കോട്ടയം: അവസാനനിമിഷം വരെ സസ്പെൻസ് നിലനിർത്തി ഒടുവിൽ നാട്ടകം സുരേഷിനെ (51) ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി പ്രഖ്യാപിച്ചു. ഉമ്മൻ ചാണ്ടിയുടെ നിർദേശം ഹൈകമാൻഡ് അംഗീകരിച്ചെന്നാണ് വിവരം. ആദ്യഘട്ടം മുതലേ നാട്ടകം സുരേഷിെൻറ പേരാണ് ഉയർന്നുകേട്ടതെങ്കിലും ഇടക്ക് സാമുദായിക പ്രാതിനിധ്യത്തിെൻറ പേരിൽ അഡ്വ. ഫിൽസൻ മാത്യൂസിെൻറ പേരും നിർദേശിക്കപ്പെട്ടു. എന്നാൽ, പട്ടിക ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഉമ്മൻ ചാണ്ടി രംഗത്തിറങ്ങിറങ്ങി. നാട്ടകം സുരേഷ്, യൂജിൻ മെറേലി, ജോമോൻ ഐക്കര, അഡ്വ. ഫിൽസൺ മാത്യൂസ് എന്നിങ്ങനെ നാലുപേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് വന്നത്.
പക്ഷേ ഉമ്മൻ ചാണ്ടി ഇക്കാര്യത്തിൽ മനസ്സ് തുറക്കാൻ തയാറായില്ല. ഇൗ അവസരം കണക്കിലെടുത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ടി. തോമസും ചേർന്ന് നാട്ടകം സുരേഷിനെ ഉയർത്തിക്കാണിച്ചു. എന്നാൽ, കോട്ടയത്ത് ഉമ്മൻ ചാണ്ടി നിർദേശിക്കുന്ന പേര് അംഗീകരിക്കാമെന്നതായിരുന്നു ഹൈകമാൻഡിെൻറ നിലപാട്. ഇതോടെ ഭിന്നത മറന്ന് തിരുവഞ്ചൂർ ഉമ്മൻ ചാണ്ടിയോടൊപ്പം നിലയുറപ്പിച്ചു. കോട്ടയത്തിന് പകരം ഇടുക്കിയിൽ ക്രൈസ്തവ സമുദായാംഗത്തിന് അവസരം നൽകി സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്തു.
സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് പഠിച്ച മുൻ മന്ത്രി വി.സി. കബീറിെൻറ നേതൃത്വത്തിലുള്ള ഉപസമിതി റിപ്പോര്‍ട്ടിൽ മധ്യകേരളത്തില്‍ ക്രൈസ്തവ വിഭാഗത്തിെൻറ വോട്ടിൽ വൻ ചോര്‍ച്ചയുണ്ടായതായി വിലയിരുത്തിയിരുന്നു. ക്രൈസ്തവ വിഭാഗം പാർട്ടിയുമായി അകന്നതും കേരള കോൺഗ്രസ്-എം, യു.ഡി.എഫ് വിട്ടതുമാണ് ഇതിനു കാരണങ്ങളായി ചൂണ്ടിക്കാട്ടിയത്.
ഈ സാഹചര്യത്തിൽ ക്രൈസ്തവ സമുദായത്തിന് സ്വാധീനമുള്ള ജില്ലയിൽ ഈ സമുദായത്തിൽനിന്നുതന്നെയുള്ളയാളെ അധ്യക്ഷനാക്കണമെന്നായിരുന്നു ഒരുവിഭാഗത്തിെൻറ ആവശ്യം. അക്കാരണത്താലാണ് യാക്കോബായ സഭാംഗമായ ഫിൽസൻ മാത്യൂസിെൻറ പേര് നിർേദശിക്കപ്പെട്ടത്.
ജനകീയതയും സംഘടനരംഗത്തെ പ്രവർത്തനപരിചയവുമാണ് സുരേഷിന് തുണയായത്. വെള്ളാപ്പള്ളി നടേശെൻറ പിന്തുണയും സുരേഷിനുണ്ട്. നാട്ടകം മറിയപ്പള്ളി ഗവ. സ്കൂളിൽനിന്ന് കെ.എസ്.യു വഴിയാണ് സുരേഷ് രാഷ്ട്രീയത്തിൽ എത്തിയത്. നാട്ടകം പഞ്ചായത്തിൽ രണ്ടുതവണ പ്രസിഡൻറും കോട്ടയം നഗരഗസഭ കൗൺസിലറായും പ്രവർത്തിച്ചു.
കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ് താലൂക്ക് സെക്രട്ടറി, ജില്ല സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി പദവികളും വഹിച്ചു. നിലവിൽ കെ.പി.സി.സി സെക്രട്ടറിയാണ്. ഭാര്യ: ഗംഗ (കോട്ടയം കാർഷിക വികസന ബാങ്ക് ജീവനക്കാരി). മക്കൾ: ലക്ഷ്മി (എം.ബി.ബി.എസ് വിദ്യാർഥി),ദേവ (ആലപ്പുഴ പോളികാർമൽ പോളിടെക്നിക് വിദ്യാർഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.