കോട്ടയം: ആഗസ്റ്റ് എത്തിയിട്ടും മഴയില്ല, കാലവര്‍ഷം മുടന്തുമ്പോൾ ജനം വരൾച്ചയുടെ ആശങ്കയിൽ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 43 ശതമാനത്തിന്റെ കുറവാണ് മഴയുടെ അളവിലുണ്ടായിരിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ ബുധനാഴ്ച വരെ ജില്ലയില്‍ 1249 മില്ലീമീറ്റര്‍ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കിട്ടിയത് 713.5 മില്ലീമീറ്റര്‍ മാത്രം.
ഏതാനും വര്‍ഷങ്ങളായി ജൂണില്‍ മഴ കുറയുന്ന പ്രവണതയാണെങ്കില്‍ ജൂലൈ പകുതിക്കുശേഷം ശക്തിപ്പെടാറുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ജൂലൈ ആദ്യവാരം മൂന്നുദിവസം പെയ്തതൊഴിച്ചാല്‍ ശക്തമായ മഴയുണ്ടായില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി കനത്ത ചൂടുമാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും മഴ കുറഞ്ഞ ജൂലൈ മാസമാണ് കടന്നുപോകുന്നത്. ജൂണിലും സമാന സാഹചര്യമായിരുന്നു. ആഗസ്റ്റിലും സെപ്റ്റംബറിലുമായി ശക്തമായ മഴ പെയ്തില്ലെങ്കില്‍ വേനല്‍ക്കാലം ദുഷ്കരമാകാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍.
മുൻവർഷങ്ങളിൽ ആഗസ്റ്റില്‍ കനത്ത മഴ പെയ്തിരുന്നു. ഉരുൾപൊട്ടൽ അടക്കമുള്ള ദുരന്തങ്ങളിലേക്കും ഇത് നയിച്ചിരുന്നു. എന്നാൽ, ഇതുവരെ ശക്തമായ മഴ ജില്ലയിലൊരിടത്തും പെയ്തിട്ടില്ല. ആഗസ്റ്റിലും സെപ്റ്റംബറിലും നിലവിലെ സാഹചര്യത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയില്ലെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ആശങ്ക വർധിപ്പിക്കുന്നു.
മഴ കുറഞ്ഞതോടെ ജൂലൈ ആദ്യവാരം നിറഞ്ഞു കവിഞ്ഞൊഴുകിയ പുഴകളെല്ലാം ദുര്‍ബലമായി. പ്രളയത്തിൽ മുങ്ങിയ മണിമലയാറിന്റെ വിവിധ ഭാഗങ്ങളില്‍ പാറക്കൂട്ടങ്ങള്‍ വീണ്ടും തെളിഞ്ഞുതുടങ്ങി. ഒഴുക്കിന്റെ ശക്തിയും കുറഞ്ഞു. മീനച്ചിലാറ്റിലും ജലനിരപ്പ് കുറഞ്ഞു. തീവ്രമഴയില്‍ വെള്ളത്തില്‍ മുങ്ങിയ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും മഴ മാറിയതോടെ ദുരിതം വര്‍ധിച്ചിരിക്കുകയാണ്. ചെറുതോടുകളില്നിന്ന് ഉള്‍പ്പെടെ പോളയും പായലും ഒഴുകി മാറാത്തതാണ് ദുരിതത്തിന് കാരണം. വള്ളങ്ങൾക്ക് അടക്കം സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്.
കാര്‍ഷിക വിളകള്‍ക്ക് മഴക്കുറവ് കാര്യമായ ദോഷമുണ്ടാക്കില്ലെങ്കിലും ദീര്‍ഘകാലം ഗുരുതര പ്രതിസന്ധിക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ചൂട് ഇനിയും വർധിച്ചാൽ കാർഷികവിളകളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മഴ മാറിയതിന് പിന്നാലെ പകല്‍ച്ചൂടും വര്‍ധിച്ചു. മൺസൂണിന്റെ ആരംഭത്തിലുണ്ടായ ബിപർജോയ് ചുഴലിക്കാറ്റാണ് കാലവർഷം കുറയാൻ പ്രധാന കാരണമായി കാലാവസ്ഥ വിഗദ്ധർ ചൂണ്ടിക്കാട്ടുന്നത്.
മധ്യ ഇന്ത്യൻ മഹാസമുദ്രത്തിൽ താപനില കൂടുന്നതും മഴക്ക് അനുകൂല കാലാവസ്ഥ രൂപപ്പെടാൻ തടസ്സമാകുന്നു.
ഇനി മൺസൂൺ ശക്തി പ്രാപിക്കണമെങ്കിൽ ബംഗാൾ ഉൾക്കടലിലോ അറബിക്കടലിലോ തീരത്തോടു ചേർന്ന് ന്യൂനമർദം രൂപപ്പെടണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷങ്ങളിൽ ഇത്തരം ന്യൂനമർദങ്ങളെ തുടർന്ന് അതിതീവ്ര മഴ പെയ്തിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.