കോട്ടയം: കുവൈത്തിലെ തീപിടിത്തത്തിന്റെ നീറ്റലിൽ ജില്ലയും. കോട്ടയം സ്വദേശികളായ മൂന്നുപേർക്കാണ് അഗ്നിതാണ്ഡവത്തിൽ ജീവൻ നഷ്ടമായത്. പാമ്പാടി ഇടിമാരിയില്‍ സാബു ഫിലിപ്പിന്റെ മകന് സ്റ്റെഫിന് (29), ഇത്തിത്താനം കിഴക്കേടത്ത് പ്രദീപിന്റെ മകന് പി. ശ്രീഹരി (27), പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ പരേതരായ ബാബു വര്‍ഗീസിന്റെ മകന് ഷിബു വര്‍ഗീസ് (38) എന്നിവരാണ് മരിച്ചത്. മൂന്ന് കുടുംബത്തിന്റെയും ആശ്രയവും പ്രതീക്ഷയുമായിരുന്നു ഇവർ. ഇതിനു പുറമെ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരിലും ജില്ലയില്‍നിന്നുള്ളവര്‍ ഉണ്ടെന്നാണ് വിവരം. ഇവരെല്ലാം അതിവേഗം സുഖപ്പെട്ട് മടങ്ങിയെത്തട്ടെയെന്ന പ്രാര്‍ഥനയിലാണ് നാട്ടുകാർ.
ജില്ലയില്‍നിന്ന് നൂറുകണക്കിനാളുകള്‍ ജോലി ചെയ്യുന്ന രാജ്യമാണ് കുവൈത്ത്. നഴ്സുമാര്‍ ഉള്‍പ്പെടെ ഇവരില്‍ ഏറെ പേരും താമസിക്കാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നുമാണ് മംഗഫ്. ഇവിടെ, തീപിടിത്തമുണ്ടായെന്നും മരണസംഖ്യ ഉയരുന്നുവെന്നും അറിഞ്ഞപ്പോള്‍ മുതല്‍ അതിലൊരാളും ജില്ലയില്നിന്നുണ്ടാകരുതേയെന്ന പ്രാര്‍ഥനയിലായിരുന്നു ജനങ്ങള്‍. പക്ഷേ, സ്റ്റെഫിന്റെ മരണം ബുധന്‍ വൈകീട്ട് അറിഞ്ഞതോടെ ജില്ല നിശ്ചലമായി.
പിന്നീടങ്ങോട്ട് ജില്ലയില്‍ പല ഭാഗങ്ങളിലുള്ളവര്‍ അപകടത്തിൽപെട്ടുവെന്ന പ്രചാരണമുണ്ടായതോടെ ആശങ്ക വര്‍ധിച്ചു. രാത്രിയോടെ ശ്രീഹരി മരിച്ചതായി വാര്‍ത്ത പരന്നു. എന്നാല്‍, സ്ഥിരീകരണം വൈകിയതോടെ ആശ്വാസ വാര്ത്തയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, നേരം പുലര്‍ന്നപ്പോള്‍ ശ്രീഹരിയുടെ വേര്‍പാട് ഉറപ്പിച്ചു. പിന്നാലെ, ഷിബുവിന്റെ മരണവാര്‍ത്ത കൂടി അറിഞ്ഞതോടെ വേദന പൂര്‍ണമായി. മൂവരുടെയും പിതാവോ, സഹോദരങ്ങളോ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ കുവൈത്തില്‍ ജോലി ചെയ്തിരുന്നവരുമാണ്. ബന്ധുക്കൾ കുവൈത്തിൽ തന്നെ ഉണ്ടായിരുന്നതിനാൽ ഇവരെ വേഗം തിരിച്ചറിയുകയായിരുന്നു.
സ്റ്റെഫിൻ എബ്രഹാം സാബുവിന്റെ മൃതദേഹം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെക്കും. വാടകവീട്ടിൽ സ്ഥലസൗകര്യമില്ലാത്തതിനാലാണ് കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. സ്റ്റെഫിന്റെ മൃതദേഹം പാമ്പാടി പെരുമ്പ്രാക്കുന്നേലിന് സമീപം നിർമാണത്തിലിരിക്കുന്ന വീട്ടിലും എത്തിക്കും. നെടുമ്പാശ്ശേരിയിൽനിന്ന് വിലാപയാത്രയായിട്ടാണ് പാമ്പാടിയിൽ മൃതദേഹം എത്തിക്കുന്നത്. സ്റ്റെഫിന്റെ ഇളയ സഹോദരൻ കെവിൻ ഇസ്രായേലിൽനിന്ന് വീട്ടിലെത്തി. കുവൈത്തിലുള്ള മറ്റൊരു സഹോദരൻ ഫെബിൻ അടുത്തദിവസമെത്തും. മരണവിവരമറിഞ്ഞ് സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ വെള്ളിയാഴ്ച സ്റ്റെഫിന്റെ വീട്ടിലെത്തി. കാപ്കോസ് ചെയർമാൻ കെ. എം. രാധാകൃഷ്ണൻ, ജില്ല സഹകരണ ആശുപത്രി ഡയറക്ടർ ഇ.എസ്. സാബു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ. ഗോപകുമാർ, പാമ്പാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് മാത്തച്ചൻ പാമ്പാടി, അഡ്വ. വിമൽ രവി തുടങ്ങിയവർ വീട് സന്ദർശിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ അനുശോചനവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.