ഏറ്റുമാനൂര്‍: വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ ആരംഭിച്ച മഴയില്‍ ഏറ്റുമാനൂര്‍ നഗരം വെള്ളക്കെട്ടിലായി. വെള്ളകെട്ട് ശനിയാഴ്ചയും മാറ്റമില്ലാതെ തുടര്‍ന്നു. ഏറ്റുമാനൂര്‍ അമ്പലത്തിന്റെ പരിസരം, പേരൂര്‍ കവല, വടക്കേനട, പാറക്കണ്ടം, തവളക്കുഴി, കാണക്കാരി എന്നിവിങ്ങളിൽ മൂന്നടിക്ക് മുകളില്‍ വെള്ളം കയറി. ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ മങ്കര കലുങ്ക്, കിസ്മത്ത് പടി, വെട്ടിമുകള്‍, പുന്നത്തുറ, ഷട്ടര്‍ കവല എന്നിവിടങ്ങളിലും വെള്ളം കയറി.
ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷന്‍മുതല്‍ അമ്പലം വരെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ളിലും വെള്ളംകയറി. ശനിയാഴ്ച പുലര്‍ച്ചെ മഴക്ക് അല്പം ശമനം ഉണ്ടായെങ്കിലും പത്തുമണിമുതല്‍ വീണ്ടും മഴപെയ്തു. നഗരത്തിനു ചുറ്റുമുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. എം.സി റോഡില്‍ തെള്ളകം ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. ഓടകളിലെ മാലിന്യം നീക്കാത്തതുമൂലം വെള്ളം ഒഴുകിപോകാന്‍ മാര്‍ഗ്ഗമില്ലാതെ വന്നതാണ് വെള്ളക്കെട്ടിനു കാരണമായത്.
ശനിയാഴ്ച നഗരസഭയുടെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ നീക്കാനുള്ള നടപടി ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്, വില്ലേജ് ഓഫീസര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഓടകളിലെ മാലിന്യങ്ങള്‍ നീക്കാത്തതില്‍ ജനകീയ കൂട്ടായ്മയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് വടക്കേടം പറഞ്ഞു. അശാസ്ത്രീയമായ രീതിയില്‍ പണിത ഡ്രൈനേജ് സംവിധാനമാണ് വെള്ളക്കെട്ടിനു കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.