കോട്ടയം: നഗരസഭയുടെ കൺമുന്നിൽ അനധികൃത കടമുറികൾ നിർമിച്ച് വാടകക്ക് നൽകി കച്ചവടം. തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്തുനിന്ന് അമ്പലത്തിലേക്കു പോകുന്ന ഭാഗത്താണ് ആറോളം കടമുറികൾ നിർമിച്ചിരിക്കുന്നത്.
സാധാരണക്കാർ വീടിന്റെ ആവശ്യത്തിനു ചെന്നാൽ നിയമവും കണക്കും പറഞ്ഞ് ‘നടത്തി’ത്തോൽപിക്കുന്ന നഗരസഭ അധികൃതർ ഇതറിഞ്ഞ മട്ടില്ല.
നേരത്തേ ഈ ഭാഗത്ത് പഴയ കെട്ടിടം ഉണ്ടായിരുന്നു. ഇത് പൊളിച്ചശേഷം അവിടെ ഇരുമ്പ് ഷീറ്റിട്ട് പുതിയ കെട്ടിടം നിർമിച്ചു.
നിർമാണ വിവരം അറിഞ്ഞ് മുനിസിപ്പൽ അധികൃതരെത്തി സ്റ്റോപ് മെമ്മോ നൽകുകയും നിർമാണം തടയുകയും ചെയ്തിരുന്നു. എന്നാൽ, അടുത്തിടെ മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ ഈ കെട്ടിടം കടമുറികളായി തിരിച്ച് ദിവസവാടകക്ക് നൽകിയിരിക്കുകയാണ്. ലോട്ടറിക്കടകളും ചായക്കടയുമാണ് ഇവിടെ ഇപ്പോൾ പ്രവർത്തിക്കുന്നത്. പൊളിച്ചുകളഞ്ഞ പഴയ കെട്ടിടത്തിന്റെ നമ്പറാണ് ഈ കടകൾക്ക് ഉപയോഗിച്ചിട്ടുള്ളത്. ഒറ്റ നമ്പറിലാണ് ഈ കടകളെല്ലാം പ്രവർത്തിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ അനുമതി വാങ്ങിയില്ലെന്നതു മാത്രമല്ല റോഡ് വികസനത്തിൽ വരുന്ന ഭാഗം കൂടിയാണിത്.
നഗരസഭയുടെ തൊട്ടടുത്തായിട്ടും ഉദ്യോഗസ്ഥർ കണ്ണടച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൗൺസിലിൽ ബി.ജെ.പി കൗൺസിലർ വിനു ആർ. മോഹൻ വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ ചെയർപേഴ്സനോ സെക്രട്ടറിയോ പ്രതികരിച്ചില്ല.
മുനിസിപ്പാലിറ്റിയിൽ സാധാരണക്കാരന് ഒരു നിയമവും പണമുള്ളവന് മറ്റൊരു നിയമവും എന്നാണ് ജനം പറയുന്നത്. തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിൽനിന്ന് ഒഴിപ്പിക്കപ്പെട്ട കച്ചവടക്കാർ ബങ്ക് സ്ഥാപിക്കാൻ ഇടം തേടിയിട്ടുപോലും നഗരസഭ കനിഞ്ഞിട്ടില്ല. അപ്പോഴാണ് നിയമലംഘകർക്കുനേരെ കണ്ണടക്കുന്നത്. അനധികൃത നിർമാണങ്ങൾ കണ്ടെത്തി നടപടിയെടുക്കേണ്ടത് റവന്യൂ, എൻജിനീയറിങ് വിഭാഗത്തിന്റെ ചുമതലയാണ്.
എന്നാൽ, പരാതി നൽകിയാൽപോലും നടപടിയെടുക്കാൻ അധികൃതർക്കു മടിയാണ്. നഗരത്തിൽ പലയടിത്തും റോഡരിക് കൈയേറി അനധികൃത തെരുവുകച്ചവടം വ്യാപകമാണ്. പാവപ്പെട്ടവർ ഉപജീവനത്തിനു നടത്തുന്നവയല്ല ഇവയിൽ ഭൂരിഭാഗവും. സ്ഥലം കൈയേറി മറിച്ചുവാടകക്ക് നൽകുകയാണ് പലതും. ജില്ലക്കു പുറത്തുനിന്നുള്ളവരാണ് കൂടുതലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.