കോട്ടയം: കോവിഡ് ഗവേഷണ പദ്ധതികൾക്ക് ഊന്നൽ നൽകിയും ഭക്ഷ്യപരിശോധന ലബോറട്ടറി അടക്കമുള്ള പുതുപദ്ധതികൾ പ്രഖ്യാപിച്ചും എം.ജി സർവകലാശാല ബജറ്റ്. കോവിഡുമായി ബന്ധപ്പെട്ട അഞ്ച് ഗവേഷണ പദ്ധതികൾക്ക് ബജറ്റിൽ 1.69 കോടി വകയിരുത്തി.
ഭക്ഷ്യപരിശോധനക്കും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി സർവകലാശാലയിൽ എൻ.എ.ബി.എൽ. അംഗീകാരത്തോടെ ലബോറട്ടറി സ്ഥാപിക്കാൻ രണ്ടുകോടി രൂപ ചെലവഴിക്കുമെന്ന് പറയുന്ന ബജറ്റിൽ കോവിഡ് മൂലം അക്കാദമിക രംഗത്ത് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികളെ സഹായിക്കാൻ 20 ലക്ഷം നീക്കിവെച്ചു.
വൈസ് ചാൻസലർ പ്രഫ. സാബു തോമസിെൻറ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ സാമ്പത്തികാര്യ ഉപസമിതി കൺവീനറും കൊച്ചി മേയറുമായ എം. അനിൽകുമാറാണ് ബജറ്റ് അവതരിപ്പിച്ചത്. 654.13 കോടി രൂപ വരവും 709.68 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് പിന്നീട് യോഗം പാസാക്കി.
പഠനത്തോടൊപ്പം വരുമാനവും വിദ്യാർഥികൾക്ക് ഉറപ്പാക്കുന്നതിന് 'പഠനത്തോടൊപ്പം വരുമാനവും' പദ്ധതി നടപ്പാക്കും. പ്രകൃതിദത്ത നാരുകൾ, അവശിഷ്ടങ്ങൾ, പോള, വാഴനാര്, കയർ അവശിഷ്ടങ്ങൾ എന്നിവയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന പദ്ധതിക്ക് പ്രത്യേക കേന്ദ്രം സ്ഥാപിക്കും.
അഞ്ചുകോടി ചെലവഴിച്ച് സർവകലാശാലയിൽ അത്യാധുനിക ലൈബ്രറി സമുച്ചയം നിർമിക്കുമെന്നും ബജറ്റിൽ പറയുന്നു. വിദ്യാർഥികൾക്കുള്ള എല്ലാ സേവനങ്ങളും ഓൺലൈനാക്കാൻ സമഗ്ര സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
എസ്.സി/എസ്.ടി വിദ്യാർഥികൾക്കും ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്കും രാജ്യാന്തര സെമിനാറുകളിലും മത്സരപ്പരീക്ഷകളിലും കായികമത്സരങ്ങളിലും മത്സരപരീക്ഷ പരിശീലനത്തിലും പങ്കെടുക്കാൻ ധനസഹായം നൽകാൻ 1.05 കോടി രൂപ ചെലവിൽ പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
സർവകലാശാലയിൽ അത്യാധുനിക പ്രസ് സ്ഥാപിക്കാൻ ഒന്നാംഘട്ടമായി രണ്ടുകോടി രൂപ വകയിരുത്തി. സർവകലാശാല സേവനങ്ങൾ ആധുനീകരിക്കാൻ ഓഫിസ് ഓട്ടോമേഷന് ആറുകോടി മാറ്റിെവച്ചു. മുൻ വൈസ് ചാൻസലറും ജ്ഞാനപീഠം ജേതാവുമായ ഡോ. യു.ആർ. അനന്തമൂർത്തിയുടെ സ്മരണാർഥം സർവകലാശാലയിൽ ഓപൺ എയർ ഓഡിറ്റോറിയം നിർമിക്കും. സ്‌പോർട്‌സ് ഹബിന് മൂന്നുകോടി രൂപ ചെലവഴിക്കും. ധ്രുവപഠനങ്ങൾക്ക് അന്തർദേശീയ കേന്ദ്രം സ്ഥാപിക്കും.
സർവകലാശാല കാമ്പസിനെ ജൈവവൈവിധ്യ കലവറയാക്കാനും മാലിന്യസംസ്‌കരണം ഫലപ്രദമായി നടപ്പാക്കാനുമായി ഗ്രീൻ കാമ്പസ് സീറോ വേസ്റ്റ് കാമ്പസ് പദ്ധതി നടപ്പാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.