പഞ്ചപാലങ്ങൾ കടക്കാതെ കോട്ടയം പട്ടണത്തിലേക്ക് ആർക്കും വരാനാകില്ല. കിഴക്കുനിന്ന് വരുന്നവർക്ക് കഞ്ഞിക്കുഴി, പടിഞ്ഞാറുനിന്ന് വരുന്നവർക്ക് ഇല്ലിക്കൽ, തെക്കുനിന്ന് വരുന്നവർക്ക് കോടിമത, വടക്കുനിന്നും കിഴക്കുനിന്നും വരുന്നവർക്ക് നാഗമ്പടം, ചുങ്കം പാലങ്ങളും. ഈ പാലങ്ങൾ ജില്ലയുടെ ശീലങ്ങളുടെ പ്രതീകമാണ്.പുറത്തുനിന്ന് കാണുന്നവർക്കും വിരുന്നുകാരായി വരുന്നവർക്കും കോട്ടയം രസംകൊല്ലി ഇടമാണ്. മറ്റ് ജില്ലകളിലെപ്പോലെ നിങ്ങളെ ആനന്ദിപ്പിക്കുന്ന ഒന്നും ഇവിടെയില്ല. പട്ടണത്തിന്റെ കെട്ടുകാഴ്ചകളില്ലാത്ത തനിനാടൻ മനുഷ്യർ താമസിക്കുന്ന ഇടമാണ്.
പരുക്കൻ ജീവിതയാഥാർഥ്യങ്ങൾക്കിടയിൽ സ്വയം ആനന്ദം കണ്ടെത്തുന്ന കൂട്ടരാണ് ഇവിടത്തുകാർ. വൈകാരികതയോട് ‘ഒന്നു പോടാ ഉവ്വേ’ എന്നു പറഞ്ഞ് തിരിഞ്ഞുനടക്കും. കലിതുള്ളി പ്രളയമായി മാറുന്ന മീനച്ചിലാറിന്റെ മാറിലേക്ക് കൂപ്പുകുത്തി മുങ്ങിനിവരും. ആർത്തലച്ചുവരുന്ന ഉരുളിനു മുന്നിലും ഞാനിതെത്ര കണ്ടെതാണെന്ന ഭാവം. ഉള്ളിലെ മൃദുലഭാവം മറച്ച്, നിങ്ങൾ നന്നായാൽ നിങ്ങൾക്കെന്ന് ചിലപ്പോൾ ഓർമിപ്പിക്കുമായിരിക്കും.
അതിനപ്പുറം നിങ്ങളിലേക്ക് എത്തിനോക്കില്ല. ഇവിടെ നിങ്ങൾക്ക് നിങ്ങളായിരിക്കാം. വൈകീട്ട് ഏഴുമണിയാകുന്നതോടെ കോട്ടയം കണ്ണടക്കാൻ തുടങ്ങും. പിന്നീടുള്ള സമയം അവർ കുടുംബത്തോടൊപ്പമാണെന്നതു മറക്കരുത്. നിങ്ങൾ ഏതു ജില്ലക്കാരനുമായിക്കോട്ടെ. കോട്ടയത്താണ് താമസമെങ്കിൽ നിങ്ങളും അഭിമാനത്തോടെ പറയും, ഞാൻ കോട്ടയംകാരനാണെന്ന്. അതാണ് ഞങ്ങളുടെ കോട്ടയം.
