കോട്ടയം: കുടുംബബജറ്റിന്റെ താളം തെറ്റിച്ച് നിത്യോപയോഗ പച്ചക്കറികളുടെ വിലയിൽ വൻവർധന. അന്തരീക്ഷത്തിൽ മാത്രമല്ല പച്ചക്കറികൾക്കും പൊള്ളുന്ന വിലയാണ് ഇപ്പോൾ. കഴിഞ്ഞ മാർച്ചിൽ തുടങ്ങിയ വിലക്കയറ്റം രണ്ടുമാസങ്ങൾക്ക് ശേഷവും മാറ്റമില്ലാതെ തുടരുകയാണ്. ബീൻസിന് മുൻകാലങ്ങളെക്കാൾ വില കൂടി, 160 രൂപയാണ് ഒരുകിലോ ബീൻസിന്. 60 മുതൽ 80 രൂപവരെ വിലയുണ്ടായിരുന്ന നാരങ്ങ 160ൽ എത്തി. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വിലപൊള്ളലിന് കാരണം.
അവശ്യപച്ചക്കറികൾക്കെല്ലാം വില അർധശതകത്തിന് മുകളിലാണ്. ഉള്ളി -80, തക്കാളി -60, പച്ചമുളക് -80, ക്യാരറ്റ് -80, ബീറ്റ്റൂട്ട് -68, കാബേജ് -60, അച്ചിങ്ങ -60, പാവക്ക -60, വെണ്ടക്ക -68, കോവക്ക -60, പച്ചമാങ്ങ -60 എന്നിങ്ങനെയാണ് വിലവിവരം. അതേസമയം, മാസങ്ങൾക്ക് മുമ്പ് പൊന്നുംവില ആയിരുന്ന സവാളക്ക് വില കുത്തനെ കുറഞ്ഞു. പച്ചക്കറി വാങ്ങുമ്പോൾ വെറുതെ കിട്ടുന്ന കറിവേപ്പില മൊത്തവിലക്കാരുടെ കൈയിൽനിന്ന് കിലോക്ക് 70 രൂപ നിരക്കിലാണ് ചെറുകിടക്കാർ വാങ്ങുന്നത്.
പ്രതികൂല കാലാവസ്ഥ മനുഷ്യരിൽ മാത്രമല്ല, കാർഷിക വിളകളിലും ആഘാതമേൽപിക്കുന്നുണ്ട്. കോയമ്പത്തൂർ, മേട്ടുപ്പാളയം എന്നിവിടങ്ങളിലും കേരളത്തിനേത് പോലെ സമാനമായ താപനിലയാണ് അനുഭവപ്പെടുന്നതെന്ന് വ്യാപാരികൾ പറയുന്നു. പ്രദേശത്തിന്റെ കാലാവസ്ഥക്ക് അനുസരിച്ച് പച്ചക്കറികളുടെ ഗുണമേന്മക്കും വിലക്കും മാറ്റമുണ്ടാകും. തുടർച്ചയായി ചൂട് ഗണ്യമായി വർധിക്കുന്നതിനെ തുടർന്ന് സ്ഥിര ഉപഭോക്താക്കളുടെ വരവ് കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു. രാവിലെ 10ന് എത്തുന്ന തിരക്ക് പിന്നീട് വൈകീട്ട് അഞ്ചിന് ശേഷമാണ് ഉണ്ടാകുന്നത്. കഴിഞ്ഞമാസങ്ങളെ അപേക്ഷിച്ച് മേയിലും വില കുതിക്കാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.