ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ട് സി.ടി സ്കാനിങ് മെഷീനുകൾ തകരാറിലായിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ല. അത്യാഹിത വിഭാഗത്തിലെയും കാൻസർ വിഭാഗത്തിലെയും മെഷീനുകളാണ് തകരാറിലായത്. വിവരം കമ്പനി അധികൃതരെ അറിയിച്ചു. എന്നാൽ, മെഷീൻ വാങ്ങിയ ഇനത്തിൽ നൽകാനുള്ള കുടിശ്ശിക തീർത്തെങ്കിൽ മാത്രമേ തകരാർ പരിഹരിക്കാനെത്തുമെന്ന് കമ്പനി ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. നാലുവർഷം മുൻപ് 22 കോടി മുടക്കി വിവിധ മെഷീനുകൾ വാങ്ങിയ ഇനത്തിൽ ഒരുകോടി മാത്രമാണ് കമ്പനിക്ക് നൽകാനുള്ളതെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ഞായറാഴ്ച അർധരാത്രിക്ക് ശേഷമാണ് അത്യാഹിത വിഭാഗത്തിലെ മെഷീൻ കേടായത്. ഒരാഴ്ച മുമ്പാണ് കാൻസർ വിഭാഗത്തിലെ യന്ത്രത്തിന് തകരാർ സംഭവിച്ചത്. രണ്ട് മെഷീനുകളും കേടായതോടെ രോഗനിർണയം നടത്തി യഥാസമയം ചികിത്സക്ക് നേടാൻ കഴിയാതെ രോഗികൾ വലയുകയാണ്. ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നത് കാൻസർ വിഭാഗത്തിലെ രോഗികളാണ്. മെഡിക്കൽ കോളജിൽ സി.ടി സ്കാനിങ്ങിന് ഈടാക്കുന്ന തുകയുടെ ഇരട്ടിയാണ് സ്വകാര്യ സ്ഥാപനങ്ങൾ വാങ്ങുന്നത്.
നിർധനരായ പല രോഗികളും സി.ടി. സ്കാൻ എടുക്കുവാനാകാതെ ബുദ്ധിമുട്ടുകയാണ്. നാലുവർഷം മുമ്പാണ് ഒൻപതുകോടി മുടക്കി അത്യാഹിത വിഭാഗത്തിലും കാൻസർ വിഭാഗത്തിലുമായി രണ്ട് സ്കാനിങ് മെഷീനുകൾ വാങ്ങിയത്.
രണ്ടു വർഷം മുമ്പ് 5.5 കോടി മുടക്കി അത്യാഹിത വിഭാഗത്തിൽ എം.ആർ.ഐ മെഷീനും നാലുകോടി വീതം രൂപ ചെലവഴിച്ച് സി. എസ്.എ മെഷീനും കാർഡിയോളജി വിഭാഗത്തിലേക്ക് ആൻജിയോഗ്രാം മെഷീനും വാങ്ങി. കേരള മെഡിക്കൽ സർവിസ് കോർപറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) മുഖേനയാണ് മെഷീനുകൾ വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.