അക്ഷരങ്ങളുടെയും തടാകങ്ങളുടെയും റബറിന്റെയും നാടായ കോട്ടയം ജില്ല തിങ്കളാഴ്ച 75ാം പിറന്നാൾ ആഘോഷിക്കുകയാണ്. 1949 ജൂലൈ ഒന്നിനാണ് ജില്ലയുടെ പിറവി. കോട്ടയം ജില്ല എന്ന് ഇന്ന് അറിയപ്പെടുന്ന പ്രദേശങ്ങൾ പണ്ട് തെക്കുംകൂർ, വടക്കുംകൂർ, പൂഞ്ഞാർ നാട്ടുരാജ്യങ്ങളിലാണ് ഉൾപ്പെട്ടിരുന്നത്. 1860ൽ തിരുവിതാംകൂർ രൂപവത്കരിച്ചശേഷമാണ് കോട്ടയം റവന്യൂ ഡിവിഷൻ നിലവിൽ വരുന്നത്. കുന്നത്തുനാട്, പറവൂർ, മൂവാറ്റുപുഴ, തൊടുപുഴ, കുട്ടനാട്, പീരുമേട്, ദേവികുളം, ഉടുമ്പൻചോല താലൂക്കുകളും കോട്ടയത്തിന്റെ ഭാഗമായിരുന്നു. ദിവാൻ പേഷ്കാർമാർക്കായിരുന്നു റവന്യൂ ഡിവിഷനുകളുടെ ചുമതല.
പിന്നീട് ജില്ല രൂപവത്കരിച്ച് കലക്ടർമാർക്ക് ചുമതല നൽകുകയായിരുന്നു. കോട്ടയം, മൂവാറ്റുപുഴ, തൊടുപുഴ, ചങ്ങനാശ്ശേരി, വൈക്കം, മീനച്ചിൽ, ദേവികുളം, പീരുമേട് താലൂക്കുകളും കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു. പിന്നീട് ദേവികുളം, പീരുമേട്, തൊടുപുഴ താലൂക്കുകൾ ഇടുക്കിക്കൊപ്പവും മൂവാറ്റുപുഴ എറണാകുളത്തിനൊപ്പവും ചേർത്തു. പാലാ, കോട്ടയം എന്നീ രണ്ട് റവന്യൂ ഡിവിഷൻ ഉൾപ്പെട്ടതാണ് ജില്ല. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, കാഞ്ഞിരപ്പള്ളി മീനച്ചിൽ എന്നീ അഞ്ച് താലൂക്കുകളാണ് ജില്ലയിലുള്ളത്. 100 വില്ലേജുമുണ്ട്. തദ്ദേശഭരണ മേഖലയിൽ ആറ് മുനിസിപ്പാലിറ്റി, ഒരു ജില്ല പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്തുകൾ, 71 ഗ്രാമപഞ്ചായത്തുകൾ എന്നിവയും. മീനച്ചിലാറും മൂവാറ്റുപുഴയാറും മണിമലയാറുമാണ് ജില്ലയിലെ പ്രധാന നദികള്. ആകെ 2208 ച.കി.മീ വിസ്തൃതിയുണ്ട് ജില്ലക്ക്. കിഴക്ക് മലനിരകളും പടിഞ്ഞാറെയറ്റം വേമ്പനാട്ട്കായലുമാണ് അതിർത്തി.
കോട്ടയം കുഞ്ഞച്ചനെ’ക്കുറിച്ച് പറയാതെങ്ങനെ കോട്ടയത്തിന്റെ ഓർമകൾ പൂർത്തിയാകും. കോട്ടയത്തെ അച്ചായന്മാർക്കൊരു വേഷപ്പകർച്ച നൽകിയ കോട്ടയം കുഞ്ഞച്ചൻ. കൈമുട്ടിനു മുകളിൽ തെറുത്തുകയറ്റിവെച്ച വെള്ളജൂബ, മടക്കിക്കുത്തിയ മുണ്ട്, തോളിൽ അലസമായിട്ട രണ്ടാംമുണ്ട്, കൂളിങ് ഗ്ലാസ്... സെന്റ് തോമസ് ഡ്രൈവിങ് സ്കൂളുമായെത്തിയ പ്രൊ. കോട്ടയം കുഞ്ഞച്ചൻ മലയാളിയുടെ മനസ്സിൽ ചേക്കേറിയിട്ട് മൂന്നുപതിറ്റാണ്ട് കഴിഞ്ഞെങ്കിലും ‘‘അയ്യോടാ ഉവ്വേ അതിന്നലെയല്ലേ’’ എന്നു കുഞ്ഞച്ചൻ സ്റ്റൈലിൽ ചോദിച്ചുപോകും ആരും. തന്റേടിയായ ആ അച്ചായൻ തനി കോട്ടയം ഭാഷയിൽ തകർത്താടിയത് കോട്ടയത്തല്ലെന്ന് എത്ര പേർക്കറിയാം.
