കോട്ടയം: തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസിന്റെ ബോഗി തകരാറിലായതിനെ തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഒരുമണിക്കൂറോളം പിടിച്ചിട്ടു. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. ട്രെയിനിന്റെ പാന്‍ട്രി ബോഗിയുടെ ചക്രം കറങ്ങാത്തതാണ് ട്രെയിൻ പിടിച്ചിടാൻ കാരണമെന്നാണ് റെയിൽവേയുടെ വിശദീകരണം. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിനിന്റെ പാൻട്രി ബോഗി കൊല്ലം അടുക്കുന്നതിന് മുമ്പായി തകരാറിലായി. കൊല്ലത്ത് ബോഗിയുടെ തകരാർ പരിഹരിക്കുന്നതിനുള്ള സൗകര്യമില്ലാത്തതിനെ തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.
അധികൃതർ വിവരമറിയിച്ചതിനെതുടർന്ന് എറണാകുളത്ത് നിന്നും മറ്റൊരു ബോഗി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിച്ചു. ട്രെയിനിന്റെ മധ്യഭാഗത്തെ ബോഗി ആയതിനാൽ, എഞ്ചിൻ ഉപയോഗിച്ച് പകുതി ബോഗികൾ നീക്കി പ്രവർത്തനരഹിതമായ പാൻട്രി ബോഗി നീക്കുകയും പകരം എത്തിച്ച ബോഗി ഘടിപ്പിക്കുകയുമായിരുന്നു. ചക്രം തകരാറിലായ പാൻട്രി ബോഗി പ്ലാറ്റ്ഫോം ആറിലേക്ക് മാറ്റി.
2.50ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടിയിരുന്ന കേരള എക്സ്പ്രസ് ഇതുമൂലം ഒരു മണിക്കൂറിലധികം വൈകിയാണ് എത്തിയത്. വൈകിട്ട് 4.15ന് സ്റ്റേഷനിൽ എത്തിയ ട്രെയിൻ തകരാറുകൾ പരിഹരിച്ച് ആറിന് ശേഷമാണ് യാത്ര തുടർന്നത്. സംഭവത്തെ തുടർന്ന് ട്രെയിനിൽ റിസർവ് ചെയ്ത മറ്റു സ്റ്റേഷനുകളിൽ കാത്തുനിന്നവരും ട്രെയിനിൽ ഉണ്ടായിരുന്നവരും ദുരിതത്തിലായി. കേരള എക്സ്പ്രസ് വൈകിയതോടെ മറ്റ് ട്രെയിനുകളുടെ സമയക്രമവും വൈകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.