കോട്ടയം: പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പിൽ ക്രമക്കേടുകളെന്ന പരാതിയിൽ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപറേഷൻ പ്രൊട്ടക്ടര്‍’ പേരിൽ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിന്റെ ഭാഗമായി ജില്ലയിലെ ഈരാറ്റുപേട്ട, വൈക്കം, ഏറ്റുമാനൂർ, പള്ളം, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകളിലായിരുന്നു പരിശോധന.
പട്ടികജാതി വിഭാഗങ്ങൾക്കുള്ള വിവിധ പദ്ധതികൾ അർഹരായവർക്ക് ലഭിക്കുന്നുണ്ടോ, തുക വകമാറ്റുന്നുണ്ടോ, തുകകൾ ലാപ്സാകുന്നുണ്ടോ എന്നിവയടക്കം വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് വിജിലൻസ് ശേഖരിച്ചത്. ജില്ലയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലാണ് കൂടുതൽ വീഴ്ചകൾ കണ്ടെത്തിയതെന്ന് വിജിലൻസ് അറിയിച്ചു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2019-’20 സാമ്പത്തികവർഷം പട്ടികജാതി വിദ്യാർഥികൾക്ക് പഠനമുറി നിർമിക്കാൻ അനുവദിച്ച 3,72,000 രൂപ യഥാസമയം വിനിയോഗിക്കാത്തതിനാൽ ലാപ്സായതായി പരിശോധനയിൽ കണ്ടെത്തി. പല നിർമാണ പദ്ധതികളിലെയും കരാറിൽ സാക്ഷികളോ, അസി. എൻജിനീയറോ ഒപ്പിട്ടിട്ടില്ലെന്ന് കണ്ടെത്തി. മൂന്ന് വർക്കുകൾ വരെ ഒരു കരാറുകാരൻതന്നെ എസ്റ്റിമേറ്റ് തുകയേക്കാൾ വളരെ കുറഞ്ഞ തുകക്ക് ടെൻഡർ പിടിച്ചതായി രേഖകളിൽ കാണുന്നതിനാൽ ഇതിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് വിജലൻസ് സംഘം ശിപാർശ ചെയ്തിട്ടുണ്ട്.
2019-20, 21-22, 22-23 സാമ്പത്തിക വർഷങ്ങളിലെ പട്ടികജാതി വിഭാഗത്തിനുള്ള വിവിധ പദ്ധതികളുടെ രജിസ്റ്ററുകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി.
ഇതുമൂലം വിവിധ തുകകൾ ഏത് അക്കൗണ്ടിലേക്കാണ് നൽകിയതെന്ന കാര്യത്തിൽ അവ്യക്തയുണ്ടെന്നും വിജിലൻസ് പറഞ്ഞു. മുൻഗണന മറികടന്ന് ഗുണഭോക്താക്കൾക്ക് ആനുകൂല്യം വിതരണം ചെയ്യുന്നതായും പരിശോധനകളിൽ തെളിഞ്ഞു.
കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ എസ്.സി ഡെവലപ്മെന്റ് ഓഫിസിനു കീഴിലുള്ള കമ്യൂണിറ്റി ഹാളിന്റെ വാടകയിനത്തിൽ ലഭിക്കുന്ന തുകയിൽ വ്യക്തതയില്ലെന്നും വിജിലൻസ് കണ്ടെത്തി. ഹാളിന്റെ വാടകയിനത്തിൽ 2000 രൂപയും ക്ലീനിങ് ചാർജായി 500 രൂപയുമാണ് ഈടാക്കുന്നത്. വാടക സൂക്ഷിക്കാൻ കാഞ്ഞിരപ്പള്ളി കോഓപറേറ്റിവ് ബാങ്ക് ശാഖയിൽ അക്കൗണ്ട് ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കമ്യൂണിറ്റി ഹാൾ വാടകക്ക് കൊടുക്കുന്നത് സംബന്ധിച്ചോ വാടകയെ സംബന്ധിച്ചോ വാടക തുക എങ്ങനെ വിനിയോഗിക്കുന്നു എന്നത് സംബന്ധിച്ചോ വിവരങ്ങളില്ല. ഉത്തരവില്ലാതെ പണം കൈകാര്യം ചെയ്യുന്നതായി കണ്ടെത്തുകയും ചെയ്തു. ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട പദ്ധതി പ്രകാരം 50ൽപരം ആധാരങ്ങൾ ഓഫിസിൽ സൂക്ഷിച്ച നിലയിലും കാഞ്ഞിരപ്പള്ളിയിൽ കണ്ടെത്തി.
വൈക്കം ബ്ലോക്കിൽ 2022-23 സാമ്പത്തിക വർഷത്തിൽ വിദേശതൊഴിൽ ധനസഹായ പദ്ധതി തുകയിൽ 40,000 രൂപ വകമാറ്റിയതായി കണ്ടെത്തി. നിശ്ചിത വരുമാന പരിധിക്കും മുകളിലുള്ളവർക്കും പഠനമുറി അനുകൂല്യം നൽകി, അപേക്ഷകർക്ക് പണം നൽകിയതായാണ് രേഖകളെങ്കിലും അക്കൗണ്ടിൽ തുക എത്തിയിട്ടില്ല തുടങ്ങിയ ക്രമക്കേടുകളും വൈക്കത്ത് കണ്ടെത്തി.
പള്ളം ബ്ലോക്കിൽ പഠനമുറി പദ്ധതി പ്രകാരം തുക അനുവദിച്ചിട്ടും ഗുണഭോക്താക്കൾ പഠനമുറി നിർമിച്ചിട്ടില്ല. ഇത്തരക്കാരിൽനിന്ന് അഡ്വാൻസായി നൽകിയ തുക തിരിച്ചുപിടിച്ചിട്ടില്ലെന്നും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.