തിരുവനന്തപുരത്തെ അമ്പൂരി എന്ന കുടിയേറ്റ ഗ്രാമത്തിലാണ് കോട്ടയം കുഞ്ഞച്ചന്റെ ഷൂട്ടിങ് നടന്നത്. കോട്ടയത്തിനു സമാനമായ ഭൂപ്രകൃതി തന്നെയായിരുന്നു അമ്പൂരിയിലും. ഓടാങ്കര എന്ന സാങ്കൽപിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കോട്ടയം ഭാഷ വൈക്കം ചെമ്പുകാരനായ മമ്മൂട്ടിക്ക് അനായാസം വഴങ്ങുമായിരുന്നു. എന്നാൽ, മറ്റുള്ളവരുടെ കാര്യം അങ്ങനെ ആയിരുന്നില്ല. മമ്മൂട്ടി തന്നെയാണ് എല്ലാവരെയും കോട്ടയം ഭാഷ പഠിപ്പിച്ചതെന്ന് തിരക്കഥ രചിച്ച ഡെന്നീസ് ജോസഫ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മുട്ടത്തുവർക്കിയുടെ ‘വേലി’ എന്ന കഥയെ ആസ്പദമാക്കി ആയിരുന്നു സിനിമ.
മാസ് ഡയലോഗുകളായിരുന്നു സിനിമയുടെ പ്രത്യേകത. ഡയലോഗ് ഡെലിവറിയുടെ തമ്പുരാനായ മമ്മൂട്ടിക്ക് അതെല്ലാം നിഷ്പ്രയാസം കഴിഞ്ഞു. കള്ളുകുടിച്ചുവന്ന് ഇന്നസെന്റിനെയും കെ.പി.എ.സി ലളിതയെയും ചീത്തവിളിക്കുന്ന രംഗമുണ്ട് സിനിമയിൽ. 12 പേജ് നീണ്ട ഡയലോഗാണത്. ഒറ്റടേക്കിൽ കൃത്യമായി ഡയലോഗ് തെറ്റാതെ പറഞ്ഞതായി സംവിധായകൻ ടി.എസ്. സുരേഷ് ബാബു ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ‘‘എടാ... പാപ്പീ അപ്പീ മാത്താ പോത്താ എവിട്റാ നിന്റെ ചേട്ടൻ ചത്തോ’’, അയ്യേ ഇവനാണോ പരിഷ്കാരി തുടങ്ങിയ ഡയലോഗുകൾ സമൂഹമാധ്യങ്ങളിൽ ഇപ്പോഴും ഹിറ്റാണ്.
കോട്ടയം സന്തോഷം പകർന്നുനൽകുന്ന ഇടമാണ്. ഇവിടെയുള്ള ജനങ്ങൾ സ്വയം പര്യാപ്തരാണ്. വർഷങ്ങൾകൊണ്ട് നേടിയെടുത്തതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റബർ തുടങ്ങി കോട്ടയത്തിന്റെ ഇന്നു കാണുന്ന നേട്ടങ്ങൾ. 200 വർഷം പഴക്കമുണ്ട് കോട്ടയത്തിന്റെ വിദ്യാഭ്യാസരംഗത്തിന്. ഈ നേട്ടങ്ങൾ അടുത്ത തലമുറക്ക് ഇതുപോലെ പകർന്നുനൽകാൻ കഴിയണം. ലോകത്തിൽതന്നെ ജീവിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥലമായി മാറാൻ കോട്ടയത്തിനു കഴിയും. ഇവിടത്തെ രാഷ്ട്രീയക്കാർ ആരോഗ്യകരമായ രാഷ്ട്രീയപ്രവർത്തനം പിന്തുടരുന്നവരാണ്. മോശം രാഷ്ട്രീയ പ്രവർത്തനമില്ല.
