ഏറ്റുമാനൂർ: അതിരമ്പുഴ മുത്തൂറ്റ് നിധി ലിമിറ്റഡിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒളിവിലിരുന്ന യുവതി പിടിയിൽ. ഇടുക്കി പനംകുട്ടി ഭാഗത്ത് ചീങ്കല്ലേൽ വീട്ടിൽ തങ്കമ്മയാണ് (41) അറസ്റ്റിലായത്. തങ്കമ്മയും സുഹൃത്തുക്കളും ചേർന്ന് 2021ൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് മുക്കുപണ്ടം പണയം വെച്ച് 1,71,500 രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് സ്വർണം പരിശോധിച്ചപ്പോൾ ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പ്രതികളിൽ ഒരാളായ പാണ്ടൻപാറയിൽ വീട്ടിൽ അപ്പക്കാള എന്ന രാകേഷിനെ നേരത്തേ പിടികൂടിയിരുന്നു. മറ്റു പ്രതികൾ രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇടുക്കി കമ്പിളികണ്ടത്തുനിന്ന് യുവതിയെ പിടികൂടുകയായിരുന്നു.
ഈ കേസിലെ മറ്റൊരു പ്രതിയായ കോതമംഗലം സ്വദേശി ബിജുവിനെ പെരുമ്പാവൂരിൽനിന്ന് അറസ്റ്റ് ചെയ്ത് ചോദ്യംചെയ്ത് വരുകയാണെന്നും പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ ജോസഫ് ജോർജ്, എ.എസ്.ഐ ബിന്ദുമോൾ, സി.പി.ഒ മാരായ സെയ്ഫുദ്ദീൻ, ഡെന്നി പി. ജോയ്, സൈബർ സെൽ ഉദ്യോഗസ്ഥരായ അനൂപ്, കിരൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.