കോട്ടയം: പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിൽ പ്രതിസന്ധിയിലായി കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍. സബ്സിഡി നിലച്ചതും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 110 ഹോട്ടലാണുണ്ടായിരുന്നത്. വില വര്‍ധനയും സബ്സിഡി നിലച്ചതും മൂലം വിവിധ ഘട്ടങ്ങളിലായി ഇതിൽ 52 ഹോട്ടലുകള്‍ പൂട്ടി. അവശേഷിക്കുന്നവർക്കാണ് ഇപ്പോഴത്തെ വൻ വിലക്കയറ്റം തിരിച്ചടിയായിരിക്കുന്നത്.
മീൻ അടക്കമുള്ളവയിൽ നിന്ന് കിട്ടുന്ന ലാഭമായിരുന്നു പല ഹോട്ടലുകളെയും നിലനിർത്തിയിരുന്നത്. എന്നാൽ, മീൻ വില കുതിച്ചുകയറിയതോടെ ഈ വഴിയും അടഞ്ഞു. ഹോട്ടൽ നടത്തിപ്പുകാരായ വനിതകളാണ് ഇതോടെ വരുമാനമില്ലാതെ വലയുന്നത്. തുടക്കകാലത്ത് ജില്ലയിലെ ഹോട്ടലുകളുടെ ആറുമാസത്തെ വരുമാനം 6.50 കോടിയായി ഉയര്‍ന്നിരുന്നു. ഓരോ ഊണിനും 10 രൂപയാണ് സബ്സിഡിയായി അനുവദിക്കുന്നത്.
ഇതോടെ ഒരു ഊണിന് 30 രൂപ ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നു. സ്പെഷലുകളുടെ കച്ചവടം കൂടി നടക്കുമ്പോൾ തട്ടിയും മുട്ടിയും കൊണ്ടുപോകാൻ കഴിയുമെന്നായിരുന്നു സ്ഥിതി. ജനകീയ ഹോട്ടലുകളുടെ കെട്ടിട വാടക, വാട്ടർ ചാര്‍ജ്, വൈദ്യുതി ചാര്‍ജ് എന്നിവ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ചിലയിടങ്ങളില്‍ ഇത് നടന്നില്ലെന്നും ആക്ഷേപമുണ്ട്.
20 രൂപക്ക് തോരനും ഒഴിച്ചുകറിയും അച്ചാറും പപ്പടവും ഉള്‍പ്പെടെയുള്ള ഊണിന് പ്രിയമേറിയതോടെ ജനകീയ ഹോട്ടലുകളുടെ വളര്‍ച്ച അതിവേഗമായിരുന്നു. ജില്ലയിൽ തുടക്കത്തിലുണ്ടായിരുന്ന 40 ഹോട്ടലുകളുടെ എണ്ണം നൂറിന് മുകളിലേക്ക് ഉയര്‍ന്നു. പ്രതിദിനം ഓരോ ഹോട്ടലിൽനിന്നും 150ഓളം ഊണ് വിറ്റ് പോയിരുന്നു. പല ടൗണിലും ഇതിൽ കൂടുതൽ വിൽപന നടന്നിരുന്നു. സബ്സിഡിയില്ലെങ്കിലും കാപ്പിക്കും പലഹാരത്തിനും ആളെത്തി. ദീര്‍ഘദൂര യാത്രക്കാര്‍ പലരും ക്യൂ നിന്ന് പാഴ്സല്‍ വാങ്ങി മടങ്ങി. മീൻ വിഭവങ്ങൾ സാധാരണനിരക്കിലായിരുന്നു വിൽപന. ഊണിനൊപ്പം മീൻ അടക്കമുള്ള സ്പെഷൽ വിറ്റുപോകുന്നതായിരുന്നു പല ഹോട്ടലുകളെയും നിലനിർത്തിയിരുന്നത്.
2022 അവസാനം മുതലാണ് സബ്സിഡി മുടന്തിയത്. ഇതോടെയാണ് ഹോട്ടലുകളിൽ പലതും പൂട്ടിയത്. സബ്സിഡി നിലച്ചതോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വായ്പയെടുത്തും മറ്റുമാണ് ഹോട്ടല്‍ ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. പൂട്ടിപ്പോയവക്കും സബ്സിഡി കിട്ടാനുണ്ട്. 40 ലക്ഷത്തോളം രൂപ ഈ ഇനത്തില്‍ ലഭിക്കാനുണ്ട്. സബ്സിഡി കുടിശ്ശിക ഉടൻ വിതരണം ചെയ്തില്ലെങ്കിൽ അവശേഷിക്കുന്നത് കൂടി പൂട്ടി പോകുമെന്ന് ഹോട്ടലുടമകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.