ജില്ലയുടെ 75ാം പിറന്നാളിൽ പൊലീസ് മേധാവി ആയിരിക്കുന്നതിൽ അഭിമാനമുണ്ട്. മറ്റ് പല സ്ഥലങ്ങളിലും ജോലി ചെയ്ത എനിക്ക് കോട്ടയം ഏറെ പ്രിയപ്പെട്ടതാണ്. കോട്ടയത്തെ ജനങ്ങൾ സ്നേഹമുള്ളവരും ശാന്തശീലരുമാണ്. ജാതി മതഭേദമന്യേ എല്ലാവരും ഒന്നിച്ചുകഴിയുന്നവരാണ്. സുരക്ഷയുടെ ഭാഗമായി എരുമേലി, എറ്റുമാനൂർ, ചങ്ങനാശ്ശേരി തുടങ്ങി നിരവധി ഉത്സവങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു. ഒരു വ്യത്യാസവുമില്ലാതെ എല്ലാവരും ഒരുപോലെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു. വിദ്യാഭ്യാസത്തിലും സാമ്പത്തിക സാക്ഷരതയിലും ജില്ല മുന്നിലാണ്. ഇവിടത്തെ രാഷ്ട്രീയക്കാരെക്കുറിച്ചും പോസിറ്റിവായ കാര്യങ്ങളേ പറയാനുള്ളൂ. നിയമം വിട്ട് എന്തെങ്കിലും ചെയ്യാൻ ആരും ഇന്നുവരെ നിർബന്ധിച്ചിട്ടില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് എന്നിവയുടെ സമയത്ത് ഇക്കാര്യം ബോധ്യപ്പെട്ടതാണ്.
എല്ലാവരും എന്നോട് ചോദിക്കാറുണ്ട് -നൈറ്റ് ലൈഫ് ഇല്ലാത്ത, പൊതുയിടങ്ങൾ തീരെക്കുറവുള്ള സ്നേഹത്തിന് വലിയ പ്രാധാന്യമില്ലാത്ത ഈ പട്ടണത്തെ എങ്ങനെ ഇഷ്ടപ്പെടാനാകുന്നുവെന്ന്. എനിക്കു തോന്നിയിട്ടുള്ളത് ഞാൻ ജനിച്ച തൃശൂരിനെക്കാൾ, വീടുവെച്ച തിരുവനന്തപുരത്തെക്കാൾ എനിക്ക് ‘ഇമ്യൂണിറ്റി’ ഈ പട്ടണത്തിലാണെന്ന്!
24 ാം വയസ്സിൽ തൊഴിൽതന്ന, രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം ഞാൻ പിച്ചവെച്ച, ജീവിതം പഠിച്ച ഇടമാണിത്. എന്റെ കുഞ്ഞുങ്ങൾ സംസാരിക്കുന്നത് കോട്ടയം ഭാഷയാണ്. 2000ത്തിൽ കൂട്ടുകാരി ലേബിക്കൊപ്പം, ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ആദ്യമായി ഇവിടെ വരുമ്പോൾ ഈ പട്ടണത്തിന്റെ ഒതുക്കവും റെയിൽവേ സ്റ്റേഷനുമൊക്കെ എനിക്ക് കൗതുകമായിരുന്നു. ആ അഭിമുഖത്തിൽ ചോദ്യങ്ങൾക്കൊന്നും നേരെ ഉത്തരം പറയാത്തതിന് ലേബിയുടെ വഴക്കുകേട്ട് ഞാൻ നടന്ന വഴികളൊക്കെ ഇപ്പോൾ കാണുമ്പോൾ കൗതുകം തോന്നും.
