കൂട്ടിക്കൽ: ഹരിതവിവാഹമൊരുക്കി നാടിന് മാതൃകയായി കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ സേന. ഹരിതകര്‍മസേന അംഗമായ ശ്യാമളയുടെയും കെ.ജി. ഗോപിയുടെയും മകനായ വിമലിന്റെ വിവാഹമാണ് ഹരിതാഭമായി നടത്തിയത്. വധു കോട്ടയം കാരാപ്പുഴ സ്വദേശിനി നീനുവാണ്. തെങ്ങോലകള്‍ മെടഞ്ഞ ആര്‍ച്ച്, കുരുത്തോലകൊണ്ടുള്ള അലങ്കാരപ്പണികള്‍, മാലിന്യം ശേഖരിക്കാന്‍ വല്ലങ്ങള്‍ എന്നിവ ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ ഒരുക്കി. ആഹാരം വിളമ്പാന്‍ ഇലകളും വെള്ളം കൊടുക്കാന്‍ സ്റ്റീല്‍ ഗ്ലാസുകളും ഉപയോഗിച്ചു. ഭക്ഷണം വിളമ്പിയത് ഹരിതകര്‍മസേന അംഗങ്ങളാണ്.
വധൂവരന്മാരെ തെങ്ങോല തൊപ്പിയണിയിച്ച് സ്വീകരിക്കുകയും വീട്ടുവളപ്പില്‍ വൃക്ഷത്തൈ നടീക്കുകയും ചെയ്തു. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്കി. ചെറിയ വിവാഹ സൽക്കാരമാണെങ്കിലും മനസ്സിന്റെ വലുപ്പംകൊണ്ട് ഹരിതമായി മാറ്റാന്‍ ഹരിതകര്‍മസേന അംഗം ആഗ്രഹം പറഞ്ഞതിനെ തുടര്‍ന്ന് കണ്‍സോർട്യം മീറ്റിങ്ങില്‍ തീരുമാനമെടുത്ത് നടപ്പാക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളി, വാര്‍ഡ് അംഗം എം.വി. ഹരിഹരന്, മറ്റു ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ പൂര്‍ണ പിന്തുണയോടെയാണ് ക്രമീകരണം ചെയ്തത്.
വിവാഹശേഷം വധൂവരന്മാർ വൃക്ഷത്തൈ നട്ടു. ജില്ല പഞ്ചായത്ത് അംഗം പി.ആര്. അനുപമ ആശംസകള്‍ നേര്‍ന്നു. വി.ഇ.ഒ പി.ജി. പത്മകുമാര്‍, അസി.സെക്രട്ടറി കെ.കെ. സിന്ധുമോള്‍, നവകേരളം കര്‍മപദ്ധതി റിസോഴ്സ്പേഴ്സൻ അന്‍ഷാദ് ഇസ്മായില്‍, ആര്.ജി.എസ്.എ കോഓഡിനേറ്റര്‍ സൈന ബഷീര്‍, കുടുബശ്രീ ചെയര്പേഴ്സൻ ആശാബിജു എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.