കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ആറ് നഗരസഭയിലും ഭൂരിപക്ഷം യു.ഡി.എഫിന്. ഒപ്പം ജില്ലയിലെ 71 പഞ്ചായത്തുകളിൽ 55 ഇടത്തും യു.ഡി.എഫ് മുന്നിലെത്തി. നഗരസഭകളും ചേർക്കുമ്പോൾ മൊത്തമുള്ള 77 തദ്ദേശസ്ഥാപനങ്ങളിൽ 61 ഇടത്താണ് യു.ഡി.എഫിന് മേൽക്കെ.
തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കിന്റെ അടിസ്ഥാനത്തിൽ ഭൂരിഭാഗം സ്ഥലങ്ങളിലും മുന്നിലെത്താനായത് യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നുണ്ട്. അതേസമയം, എൽ.ഡി.എഫിന് ഭൂരിപക്ഷം നേടാനായത് 15 ഇടത്ത് മാത്രം. നിലവിൽ 51 തദ്ദേശസ്ഥാപനങ്ങളിൽ എൽ.ഡി.എഫിനാണ് ഭരണം.
ഇവർക്ക് ലോക്സഭയിലെ വോട്ടുകണക്ക് വൻ തിരിച്ചടിയാണ്. എന്നാൽ, ലോക്സഭയിലെ വോട്ടിങ് പാറ്റേണല്ല, തദ്ദേശ തെരഞ്ഞെടുപ്പിലെന്നതിനാൽ ഇത് വലിയ തിരിച്ചടിയായി കാണുന്നില്ലെന്നാണ് എൽ.ഡി.എഫ് നേതൃത്വം പറയുന്നത്.
ഒരു പഞ്ചായത്തിൽ എൻ.ഡി.എ ഭൂരിപക്ഷം പിടിച്ചെടുത്തു. പൂഞ്ഞാർ പഞ്ചായത്തിലാണ് എൻ.ഡി.എ സഖ്യത്തിന് ഭൂരിപക്ഷം. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 10 തദ്ദേശസ്ഥാപനത്തിൽ എട്ടിലും യു.ഡി.എഫ് ലീഡ് നേടി. കോരുത്തോട്ടിൽ മാത്രമാണ് എൽ.ഡി.എഫിന് ലീഡുള്ളത്.
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തിലും യു.ഡി.എഫിനാണ് ലീഡ്. കോട്ടയം നഗരസഭയിലും രണ്ട് പഞ്ചായത്തിലും യു.ഡി.എഫ് ആധിപത്യമുറപ്പിച്ചു. പാലാ നിയോജകമണ്ഡലത്തിൽ 13ൽ 12ലും യു.ഡി.എഫാണ്. കരൂരിൽ മാത്രമാണ് എൽ.ഡി.എഫിന് ലീഡ്. കാഞ്ഞിരപ്പള്ളിയിൽ ഒമ്പത് പഞ്ചായത്തുകളിൽ എട്ടിടത്തും യു.ഡി.എഫാണ്. ചിറക്കടവിൽമാത്രം എൽ.ഡി.എഫ് മേൽക്കെ സ്വന്തമാക്കി.
ഏറ്റുമാനൂരിൽ എട്ടിൽ ആറിലും യു.ഡി.എഫാണ്. രണ്ടിടത്ത് എൽ.ഡി.എഫും. മാവേലിക്കര മണ്ഡലത്തിന്റെ ഭാഗമായ ചങ്ങനാശ്ശേരിയിൽ ആറിടത്തും യു.ഡി.എഫാണ്. കടുത്തുരുത്തിയിൽ 10 പഞ്ചായത്തിലാണ് യു.ഡി.എഫിന് ഭൂരിപക്ഷം.
വെളിയന്നൂരിൽമാത്രം എൽ.ഡി.എഫ് ലീഡ് നേടി. വൈക്കം നിയോജകമണ്ഡലത്തിൽ മാത്രമാണ് എൽ.ഡി.എഫ് മേൽക്കൈ നേടിയത്. ഏഴ് പഞ്ചായത്തിൽ നാലിടത്തും എൽ.ഡി.എഫിനാണ് മുൻതൂക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.