എന്റെ ജീവിതം പിന്നെ ഇവിടെയാകും എന്നൊന്നും സങ്കൽപിക്കാനേ വയ്യ, അന്ന്. തൃശൂരിന്റെ ആനച്ചന്തമില്ലാത്ത, ഭർത്താവിന്റെ നാടായ തിരുവനന്തപുരത്തിന്റെ കാൽപനിക ഭംഗിയില്ലാത്ത ഈ പട്ടണമാണ് എനിക്ക് പ്രായോഗിക ജീവിതം എന്തെന്ന തിരിച്ചറിവ് തന്നത്. ഇവിടെ പ്രയോജനമില്ലാത്ത ഒന്നിനും പ്രസക്തിയില്ല. ഇവിടുത്തെ അമ്മച്ചിമാർ പ്രയോജനമില്ലാത്ത പച്ചക്കറികളെക്കൂടി വെറുതെ ഇരിക്കാൻ സമ്മതിക്കില്ല -അതിനെ വെട്ടിക്കൂട്ടി തട്ടിക്കൂട്ടി അച്ചാറും ജാമും വൈനും ആക്കിക്കളയും. പെൺകുട്ടികൾ കുടുംബത്തിന്റെ നെടുംതൂണായി മാറുന്ന കാഴ്ചയും ഇവിടെ നിന്നാണ് കണ്ടുപഠിച്ചത്. ഏറെ മുമ്പേ വിദേശത്തുപോയി നഴ്സായി പണിയെടുത്ത് നാടിനും വീടിനും സാമ്പത്തിക അടിത്തറ നൽകിയ മിടുക്കികൾ ഒരു വലിയ ജീവിതപാഠമാണ് ലോകത്തെ പഠിപ്പിച്ചത്. മലബാറിന്റെ വനാന്തരങ്ങളിൽ പുലിയോടും കാട്ടുപോത്തിനോടും മത്സരിച്ച് കുടിയേറ്റത്തിന്റെ വള്ളികൾ പടർത്താൻ ശരീരത്തിന്റെ കരുത്ത് മാത്രമല്ല ഉൾക്കരുത്തും വേണം.
അവിടങ്ങളിലൊക്കെ എത്രവർഷം ജീവിച്ചാലും ഇപ്പോഴും കോട്ടയം ഭാഷ കൈവിടാതെ സൂക്ഷിക്കുന്നതും കോട്ടയംകാരുടെ അതേ ജാഗ്രത -കോട്ടയം ഒരു പട്ടണമല്ല, ഒരു സംസ്കാരമാണ്. ഇന്നലെവരെ നിങ്ങളുടെ തോളിൽ കൈയിട്ടു നടന്ന ചങ്ങാതി നിങ്ങൾക്ക് അടിപതറിയാൽ, നിങ്ങൾ ജീവിതത്തിൽ ഒന്ന് ഇടറിവീണാൽ പിന്നെ ആദ്യത്തെ അടിയും തൊഴിയും ആ മിത്രത്തിൽനിന്ന് തന്നെയായിരിക്കും. കാരണം കോട്ടയം വിജയികളെ മാത്രം സ്നേഹിക്കുന്ന നഗരമാണ്. നല്ല വിളവിറക്കി നല്ല വിളവ് കൊയ്യുന്നവരെ മാത്രമേ ഈ പട്ടണത്തിന് സ്വീകരിക്കാനാകൂ - അല്ലാത്തവർ കളത്തിനു പുറത്ത്.
തകഴിപോലും ‘ചെമ്മീൻ’ എന്ന വിത്തിറക്കാൻ വന്നത് ഈ മണ്ണിലാണ്. അക്ഷര നഗരി, ലാൻഡ് ഓഫ് ലെറ്റേഴ്സ്, ലാറ്റക്സ്, ലേക്സ് എന്നൊക്കെ വിശേഷണങ്ങൾ ഉണ്ടെങ്കിലും ഇതിന്റെ ആഴങ്ങളിൽ അത്ര കാൽപനികത വേരോടുന്നില്ല. എഴുതിയാൽ എന്തുകിട്ടും എന്നേ കോട്ടയം ചോദിക്കൂ -അതിന് കണക്കുമതി. എന്റെ തൃശൂരുപോലെ കാൽപനികത വേണ്ട. നല്ല പണിയെടുക്കുന്ന രാഷ്ട്രീയക്കാരും കോട്ടയത്തിന്റെ സവിശേഷതയാണ്. കോട്ടയത്തെപ്പറ്റി പലരിൽനിന്നും പലതവണ പറഞ്ഞുകേട്ടിട്ടുണ്ട് -നാല് അതിരും പാലങ്ങളിൽ അവസാനിക്കുന്ന പട്ടണം എന്ന്. മറ്റു നാടുകളുടെ ശീലങ്ങൾ ഈ പാലത്തിനപ്പുറത്ത് ഉപേക്ഷിച്ചുമാത്രം ഇങ്ങോട്ട് വന്നാൽ മതിയെന്ന താക്കീത് കൂടിയാണ് കോട്ടയം.
