മുണ്ടക്കയം: നഗരം ഭിക്ഷാടന സംഘത്തിന്റെ പിടിയിൽ. മുണ്ടക്കയത്തും സമീപത്തും അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ഭിക്ഷാടന സംഘങ്ങൾ പെരുകുകയാണ്. കൈകുഞ്ഞുങ്ങളുമായി നിരവധി സ്ത്രീകളാണ് വീടുകൾ തോറും കയറിയിറങ്ങി ഭിക്ഷാടനം നടത്തുന്നത്. ഇതിന് പിന്നിൽ ഭിക്ഷാടന മാഫിയകളുടെ ഇടപെടലുള്ളതായി സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു.
മുണ്ടക്കയം ടൗൺ, മുപ്പത്തിയെന്നാം മൈൽ, കരിനിലം പൈങ്ങന, ചിറ്റടി എന്നിവിടങ്ങളിലെല്ലാം ഇത്തരം സ്ത്രീകളുടെ സാന്നിധ്യം പതിവായിരിക്കുന്നു. മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയത്തിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. അഞ്ചു വയസ്സിൽ താഴെയുള്ള പത്തോളം കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘം പുത്തൻചന്ത സ്റ്റേഡിയത്തിൽ ക്യാമ്പ് ചെയ്യാൻ തുടങ്ങിയിട്ട് ഒരു മാസമായതായി പ്രദേശവാസികൾ പറയുന്നു. പകൽ കുട്ടികളെ ഉപയോഗിച്ച് സമീപത്തെ വീടുകളിൽ ഭിക്ഷാടനം പതിവാണ്. കൂടാതെ ഭക്ഷണം, വസ്ത്രം, ചെരിപ്പ്, അടക്കമുള്ള സാധനങ്ങൾ മോഷണം പോകുന്നതായി പ്രദേശവാസികൾ പറയുന്നു. ഇതിനു പിന്നിൽ ഭിക്ഷാടന സംഘമാണെന്നാണ് പ്രദേശവാസികളുടെ പരാതി.
പ്രളയത്തിൽ മണിമലയാറ്റിൽ അടിഞ്ഞ മണലും മാലിന്യങ്ങളും പുത്തൻചന്ത സ്റ്റേഡിയത്തിൽ നിക്ഷേപിച്ചതോടെ സ്റ്റേഡിയം ഉപയോഗയോഗ്യമല്ലാതായി മാറിയിരുന്നു. ഈ പ്രദേശമാണ് ഇപ്പോൾ നാടോടി ഭിക്ഷാടന സംഘങ്ങൾ കൈയടക്കിയിരിക്കുന്നത്.
ബസ്യാത്രകളിലും ബസ്സ്റ്റാൻഡുകളിലും യാചകശല്യം യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ യാചകരെ എത്തിക്കുന്നതിനു പിന്നിൽ മാഫിയ സംഘങ്ങളുണ്ട്. രാവിലെ ടൗണിലെത്തിക്കുന്ന യാചക സംഘത്തെ വൈകി സംഘം തന്നെ തിരികെ കൊണ്ടുപോകുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.