റ്റേഷനിലെത്തി പൊലീസുകാര്‍ക്ക് മധുരം വിതരണം ചെയ്തത്. തിരുവനന്തപുരം കൊല്ലുവിള സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ മകൾ ആനിയോടൊപ്പമാണ് തോമസ് എത്തിയത്. വനിതാ പോലീസ് ഉദ്യോഗസ്ഥയായ നിഷാ ജോഷി ഈ വിവരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ അഭിനന്ദനങ്ങളുടെ പ്രവാഹമാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.