കേരളത്തിന്റെ വടക്കൻ ജില്ലയിൽ താമസിക്കുന്ന ചേച്ചിയോട് നാട്ടുവിശേഷം പറഞ്ഞ് ഫോൺ വെച്ചതേയുള്ളൂ. ‘‘ഹോ, അല്ലേലും നമ്മളാരെയെങ്കിലും ബുദ്ധിമുട്ടിക്കുവോടീ? എന്നാ വലിയ സ്നേഹമാണെങ്കിലും കൂടുതലങ്ങ് കൊഴഞ്ഞു അലമ്പാക്കാനൊന്നും നമ്മൾ നിക്കില്ലല്ലോ...’’ ചേച്ചിയുടെ പ്രസ്താവനക്കൊരു കാമ്പുണ്ട്. ഇക്കണ്ടകാലമത്രയും കണ്ട കോട്ടയംകാരിലൊക്കെ അവർ അറിഞ്ഞോ അറിയാതെയോ സൂക്ഷിക്കുന്നൊരു അകൽച്ചയുണ്ട്, നാളെ എങ്ങനെയെന്ന് ഒരുറപ്പുമില്ലാത്ത ഈ ലോകത്ത് അകലേണ്ടി വന്നാലോ എന്ന നിരന്തര ആകുലതകളിൽനിന്ന് ഉടലെടുക്കുന്ന മുൻകൂർ ജാമ്യം.
ജീവിതത്തെക്കുറിച്ചുള്ള ഈ മുൻധാരണയും വിവേകവുമൊക്കെ സ്നേഹബന്ധങ്ങളിൽ മാത്രോല്ല, കൃഷിയിൽ, വിദ്യാഭ്യാസത്തിൽ, രാഷ്ട്രീയത്തിൽ, എന്തിനേറെ, ദൈവവിശ്വാസത്തിൽവരെ കണക്കുകൂട്ടി സൂക്ഷിക്കുന്നവരാണ് കോട്ടയംകാർ, ഇതിൽ ഒന്നുപോലും മറ്റൊന്നിന്റെ സ്വതസിദ്ധമായ വളർച്ചയെ ഹനിക്കരുതെന്ന ശാഠ്യമുള്ളവർ. ആ അതിർവരമ്പുകൾ കടക്കുന്നതാരായാലും അതിപ്പോ എത്ര പ്രിയപ്പെട്ടവരായാലും ശങ്കകളേതുമില്ലാതെ ‘അതൊന്നും പറ്റില്ല കേട്ടോ’ എന്ന് മുഖമടച്ചുപറയാൻ കെൽപുള്ളവർ കൂടിയാണീ മനുഷ്യർ.
പണത്തിന്റെ പത്രാസ് കാണിക്കാൻ തലമുതൽ പാദംവരെ സ്വർണത്തിൽ പൊതിഞ്ഞ പ്രദർശനങ്ങളൊന്നും വേണ്ടെന്ന തീരുമാനമെടുത്ത കോട്ടയത്തെ വിവാഹങ്ങൾ കണ്ട സൗഹൃദങ്ങൾ ‘നിങ്ങളുടെ നാട്ടിൽ ഇത്ര പിശുക്കാണോ?’ എന്ന് ചോദിച്ചിട്ടുണ്ട്. ചിരിക്കയേ നിർവാഹമുള്ളൂ, കോട്ടയത്തെ പെണ്ണുങ്ങൾക്ക് സ്വർണമല്ല, വിദ്യാഭ്യാസമാണ് വീട്ടുകാർ നൽകുന്ന ഏറ്റവും വലിയ സമ്മാനം.
