കോട്ടയം: കാലവർഷം ഒരാഴ്ച പിന്നിടുമ്പോൾ ജില്ല മഴ നിറവിൽ. കാലാവസ്ഥവകുപ്പിന്റെ കണക്കനുസരിച്ച് ലഭിക്കേണ്ട മഴയുടെ അളവിൽ നേരിയ കുറവുമാത്രമാണുള്ളത്. ജൂൺ ഒന്ന് മുതൽ ശനിയാഴ്ച വരെയുള്ള കണക്ക് പ്രകാരം ലഭിക്കേണ്ട മഴയേക്കാൾ ഒമ്പത് ശതമാനത്തിന്റെ കുറവ് മാത്രമാണുള്ളത്. 174.9 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 158.9 മില്ലിയാണ് പെയ്തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച രണ്ടാമത്തെ ജില്ല കൂടിയാണ് കോട്ടയം. തൃശൂരാണ് മുന്നിൽ. ഇവിടെ 200.8 മില്ലി മീറ്റർ മഴ ലഭിച്ചപ്പോൾ കോട്ടയത്ത് ചെയ്തിറങ്ങിയത് 158.9 മില്ലിമീറ്ററാണ്.
കോട്ടയത്തെ കൂടാതെ തൃശൂർ, മലപ്പുറം ജില്ലകളിൽ മാത്രമാണ് സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ മഴ ലഭിച്ചത്. അതേസമയം, മറ്റ് ജില്ലകളിലെല്ലാം കാലവർഷം ദുർബലമാണ്. ജൂൺ ആദ്യ ദിവസങ്ങളിൽ ശക്തമായ മഴയായിരുന്നു ജില്ലയിൽ ലഭിച്ചത്. പിന്നീട് ശക്തി കുറഞ്ഞു. ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിലും മഴ ദുർബലമായിരുന്നു. 0.4 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. മികച്ച വേനൽമഴക്കുപിന്നാലെയാണ് കാലവർഷവും കനിയുന്നത്. മേയ് അവസാന നാളുകളിലെ കനത്ത മഴയുടെ അടിസ്ഥാനത്തിൽ വേനൽ മഴയിൽ കോട്ടയം റെക്കോഡിട്ടിരുന്നു.
മാർച്ച് ഒന്ന് മുതൽ മേയ് 31 വരെ 839.7 മില്ലി മീറ്റർ മഴ കോട്ടയത്ത് പെയ്തു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മഴയായിരുന്നു ഇത്. തീക്കോയിലായിരുന്നു ഏറ്റവും കൂടുതൽ ലഭിച്ചത്. ഈരാറ്റുപേട്ട, കോഴാ, പൂഞ്ഞാർ, വൈക്കം, മുണ്ടക്കയം, കോട്ടയം, കുമരകം, പാമ്പാടി തുടങ്ങിയ പ്രദേശങ്ങളും സംസ്ഥാനത്ത് കൂടുതൽ വേനൽമഴ ലഭിച്ച പട്ടികയിൽ ആദ്യ സ്ഥാനത്തെത്തിയിരുന്നു. മേയ് പകുതിവരെ വേനല്‍ മഴയുടെ അളവ് ജില്ലയില്‍ 17 ശതമാനം കുറവായിരുന്നു. എന്നാൽ, മേയ് അവസാന ആഴ്ചയിലെ കനത്ത മഴയോടെയാണ് വേനൽ സീസണിൽ കോട്ടയം റെക്കോഡിലേക്ക് എത്തിയത്. വൻ മഴയെതുടർന്ന് ഉരുൾപൊട്ടിയത് പ്രളയത്തിനും ഇടയാക്കിയിരുന്നു. മീനച്ചിലാർ കരകവിഞ്ഞത് പടിഞ്ഞാറൻ പ്രദേശങ്ങളിൽ വലിയ ദുരിതവും സൃഷ്ടിച്ചിരുന്നു. വറ്റി കടന്നിരുന്ന, മണിമലയാറിലും ജലനിരപ്പ് വലിയതോതിൽ ഉയർന്നിരുന്നു. ഇതിനിടെ മഴ തുടരുമെന്ന മുന്നറിയിപ്പുകൾ മലയോരമേഖലകളിൽ ഭീതി നിറക്കുന്നുമുണ്ട്. ഉരുൾപൊട്ടൽ ഭീഷണിയാണ് ഇവരെ ഭയപ്പെടുത്തുന്നത്.
ഒപ്പം മണ്ണിടിച്ചിലും. മുൻ കാലങ്ങളിൽ കൂടുതൽ ദുരിതം ‘പെയ്ത’ പ്രദേശങ്ങളിൽ കാര്യമായ മുന്നൊരുക്കം നടന്നില്ല. മഴക്കെടുതിയിൽ നശിച്ച സ്ഥലങ്ങളുടെ പുനരുദ്ധാരണവും പൂർത്തിയായില്ല. പടിഞ്ഞാറൻ മേഖലയിലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കുറക്കാൻ തോടുകളുടെ ആഴം കൂട്ടണമെന്ന ആവശ്യവും ഇഴഞ്ഞുനീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.