കോട്ടയം: അത്യാവേശത്തിന്റെ മണിക്കൂറുകൾ... ആരവങ്ങൾ ഉയരെ ഉയരെ... നിറഞ്ഞാടി പ്രവർത്തകർ... ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആവേശപ്രചാരണത്തിന് കൊടിയിറക്കം. നിശബ്ദ പ്രചാരണത്തിന്റെ വ്യാഴം കൂടി പിന്നിട്ട് വെള്ളിയാഴ്ച ബൂത്തിലേക്ക്.
വാശി പോരാട്ടം കലാശക്കൊട്ടിലും പ്രതിഫലിച്ചപ്പോൾ, കോട്ടയം നഗരം മണിക്കൂറുകളോളം ശബ്ദ ആരവങ്ങളിലായി. പാട്ടും ഡി.ജെയും ചെണ്ടമേളവുമൊക്കെയായി പരസ്യപ്രചാരണത്തിന്റെ അവസാനമണിക്കൂറിൽ പ്രവർത്തകർ നിറഞ്ഞാടി. കൊടികൾ ഉയർന്ന് പാറി. കോട്ടയം നഗരം കേന്ദ്രീകരിച്ചായിരുന്നു മുന്നുമുന്നണികളുടെയും പ്രധാന കൊട്ടിക്കലാശം. സ്ഥാനാർഥികളും പ്രവർത്തകർക്ക് ആവേശമായി ഒപ്പംചേർന്നു.
ബുധനാഴ്ച രാവിലെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓട്ടപ്രദക്ഷിണം നടത്തിയ സ്ഥാനാർഥികൾ ഉച്ചയോടെ കോട്ടയം നഗരത്തിലേക്കെത്തി. അനൗണ്‍സ്മെന്റ് വാഹനങ്ങളും നഗരം കേന്ദ്രീകരിച്ചു. ഉച്ചക്ക് 2.30ഓടെ കലാശക്കൊട്ട് കൊഴുപ്പിക്കാനായി പ്രവർത്തകൾ ഒറ്റക്കും കൂട്ടായും നഗരമധ്യത്തിലേക്ക് എത്തിതുടങ്ങി. ഇവർക്ക് ആവേശം പകർന്ന് വാദ്യമേളക്കാരും നിറഞ്ഞതോടെ ആഘോഷനിമിഷങ്ങൾക്ക് തുടക്കമായി.
മൂന്നോടെ തിരുനക്കര മൈതാനം കേന്ദ്രീകരിച്ച് എൻ.ഡി.എയുടെ ആഘോഷത്തിന് തുടക്കമായി. ഡി.ജെയും ഒരുക്കിയിരുന്നു. ഇതിന്റെ താളത്തിൽ പ്രവർത്തകർ കൊടികളുമായി മൈതാനത്ത് നിറഞ്ഞു. നാലോടെ എല്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി തിരുനക്കര മൈതാനത്തേക്കെത്തി.
ഇവരുടെ ആരവം തുടരുന്നതിനിടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ചാഴികാടന് നഗരത്തിലേക്കെത്തി. നിരവധി ഇരുചക്ര വാഹനങ്ങളൂടെ അകമ്പടിയോടെ സ്ഥാനാര്‍ഥി നഗരത്തിലേക്ക് എത്തിയതോടെ, നഗരം കിടുങ്ങുന്ന ശബ്ദത്തില്‍ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. തുടര്‍ന്നു പ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥാനാര്‍ഥിയും അലിഞ്ഞതോടെ ആവേശത്തിന്റെ പ്രകമ്പനങ്ങൾ. പുതുപ്പള്ളി മണ്ഡലത്തിലെ ആഘോഷമായ റോഡ് ഷോക്കുശേഷമാണ് ചാഴിക്കാടനെത്തിയത്. തിരുനക്കര പഴയ ബസ്സ്റ്റാന്റ് റോഡ് കേന്ദ്രീകരിച്ചായിരുന്നു എൽ.ഡി.എഫിന്റെ ആരവപ്രകടനങ്ങൾ. അഡ്വ. കെ.അനിൽകുമാർ, വി.ബി.ബിനു എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
ഇരുമുന്നണികളും ആരവം തീർക്കുമ്പോൾ സ്ഥാനാർഥിക്കായുള്ള കാത്തിരിപ്പിലായിരുന്നു യു.ഡി.എഫ് പ്രവർത്തകർ. ഇവരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് 4.45 ഓടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് തിരുനക്കരയിലേക്കെത്തി.
കലക്ടറേറ്റിന് സമീപത്ത് നിന്നു റോഡ് ഷോയായി നഗരത്തിലേക്ക് എത്തിയതോടെ യു.ഡി.എഫ്. ക്യാമ്പിന്റെ ആവേശം ഉച്ചസ്ഥായിലായി. മുദ്രാവാക്യം വിളിച്ചും പതാക വീശിയും പ്രവര്‍ത്തകര്‍ കലാക്കൊട്ടിനെ ആഘോഷമാക്കി. നിരവധി ഓട്ടോകളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാർഥിയെത്തിയത്.
ഗാന്ധി സ്ക്വയറിലായിരുന്നു ഇവരുടെ കലാശക്കൊട്ട്. പ്രത്യേകം സജ്ജീകരിച്ച ക്രെയിനിൽ കയറിയായിരുന്നു സ്ഥാനാർഥി പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. തുടർന്ന് ഫ്രാൻസിസ് ജോർജ് വിജയപ്രതീക്ഷയുമായി പ്രാവിനെയും പറപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെയും രാഹുൽഗാന്ധിയുടെ ചിത്രങ്ങളും നിറഞ്ഞുനിന്നു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ.മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ എന്നിവരും കലാശക്കൊട്ടിനെത്തിയിരുന്നു. സംഘർഷം ഒഴിവാക്കാൻ പ്രവർത്തകർക്ക് ഇടയിൽ പൊലീസും നിലയുറപ്പിച്ചിരുന്നു.
ചങ്ങനാശ്ശേരി: വൈകിട്ടോടെ വാദ്യഘോഷ മേളങ്ങളോടെയും ഡി.ജെയുടെ അകമ്പടിയോടെ ചങ്ങനാശ്ശേരിയിലെ പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ ജങ്ഷന് മുതല്‍ എസ്.ബി കോളജ് വരെ കേന്ദ്രീകരിച്ച് കൊട്ടിക്കലാശത്തിന് ആവേശംകൂട്ടി. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ മുന്നണിയുടെ ശക്തിവിളിച്ചറിയിച്ച് പെരുന്നയില്‍ നിന്നും സെന്‍ട്രല്‍ ജങ്ഷനിലെത്തിയ പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ ജങ്ഷന് മുതല്‍ കെ.എസ്.ആര്.ടി.സി സ്റ്റാൻഡ് വരെ നിലയുറപ്പിച്ചാണ് കൊട്ടിക്കലാശത്തിന് ആവേശം കൂട്ടിയത്. എന്‍.ഡി.എ പ്രവര്‍ത്തകര്‍ വാഴൂര്‍ റോഡില്‍ നിലയുറപ്പിച്ചാണ് കൊട്ടിക്കലാശം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.