26 വയസ്സ് കഴിഞ്ഞിട്ടും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന പെണ്മക്കളെ കെട്ടിച്ചുവിടാൻ ഒരുതിടുക്കവും കാണിക്കാത്തവർ. പെണ്ണുങ്ങളായാൽ ജോലി വേണമെന്ന് ഉറച്ചബോധ്യം ചെറുപ്പം മുതൽക്കേ അവരിലേക്ക് പകരുന്നവർ. ആ ധൈര്യത്തിന്റെ പങ്കുപറ്റി കടൽകടന്ന് ആതുരസേവനരംഗത്ത് ജോലി ചെയ്യുന്ന കോട്ടയംകാരികളെയാണ് എന്റെയൊക്കെ ചെറുപ്പത്തിൽ പരിചയം. ഇപ്പോഴത് കൗമാരമാകുമ്പോൾ തന്നെ വിദേശത്തെ ഏത് യൂണിവേഴ്സിറ്റിയിൽ പഠിക്കണം എന്ന തീരുമാനത്തോളമെത്തിയിട്ടുണ്ട്. നാലുമണിക്കുള്ള ബംഗളൂരു ബസിൽ സീറ്റ് കിട്ടുമോ എന്ന് ആകുലപ്പെട്ടിരുന്ന തലമുറയിൽനിന്ന് ഓഫറിൽ ലണ്ടനിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമോ എന്ന് കണക്കുകൂട്ടുന്ന മാറ്റം.
നിങ്ങളീ കോട്ടയം അച്ചായന്മാർ എന്ന് തുടങ്ങുന്ന സംഭാഷണങ്ങൾ ശ്രദ്ധിച്ചാലറിയാം, പലരുടെയും മുൻധാരണകളിൽ കോട്ടയം ക്രിസ്ത്യാനികളുടെ മാത്രമിടമാണ്. എന്നാൽ, കോട്ടയമെന്ന മതസൗഹൃദ ജില്ലയുടെ പ്രത്യേകതകൾ അവിടെ ജീവിച്ചവർക്കറിയാം. നൂറ്റാണ്ടുകളുടെ നോമ്പുപിറ കണ്ട, ഇന്ത്യയിലെതന്നെ ഏറ്റവും പഴയ മുസ്ലിം പള്ളിയായ താഴത്തങ്ങാടി ജുമാമസ്ജിദിന്റെ ചരിത്രം കോട്ടയംകാരെ ആരും ഓർമിപ്പിക്കേണ്ട കാര്യമില്ല. വൈക്കം, തിരുനക്കര, ഏറ്റുമാനൂർ തൊട്ട് എന്റെ ഗ്രാമത്തിലെ, അന്തിനാട്ടിലെ ശിവരാത്രിവരെ ആഘോഷിക്കാൻ മാസങ്ങൾക്ക് മുമ്പേ തയാറെടുക്കുന്ന നാട്ടുകാരും കോട്ടയത്തിന് പരിചിതമാണ്.
ക്രിസ്മസ് കാലത്ത് കോട്ടയം എത്തിയാൽ നഗരം മുഴുവനും അലങ്കാരങ്ങളിൽ തിളങ്ങിനിൽക്കുന്ന കാഴ്ചയുണ്ട്. മുമ്പൊക്കെ ഡിസംബറായാൽ എക്സിബിഷനുകൾക്കും ക്രിസ്മസ് സെയിലിനുമൊക്കെ കോട്ടയം പട്ടണത്തിൽ പോകാൻ വീട്ടിൽ കെഞ്ചും. ഇനിയിപ്പോ സമ്മതം കിട്ടിയാൽ എന്തെങ്കിലുമൊക്കെ പറഞ്ഞു ഏറെ വൈകുംവരെ അവിടെയൊക്കെ ചുറ്റിക്കറങ്ങി നിൽക്കും. അപ്പോളാണല്ലോ ക്രിസ്മസ് കരോളുകാർ ഇറങ്ങുന്നത്. അവരുടെയൊക്കെ മുഖത്തെ സന്തോഷം കൂടി കണ്ടാലേ അക്കാലത്തെ ക്രിസ്മസ് ആഘോഷം പൂർണമാകൂ.
