കോട്ടയം: നഗരസഭയിൽ അഞ്ചുവർഷത്തെ പെൻഷൻ രജിസ്റ്റർ കാണാനില്ല. കോടികളുടെ സാമ്പത്തിക തട്ടിപ്പു നടന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. അഞ്ചുവർഷത്തെ വരെ പെൻഷൻ രജിസ്റ്റർ ഇല്ലെന്നാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, 2012 മുതൽ രജിസ്റ്റർ ഇല്ലെന്നാണ് അനൗദ്യോഗിക വിവരം. അതുകൊണ്ടാണ് പെൻഷൻ ഫണ്ടിൽനിന്ന് എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമായി പറയാൻ നഗരസഭ അധികൃതർക്ക് കഴിയാത്തത്.
കൃത്യമായി പെൻഷൻ വാങ്ങുന്നവരുടെ വിവരങ്ങൾ 90 ശതമാനവും ലഭ്യമാണ്. എന്നാൽ, കണ്ടിൻജന്റ്, ഫാമിലി പെൻഷൻ എന്നിവ സംബന്ധിച്ച ഒരു രേഖയുമില്ല. പെൻഷൻ വിഭാഗത്തിൽ നേരത്തേ മുതൽ കൃത്രിമം നടന്നിരുന്നുവെന്നും കാലാകാലങ്ങളിൽ അവർ ഫയലുകൾ മുക്കിയെന്നുമാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. അഖിൽ സി. വർഗീസ് നടത്തിയ തട്ടിപ്പ് ഇതിന്റെ തുടർച്ച മാത്രമാണ്. സമഗ്ര അന്വേഷണത്തിലൂടെ മാത്രമേ വിവരങ്ങൾ പുറത്തുവരൂ. നഷ്ടപ്പെട്ടത് 2.5 കോടിയെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. അതിലേറെ വരുമെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നു.
അവസാന വഴി എന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷം ബാങ്കുകളിലേക്ക് പെൻഷൻ ഫണ്ടിൽനിന്ന് ട്രാൻസ്ഫർ ചെയ്ത തുകയുടെ സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. എത്ര പേർ പെൻഷൻ വാങ്ങുന്നുവെന്നോ അനധികൃതമായി പെൻഷൻ വാങ്ങുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും അറിയാൻ വഴിയില്ല. വിഷയത്തിൽ സെക്രട്ടറിയുടെ പി.എക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിൽ വിശദീകരണം നൽകിയിട്ടുണ്ട്. തുടർന്ന് സെക്രട്ടറിയുടെ റിപ്പോർട്ടിൽ സർക്കാറാണ് തീരുമാനമെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.