കോട്ടയം: 'കേര' വെളിച്ചെണ്ണയുടെ അഭാവം മുതലെടുത്ത് വിപണിയിലേക്ക് ഇടിച്ചുകയറി വ്യാജന്മാർ. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോബിയാണ് വിവിധ പേരുകളിൽ വെളിച്ചെണ്ണ കേരള വിപണിയിലേക്ക് വ്യാപകമായി എത്തിക്കുന്നത്. ഇവക്ക് പലതിനും ഗുണനിലവാരമില്ലെന്ന് ജില്ല ഭക്ഷ്യോപദേശക വിജിലൻസ് സമിതിയംഗം എബി ഐപ്പ് ആരോപിച്ചു. ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്ന കേര വെളിച്ചണ്ണ ലഭ്യമാകാതായതോടെയാണ് വ്യാജന്മാർ വിപണി കീഴടക്കിയത്. ഇത് പലതും ശരീരത്തിന് ഹാനികരമാണ്. ഈ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കർശനമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
നിരവധി തവണ മായം കണ്ടെത്തിയതിനെതുടർന്ന് പല പാക്കറ്റ് വെളിച്ചെണ്ണകളും നിരോധിച്ചിരുന്നു. ഇവ പേരുമറ്റി വീണ്ടും വിപണിയിലെത്തുകയാണ്. പുതിയ സാഹചര്യത്തിൽ ഇത്തരം ബ്രാൻഡുകൾ വാങ്ങാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുന്ന അവസ്ഥയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വെളിച്ചെണ്ണ ഉൽപാദനത്തിനനുസരിച്ച് നാളികേരം ലഭ്യമല്ലെന്നും അതിനാൽതന്നെ മായം വ്യാപകമാണെന്നും ഉപഭോക്തൃസംഘടനകൾ ആക്ഷേപം ഉയർത്തുന്നുണ്ട്.
മൂന്നാഴ്ചയിലധികമായി തുടരുന്ന തൊഴിലാളികളുടെ അനിശ്ചിതകാല സമരത്തെത്തുടർന്ന് പ്ലാൻറുകളുടെ പ്രവർത്തനം നിലച്ചതാണ് കേര വെളിച്ചെണ്ണയുടെ വിപണിയിൽനിന്ന് അപ്രത്യക്ഷമാകാൻ കാരണം. 'കേര' വിപണിയിൽ കിട്ടാതായതോടെ സ്വകാര്യ കമ്പനികളുടെ വെളിച്ചെണ്ണക്ക് ആവശ്യക്കാർ ഏറിയിട്ടുണ്ട്. ഇത് കേരഫെഡിെൻറ വിപണിയിലെ മുൻതൂക്കം ഇല്ലാതാക്കുമെന്നാണ് ആശങ്ക. കേരളത്തിെൻറ സ്വന്തം വെളിച്ചെണ്ണയുടെ ജനപ്രീതി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ പ്രമുഖ കമ്പനികളും നടത്തുന്നുണ്ട്.
ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കേരഫെഡ് ജീവനക്കാർ പണിമുടക്കുന്നത്. സമരത്തെത്തുടർന്ന് കേരഫെഡിെൻറ കരുനാഗപ്പള്ളി ഓയിൽ കോംപ്ലക്സ്, കോഴിക്കോട് നടുവണ്ണൂർ കോക്കനട്ട് കോംപ്ലക്സ് എന്നിവ അടച്ചിട്ടിരിക്കുകയാണ്. 1100 മെട്രിക് ടൺ വെളിച്ചെണ്ണയായിരുന്നു രണ്ട് ഫാക്ടറിയിലുംകൂടി പ്രതിമാസ ഉൽപാദനം. ഫാക്ടറി പ്രവർത്തനം നിലച്ചതോടെ 'കേര' കണ്ടുകിട്ടാനില്ലാത്ത സ്ഥിതിയായി.
സംസ്ഥാനത്തെ നാളികേര കർഷകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരഫെഡിന് തുടക്കമിട്ടത്. കർഷകരിൽനിന്ന് നാളികേരം സംഭരിച്ച് വെളിച്ചെണ്ണ ഉൽപാദിപ്പിക്കുകയും അതുവഴി നാളികേരത്തിന് ന്യായവില ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ് കേരഫെഡ് വഴി സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ, സംസ്ഥാനത്തുനിന്നുള്ള തേങ്ങസംഭരണം പേരിനുമാത്രമാണ്. അന്തർസംസ്ഥാനങ്ങളിൽനിന്നുള്ള തേങ്ങ വാങ്ങിയാണ് പ്രധാനമായും കേരഫെഡിൽ വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.