കുറേനാളായി കോട്ടയത്തെ സന്ധ്യകളിൽ ആളും തിരക്കുമൊക്കെ കുറഞ്ഞെന്ന പരിഭവമുണ്ട്. എന്നാൽ, അതേസമയം താമസിച്ച രാജ്യങ്ങളിലൊക്കെ കോട്ടയംകാർ കൂടുന്നുവെന്ന സന്തോഷവുമുണ്ട്. ലണ്ടനിലെ ട്രെയിൻ യാത്രക്കിടയിൽ തൊട്ടടുത്ത സീറ്റിൽ അമിട്ട് പൊട്ടുന്ന ശബ്ദത്തിൽ ‘ഞാൻ വരുന്നോടം വരെ ചക്ക ഇടേണ്ട.’ ‘എനിക്കിച്ചിരി ഉപ്പുമാങ്ങ വെച്ചേക്കണം.’ എന്നൊക്കെ വിശേഷം പറയുന്നവരിൽ എത്രപേർക്കാവും നാട്ടിലെ എല്ലുംകപ്പയും കുമ്പിളപ്പവും ഒക്കെ കഴിക്കാൻ ഭാഗ്യം കിട്ടുന്നത്? കോവിഡാനന്തരം ലോകമൊട്ടുക്കുള്ള ജോലിയുടെ രൂപവും ഭാവവും ഒക്കെ മാറിക്കൊണ്ടിരിക്കുകയാണ്.
ഗ്രീസിലെ പേരറിയാത്ത ഏതോ ഒരു ദ്വീപിൽ കഴിഞ്ഞ ഒന്നര മാസമായി റിമോട്ട് വർക്കിങ് ചെയ്യുന്ന സഹപ്രവർത്തകയോട് എനിക്ക് ചെറുതല്ലാത്ത അസൂയയുണ്ട്. നാളെ, നമ്മുടെ നാട്ടിൽനിന്ന് പറിച്ചുനടപ്പെട്ടവർക്കും കോട്ടയത്തെ വീട്ടിൽ വന്നിരുന്നു ജോലി ചെയ്യാനും ഇടക്കിടെ പറമ്പിക്കൂടെ ഇറങ്ങിനടക്കാനും പറ്റണം. കുട്ടികൾ കൂടെയുണ്ടെങ്കിൽ അവരെ പഠിപ്പിക്കാൻ മികച്ച നിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ നമുക്കുണ്ട്, ആശുപത്രികളും റോഡുകളും വ്യാപാരസ്ഥാനങ്ങളുമുണ്ട്. അതിനൊപ്പം ടൂറിസ്റ്റുകൾക്ക് നമ്മുടെ വീടുകളിൽ താമസിക്കാനുള്ള സൗകര്യവുമുണ്ടാക്കണം.
രാവിലെ എണീറ്റ് റബർ വെട്ടാനും പശൂനെ കറക്കാനും പാൽ വീടുകളിൽകൊണ്ട് കൊടുക്കാനും കപ്പ വാട്ടാനുമൊക്കെ അവരും കൂടട്ടെ, കൂടുതൽ കമ്യൂണിറ്റി എൻഗേജ്മെന്റ് നാടിനെ ഒന്നുഷാറാക്കും. ഇറ്റലിയിലും സ്പെയിനിലുമൊക്കെ ഗ്രാമങ്ങൾ അവയുടെ തനിമ നിലനിർത്തിത്തന്നെ ടൂറിസ്റ്റുകൾക്കായി മാസങ്ങളോളം വീടുകളൊരുക്കി സ്വയം പര്യാപ്തത നേടിയപോലെ കോട്ടയത്തെ ഗ്രാമങ്ങളും സാമ്പത്തിക സ്വയംപര്യാപ്തത നേടട്ടെ. റബറിന് വിലയിടിഞ്ഞാലും ജാതിക്ക് വാട്ടം തട്ടിയാലും ‘അങ്ങനൊക്കെ പോകുന്നെടാവേ...’ എന്ന് പറഞ്ഞു തോള് കുലുക്കാൻ നമ്മള് കോട്ടയംകാർക്ക് നമ്മളല്ലേ ഉള്ളൂ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.