ഏറ്റുമാനൂരിൽ ചില കടകളിലെ വെള്ളത്തിൽ അമ്ല-ക്ഷാര മൂല്യത്തിൽ വ്യതിയാനം; കുടിവെള്ളം നേരിട്ട്​ ഉപയോഗിക്കരുതെന്ന്​ നിർദേശം

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഇടത്താവളത്തിലെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണ - പാനീയ കാര്യങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധിച്ചതില്‍ 50 ശതമാനം കുടിവെള്ളത്തിലും അമ്ല-ക്ഷാര മൂല്യം (പി.എച്ച്.മൂല്യം) അനുവദനീയമായ അളവി​ലല്ലെന്ന്​ കണ്ടെത്തി. അതിനാൽ, നേരിട്ട് ഉപയോഗിക്കരുതെന്ന്​ കടയുടമകൾക്ക്​ നിർദേശം നൽകി. ഇങ്ങനെയുള്ള ജലം ശുദ്ധീകരണപ്രക്രിയകള്‍ പൂര്‍ത്തിയാക്കിയശേഷമേ ഉപയോഗിക്കാവൂ.

ഭക്ഷ്യസുരക്ഷാ വകുപ്പും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റും ചേർന്നായിരുന്നു പരിശോധന. ഏറ്റുമാനൂരിലും പരിസരപ്രദേശത്തുമുള്ള വിവിധ സ്ഥാപനങ്ങളിലെ വെള്ളം, പാൽ, മറ്റ് പാനീയങ്ങള്‍ ഉള്‍പ്പെടെ ഭക്ഷണ പദാർത്ഥങ്ങൾ മൊബൈൽ ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കി.


ഏറ്റുമാനൂര്‍ ടൗണില്‍ നടന്ന ജലപരിശോധന നഗരസഭാ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു


ഏറ്റുമാനൂരിലെത്തുന്ന എല്ലാ ബ്രാന്‍ഡ്​ പാലുല്‍പന്നങ്ങളുടെയും വെളിച്ചെണ്ണയുടെയും തട്ടുകടകളില്‍ ഉപയോഗിക്കുന്ന എണ്ണയുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധന തുടര്‍ന്നും ഉണ്ടാവുമെന്ന് ഹോട്ടൽ റസ്റ്റോറന്‍റ് ഉടമകൾക്ക് ക്ലാസെടുത്ത ഏറ്റുമാനൂർ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫിസർ ഡോ. തെരസ് ലിൻ ലൂയിസ് പറഞ്ഞു.

ഏറ്റുമാനൂർ വ്യാപാരഭവനിൽ എത്തിച്ച മൊബൈല്‍ ലാബോറട്ടറിയില്‍ നടന്ന പരിശോധന മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി ഏറ്റുമാനൂർ യൂനിറ്റ് പ്രസിഡന്‍റ്​ എൻ.പി. തോമസ് അധ്യക്ഷത വഹിച്ചു.

കടുത്തുരുത്തി ഫുഡ് സേഫ്റ്റി ഓഫിസർ നവീൻ ജെയിംസ്, നഗരസഭാ ആരോഗ്യ വിഭാഗം ഇൻസ്പെക്ടർ ആറ്റ്ലീ പി. ജോൺ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിതാ ബിനീഷ്, ഏകോപന സമിതി വർക്കിങ്​ പ്രസിഡന്‍റ്​ ജോർജ്​ തോമസ്, വൈസ് പ്രസിഡന്‍റ്​ ടി.എം. യാക്കൂബ്, സെക്രട്ടറിമാരായ ജി. മനോജ് കുമാർ, കെ.എസ്. രഘുനാഥൻ നായർ എന്നിവർ സംസാരിച്ചു. തൃശ്ശൂർ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്‍റ് പി.എസ്. സുമേഷ് ലാബിന്‍റെ പ്രവർത്തനങ്ങൾ വ്യാപാരികൾക്ക് വിശദീകരിച്ചു കൊടുത്തു.


Tags:    
News Summary - Variation in pH value of water in Ettumanoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.