കോട്ടയം: സൂപ്രണ്ട് സ്ഥലം മാറിപ്പോയതോടെ ജില്ല ആശുപത്രി നാഥനില്ലാക്കളരിയായി. 220 കോടിയുടെ കിഫ്ബി പദ്ധതിയും നൂറോളം പ്രോജക്ടും വികസനപ്രവർത്തനങ്ങളും എവിടെയുമെത്താതെ കിടക്കുമ്പോഴാണ് ആശുപത്രിയുടെ മേൽനോട്ടത്തിന് ആളില്ലാത്ത അവസ്ഥ.
ഡെപ്യൂട്ടി സൂപ്രണ്ടിന് അധികചുമതല നൽകിയിട്ടുണ്ടെങ്കിലും അവർക്ക് എല്ലായിടത്തും ഓടിയെത്താനാകാത്ത അവസ്ഥയാണ്. അഞ്ചുമാസം മുമ്പാണ് സൂപ്രണ്ട് ബിന്ദുകുമാരി എൻ.എച്ച്.എം സംസ്ഥാന പ്രോഗ്രാം മാനേജറായി സ്ഥാനക്കയറ്റം കിട്ടി തിരുവനന്തപുരത്തേക്ക് പോയത്. പകരം നിയമനം നടത്താൻ ഇതുവരെ ആരോഗ്യവകുപ്പ് തയാറായിട്ടില്ല. 220 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ പണിയാണ് പ്രധാനമായി മുടങ്ങിയത്. നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി കുഴിച്ചെടുത്ത മണ്ണ് എന്തുചെയ്യണമെന്ന് തീരുമാനമായിട്ടില്ല. ഇതുവരെ എടുത്ത മണ്ണ് ആർ.എം.ഒ ഓഫിസ് പരിസരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. അവിടെ ഇനി മണ്ണിടാൻ ഒരിഞ്ചുപോലും സ്ഥലമില്ലാത്തതിനാൽ പണി നിർത്തിവെച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനു മുമ്പുതന്നെ മണ്ണിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതായിരുന്നു. അതിനു കഴിയാത്തതിനാൽ പെരുമാറ്റച്ചട്ടം നീങ്ങാതെ മണ്ണ് അനങ്ങില്ല. മന്ത്രിയുടെയും എം.എൽ.എയുടെയും ജില്ല പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാരുടെയും വില്ലേജ് ഓഫിസർമാരുടെയും യോഗം വിളിച്ചാൽ എവിടെയൊക്കെയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് മണ്ണ് ആവശ്യമുള്ളതെന്ന് അറിയാനാകും. കോടിക്കണക്കിനു രൂപയുടെ മണ്ണാണ് ഇവിടെ നിന്ന് നീക്കാനുള്ളത്. ഹെൽത്ത് സംവിധാനവും ആശുപത്രിയിൽ തുടങ്ങി. ഇതിനു മേൽനോട്ടം വഹിക്കാനും ആളില്ല.
2024ൽ തന്നെ ആരോഗ്യമേഖലയിലെ സർക്കാറിന്റെ പ്രോജക്ടുകൾ തീർക്കേണ്ടതുണ്ട്. കാലാവധി തീരാറായിട്ടും പല പദ്ധതികളും പാതിവഴിയിലാണ്. സൂപ്രണ്ടിന്റെ അഭാവമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്നാണ് സംസാരം. ഡെപ്യൂട്ടി സൂപ്രണ്ടിന് കൗൺസലിങ്ങിനു പുറമെ വിവിധ ചുമതലകളുണ്ട്. ഇതിനൊപ്പമാണ് പ്രോജക്ടുകൾ നോക്കേണ്ടതും. ഭരണവിഭാഗത്തിൽ അനുഭവപരിജ്ഞാനമുള്ളവർ ഇല്ലാത്തതും നിലവിൽ പ്രതിസന്ധിക്ക് ഇടയാക്കുന്നു. ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങളും താളംതെറ്റുകയാണ്. ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടാതെ പ്രശ്ന പരിഹാരമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.