കോട്ടയം: പ്രളയക്കെടുതിയിൽ വലഞ്ഞ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ. ഇതിൽ ബഹുഭൂരിപക്ഷവും കർഷകർ. ഓരോ പ്രളയവും അവർക്ക് കണ്ണീർക്കാലമാണ്. ഓരോ പ്രളയവും സൃഷ്ടിക്കുന്ന ദുരിതങ്ങളെ എങ്ങനെ അതിജീവിക്കണമെന്നുപോലും അറിയാത്ത അവസ്ഥയിലാണ് കുട്ടനാട്ടുകാർ.
ഇത്തവണയും പ്രളയം ആയിരങ്ങളെ കണ്ണീരിലാക്കി. കിഴക്കൻ മേഖലകളിൽ മഴ പെയ്താൽ, അത് ഒന്നോ രണ്ടോ ദിവസം നീണ്ടാൽ പിന്നെ പലായനത്തിനൊരുങ്ങുകയാണ് ഇൗ മേഖലയിലുള്ളവർ. വീടും വീട്ടുസാമഗ്രികളും വസ്ത്രങ്ങളും പാഠപുസ്തകങ്ങളും കൃഷിയും വളർത്തുമൃഗങ്ങളും എല്ലാം ഉപേക്ഷിച്ചാണ് പലായനം. അത് ദിവസങ്ങൾ നീേണ്ടക്കാം. മടക്കം വെറുംകൈയോടെയും. വളര്‍ത്തുമൃഗങ്ങളെ കെട്ടഴിച്ചു വിട്ടശേഷം ജീവനുമായി വീടൊഴിയുന്നവരുടെ പെടാപ്പാടും ഈ ദിവസങ്ങളിലെ സങ്കടക്കാഴ്ചയാണ്.
നൂറുകണക്കിന് വളർത്തുമൃഗങ്ങൾ മലവെള്ളത്തിൽ ചത്തൊടുങ്ങി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ അതിരിടുന്ന കുട്ടനാട്-അപ്പർ കുട്ടനാട് മേഖലയിൽ 90 ശതമാനം വീടുകളും വെള്ളത്തിലാണ്. നാലുദിവസം നീണ്ട മഴയും വെള്ളപ്പൊക്കവും മുന്നൂറിലധികം പാടശേഖരങ്ങളെയാണ് ഇല്ലാതാക്കിയത്. കിഴക്കൻ േമഖലയിൽനിന്നുള്ള മലവെള്ളം പാടശേഖരങ്ങളെ മുക്കിക്കളയും. കുത്തൊഴുക്കിൽ മടവീഴ്ചയും പതിവാണ്. ഇത്തവണ മാത്രം 12,000 ഏക്കര്‍ വിരിപ്പുകൃഷി മുങ്ങിനശിച്ചു.
ഉരുൾപൊട്ടിയെത്തുന്നതടക്കം കല്ലും മണ്ണും മാലിന്യങ്ങളും അടിയുന്നതും ഈ പാടശേഖരങ്ങളിലാണ്. കഴിഞ്ഞ വിളവെടുപ്പിൽ ലഭിച്ച നേരിയ വരുമാനമെല്ലാം കുത്തൊഴുക്കിൽ ഒലിച്ചുപോയി. നെല്ലുവിറ്റ വകയിൽ പലർക്കും വൻതുക കിട്ടാനുണ്ട്. സപ്ലൈകോയുടെ നെല്ല് സംഭരണത്തിലും കർഷകർക്ക് അതൃപ്തിയുണ്ട്.
ലക്ഷക്കണക്കിന് രൂപ ഇനിയും ഈ വകയിൽ കർഷകർക്ക് ലഭിക്കണം. കൃഷിക്കാർ കടം കയറി മുടിഞ്ഞതോടെ തൊഴിലാളികളും പട്ടിണിയിലായി. ഇത്തവണ മീന്പാടങ്ങളിലും കുളങ്ങളിലും ഇറക്കിയ ലക്ഷക്കണക്കിന് മത്സ്യങ്ങളും ഒഴുകിപ്പോയി. ഇതും ലക്ഷങ്ങളുടെ നഷ്ടം വരുത്തി.
വൈക്കം, മങ്കൊമ്പ്, കൈനടി, കൈനകരി, രാമങ്കരി, കിടങ്ങറ, കുമരകം, ആര്‍പ്പൂക്കര, അയ്മനം പ്രദേശങ്ങളില്‍ നൂറുകണക്കിന് പാടശേഖരങ്ങളില്‍ മത്സ്യകൃഷി നടത്തിയിരുന്നു.
നെൽകൃഷി ഉപേക്ഷിച്ച് മത്സ്യകൃഷി തുടങ്ങിയവര്‍ ഏറെയാണ്. ചളിമണ്ണ് കോരി നട്ടുവളര്‍ത്തിയ തെങ്ങിൻതൈകളും ഫല വൃക്ഷങ്ങളും വെള്ളക്കെട്ടില്‍ മുങ്ങി ചീയുകയാണ്. തെങ്ങുകള്‍ക്ക് മഞ്ഞളിപ്പുരോഗവും കർഷകർക്ക് തിരിച്ചടിയായി. ഓണവിപണി മുന്നില്‍ക്കണ്ട് വാഴയും കപ്പയും പച്ചക്കറിയും കൃഷി ചെയ്തവരും പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഇനിയും കാര്യമായ സഹായമൊന്നും സർക്കാറിൽനിന്ന് ലഭിച്ചിരുന്നില്ല.
വീടും കിടപ്പാടവും പ്രളയത്തില്‍ അന്യമായവർ ഇപ്പോൾ ക്യാമ്പുകളിലാണ്. ബോട്ടുകളിലും ടിപ്പറിലും സുരക്ഷാ കേന്ദ്രങ്ങളിലേക്കുള്ള പ്രയാണത്തിലാണ് ഇപ്പോൾ കുട്ടനാട്ടുകാർ. ചങ്ങനാശ്ശേരിയിൽ മാത്രം എത്തിയത് ആയിരങ്ങളാണ്. മടങ്ങിയെത്തുമ്പോള്‍ സ്വന്തം എന്നുപറയാന്‍ ഒന്നുമില്ലാത്ത ജീവിതമാകും പ്രളയങ്ങളുടെ നീക്കിയിരിപ്പ്.
കുട്ടനാട്ടിലെ വീടുകളിൽനിന്ന് ചങ്ങനാശ്ശേരിയിലെ ബന്ധുവീടുകളിൽ താൽക്കാലിക താമസത്തിനെത്തുന്നവരെ വെള്ളക്കെട്ടായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെ ടിപ്പറിൽ കയറ്റി കൊണ്ടുപോകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.