കോട്ടയം: കോടിമത ആധുനിക അറവുശാലയിൽ നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന് (ഇ.ടി.പി) പുതിയ വിശദ പദ്ധതി രേഖ (ഡി.പി.ആർ). പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററാണ് ഡി.പി.ആർ തയാറാക്കിയത്. സാങ്കേതിക അനുമതിക്കായി ഡി.പി.ആർ ശുചിത്വ മിഷന് സമർപ്പിച്ചു.
അറവുശാല പണിത് വർഷങ്ങളായെങ്കിലും പ്ലാന്റ് സ്ഥാപിക്കാത്തതിനാൽ മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകിയിട്ടില്ല. ബോർഡിന്റെ ചട്ടങ്ങൾ പാലിക്കുന്ന രീതിയിൽ പ്ലാന്റ് സ്ഥാപിച്ചാലേ അറവുശാല തുറക്കാനാവൂ. ഇ.ടി.പി നിർമാണത്തിന് 2017-18 സാമ്പത്തിക വർഷം 40 ലക്ഷം രൂപ നഗരസഭ വകയിരുത്തിയിരുന്നു. ആദ്യം താൽപര്യമറിയിച്ചത് ശുചിത്വ മിഷന്റെ അംഗീകൃത ഏജൻസിയായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റായിരുന്നു.
എന്നാൽ, സിംഗിൾ ടെൻഡർ ആയതിനാൽ ഒഴിവാക്കി മാനുവൽ ടെൻഡർ ക്ഷണിച്ചു. ഹൈടെക് ബയോ ഫെർട്ടിലൈസേഴ്സാണ് ടെൻഡർ നേടിയത്. എന്നാൽ, ഇവർ സമർപ്പിച്ച ഡി.പി.ആറിൽ അപാകത കണ്ടെത്തിയതിനാൽ ഒഴിവാക്കി. പുതിയ ഡി.പി.ആർ സമർപ്പിക്കാൻ ആവശ്യപ്പെടുകയും കാലാവധി നീട്ടിനൽകുകയും ചെയ്തു. എന്നാൽ, പിന്നീട് സ്ഥാപനം ഇ.ടി.പി സ്ഥാപിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചു.
തുടർന്നാണ് സർക്കാർ അംഗീകൃത ഏജൻസിയായ ഐ.ആർ.ടി.സിയെ നിയോഗിക്കുന്നത്. ഇവർ നൽകിയ ആദ്യ ഡി.പി.ആറിലും അപാകതകളുണ്ടായിരുന്നു. ഡി.പി.ആർ ശുചിത്വ മിഷൻ മടക്കിയതിനെ തുടർന്ന് തുടർന്ന് ഭേദഗതി വരുത്തുകയായിരുന്നു. ലാൻഡ് വാല്യൂ സർട്ടിഫിക്കറ്റുകൂടി കിട്ടിയാലേ മലിനീകരണ നിയന്ത്രണ ബോർഡിന്റെ എ.ഒ.സി ലഭ്യമാവൂ. ഇതിനായി താലൂക്കിൽ കത്തുനൽകിയിട്ടുണ്ട്.
ഉദ്ഘാടനം കഴിഞ്ഞ് നാലുവര്‍ഷം പിന്നിടാറായ അറവുശാല പ്രവര്‍ത്തനം തുടങ്ങാത്തതിനെതിരെ മീറ്റ് ഇന്‍ഡസ്ട്രീസ് വെയല്‍ഫെയര്‍ അസോസിയേഷന് കോടിതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ അറവുശാല എന്നു തുറക്കാനാകുമെന്ന് 15 ദിവസത്തിനകം നഗരസഭ സെക്രട്ടറി സത്യവാങ്മൂലം നല്‍കണമെന്നു ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ സെക്രട്ടറി കോടതിയെ അറിയിക്കും.
30 കെ.എൽ.ഡി ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റാണ് നിർമിക്കുക. 2.50 കോടിയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്ലാന്റിന്റെ മൂന്നുമാസത്തെ പ്രവർത്തനച്ചെലവും ഇതിലുൾപ്പെടും. മൂന്നുമാസത്തെ ട്രയൽ റണ്ണിനുശേഷം പത്തുവർഷത്തേക്ക് അറ്റകുറ്റപ്പണി നടത്താമെന്നതു സംബന്ധിച്ചും മുനിസിപ്പാലിറ്റി കരാറിലേർപ്പെടും.
സിവിൽ ജോലികൾക്ക് അഞ്ചുവർഷത്തെയും മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് മൂന്നുവർഷത്തെയും വാറന്റി ഉണ്ടാവും. അറവുശാലയിലെ എല്ലാ മലിനജലവും പ്ലാന്റിൽ ശുദ്ധീകരിക്കപ്പെടും. ഈ ജലം അറവുശാല വൃത്തിയാക്കാനോ ഗ്രൗണ്ട് വാട്ടർ റീചാർജിങ്ങിനോ ഉപയോഗിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.