കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രചാരണം ആരംഭിച്ചിട്ടും പോളിങ് ശതമാനം ഇടിഞ്ഞതിന്റെ നെഞ്ചിടിപ്പിൽ മുന്നണികൾ. പുറമെ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും മുന്നണി നേതൃത്വങ്ങളില്‍ ആശങ്ക പുകയുകയാണ്. പ്രതീക്ഷിച്ച രീതിയില്‍ തന്നെയാണ് വോട്ടിങ് പാറ്റേണെന്ന് ഉറപ്പിച്ച് പറയാന്‍ നേതാക്കള്‍ക്കു കഴിയുന്നില്ല. കഴിഞ്ഞ ദിവസംവരെ പ്രകടിപ്പിച്ച ആത്മവിശ്വാസം വേട്ടെടുപ്പിന്റെ പിറ്റേന്ന് നേതാക്കളിൽ പലർക്കുമില്ല. ചോർന്ന വോട്ടുകൾ എങ്ങനെ ബാധിക്കുമെന്നാണ് നേതാക്കളെ ആശങ്കപ്പെടുത്തുന്നത്. ഇതിന് കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിയാത്തതും മുന്നണി നേതൃത്വങ്ങളെ ആശങ്കയിലാഴ്ത്തുന്നു.
സംസ്ഥാന വ്യാപകമായുണ്ടായ കുറവിന് അനുപാതികമായിട്ടാണ് കോട്ടയത്തും ഇടിവെന്ന് സ്ഥാപിക്കാനാണ് മുന്നണി നേതൃത്വം ശ്രമിക്കുന്നത്. എന്നാൽ, ഇത് എങ്ങനെ പ്രതിഫലിക്കുമെന്ന് പറയാൻ ഇവർക്ക് കഴിയുന്നില്ല. യുവാക്കൾ വലിയതോതിൽ പഠനത്തിനും മറ്റുമായി വിദേശങ്ങളിലേക്ക് കുടിയേറിയതാണ് വോട്ടിങ് ശതമാനം കുറയാനുള്ള ഒരുകാരണമെന്ന് നേതാക്കൾ പറയുന്നു. ഒപ്പം വെയിലും വോട്ടിങ്ങിലെ വൈകലും ഒരു വിഭാഗത്തെ പിന്നോട്ട് വലിച്ചിരിക്കാമെന്നും ഇവർ കണക്കുകൂട്ടുന്നു.
അതേസമയം, നിലവിലുള്ള രാഷ്ടീയ സംവിധാനത്തോടുള്ള മടുപ്പ് പോളിങ് ശതമാനം കുറയാൻ കാരണമായി വിലയിരുത്തപ്പെടുത്തുണ്ട്. ഈ മടുപ്പ് വലിയൊരു വിഭാഗത്തെ വീടുകളിലിരുത്തിയതായും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതാണ് പോളിങ് കുറയാൻ യഥാർഥ കാരണമെന്നാണ് രാഷ്ട്രീയനീരിക്ഷകരും അഭിപ്രായപ്പെടുന്നത്.
പോളിങ് ശതമാനത്തിലെ വ്യത്യാസം വിജയത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് യു.ഡി.എഫ് പറയുന്നു. പോളിങ് ശതമാനം കുറഞ്ഞിട്ടും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ നേടിയ വൻ വിജയമാണ് ഇതിന് ഉദാഹരണമായി യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം ഏറ്റവും കുറവ് കടുത്തുരുത്തിയിലായിരുന്നിട്ടും യു.ഡി.എഫാണ് വിജയിച്ചതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. എല്ലാ നിയോജക മണ്ഡലങ്ങളിലും ഭൂരിപക്ഷം കൂടും. എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന ബി.ഡി.ജെ.എസ് വോട്ടുകള്‍ പടിഞ്ഞാറന്‍ മേഖലയില്‍ എല്‍.ഡി.എഫിന്റെ അടിത്തറ ഇളക്കിയെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു.
ഇടത്വോട്ടുകൾ മുഴുവന്‍ വോട്ടുകളും പെട്ടിയിലായെന്നും പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിൽ വിജയത്തെ സ്വാധീനിക്കില്ലെന്നുമാണ് എല്‍.ഡി.എഫ് വിലയിരുത്തൽ. എല്ലാം നിയോജക മണ്ഡലങ്ങളിലും ഭൂരിപക്ഷം ലഭിക്കുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, മികച്ച വിജയം ഉറപ്പാണെന്ന് ഇവർ പറയുന്നു. തങ്ങളുടെ വോട്ടർമാരെല്ലാം ബൂത്തികളിലെത്തിയതായി എൽ.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ലോപ്പസ് മാത്യു പറഞ്ഞു. എന്നാൽ, വോട്ടർമാരെ എത്തിക്കാൻ യു.ഡി.എഫ് ജാഗ്രത കാട്ടിയില്ലെന്നും ഇതാണ് വോട്ടിങ് ശതമാനം കുറയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയുടെ സാന്നിധ്യം പ്രതീക്ഷിച്ച ആഘാതം ഉണ്ടാക്കിയിട്ടില്ല. ഇതിനെ പ്രതിരോധിക്കാൻ അടിത്തട്ടിലുള്ള പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞു. സി.പി.എമ്മിന്റെ അടിസ്ഥാന വോട്ടുകളില്‍ ചലനമുണ്ടാക്കാന്‍ ബി.ഡി.ജെ.എസിനു കഴിഞ്ഞില്ലെന്നും എൽ.ഡി.എഫ് വിലയിരുത്തുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ ഉള്‍പ്പെടെ വോട്ടിങ്ശതമാനത്തിലുണ്ടായ വ്യത്യാസം എന്‍.ഡി.എയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. വൈക്കം, ഏറ്റുമാനൂർ മണ്ഡലങ്ങളിലെ ഉയർന്ന പോളിങ് അനുകൂലമാണെന്ന് എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജി. ലിജിൻ ലാൽ പറഞ്ഞു. എസ്.എൻ.ഡി.പിക്ക് ശക്തിയുള്ള സ്ഥലങ്ങളിൽ പോളിങ് ശതമാനം ഉയർന്നുനിൽക്കുന്നത് ഇവർക്ക് ആഹ്ലാദവും പകരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.