കോട്ടയം: പുതുപ്പള്ളിയിലെ സ്ഥാനാർഥികൾ പ്രചാരണപ്പാച്ചിലിൽ. നാട് ഉത്രാടപ്പാച്ചിലിലേക്ക് നീങ്ങുന്ന തിങ്കളാഴ്ച തിരക്കിട്ട പ്രചാരണത്തിനാണ് മൂന്നു മുന്നണികളും തീരുമാനിച്ചിരിക്കുന്നത്. തിരുവോണമടക്കമുള്ള ദിവസങ്ങളിൽ പൊതുപ്രചാരണമില്ലാത്തതിനാൽ തിങ്കളാഴ്ച പരമാവധി വോട്ടർമാരെ കാണാനാണ് ഇവരുടെ തീരുമാനം.
യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍ ഓണം മുതൽ മൂന്നു ദിവസം പൊതുപ്രചാരണമില്ല. ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള ആദ്യ ഓണമായതിനാൽ ഇത്തവണ വീട്ടിൽ ഓണാഘോഷമില്ല. സ്ഥാനാർഥിയെന്ന നിലയിൽ മണ്ഡലത്തിലെ വിവിധ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കും.
എൽ.ഡി.എഫ് സ്ഥാനാർഥി ജയ്ക് സി.തോമസും ഓണദിവസങ്ങളിൽ പൊതുപ്രചാരണം ഒഴിവാക്കും. എന്നാൽ, മണ്ഡലത്തിലുടനീളം വോട്ടർമാരെ കാണാനും തെരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താനും സമയം ചെലവഴിക്കും. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ നൽകുന്ന ഉച്ചഭക്ഷണ വിതരണത്തിൽ പങ്കെടുത്ത് അവർക്കൊപ്പം തിരുവോണ നാളിൽ ഭക്ഷണം കഴിക്കും. മണ്ഡലത്തിലെ ഓണാഘോഷ പരിപാടികളിലും പങ്കെടുക്കും.
എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാലിന് ഓണം മുതൽ മൂന്നു ദിവസം പൊതുപ്രചാരണമില്ല. എന്നാൽ, ഈ ദിവസങ്ങളിൽ പൂർണമായി മണ്ഡലത്തിലുണ്ടാകും. ഓണാഘോഷങ്ങൾ, അവിട്ടം, ചതയ ദിന ഘോഷയാത്രകൾ എന്നിവിടങ്ങളിൽ സാന്നിധ്യം അറിയിച്ച് പരമാവധി വോട്ടർമാരെ നേരിൽക്കാണാനാണ് തീരുമാനം.
പുതുപ്പള്ളിക്ക് പുറത്തായിരുന്ന ചാണ്ടി ഉമ്മൻ ഞായറാഴ്ച പ്രമുഖരെ സന്ദർശിച്ച് പിന്തുണ തേടി. ഉമ്മൻ ചാണ്ടിയുടെ ചരമദിനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ശുശ്രൂഷകളിൽ ഞായറാഴ്ച പങ്കെടുത്ത ചാണ്ടി ഉമ്മൻ തുടർന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറിനെ അദ്ദേഹത്തിന്റെ വഞ്ചിയൂരുള്ള ഓഫിസിലെത്തി സന്ദർശിച്ചു. തുടർന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെ സന്ദർശിച്ച് അനുഗ്രഹം തേടി. ശേഷം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ സന്ദർശനം നടത്തി. ഇവിടെനിന്ന് മാന്നാറിലെത്തിയ സ്ഥാനാർഥി മഹാത്മാഗാന്ധി ജലോത്സവത്തിൽ പങ്കെടുത്തു. വെപ്പ് വള്ളങ്ങളുടെ മത്സരത്തിലെ ജേതാവിന് ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥമുള്ള ട്രോഫിയും ചാണ്ടി ഉമ്മൻ സമ്മാനിച്ചു.
രണ്ടുദിവസത്തെ ഇടവേളക്കുശേഷം ചാണ്ടി ഉമ്മന്റെ പൊതുപ്രചാരണം തിങ്കളാഴ്ച പുനരാരംഭിക്കും. ഉമ്മൻ ചാണ്ടിയുടെ 40ാം ചരമദിനവുമായി ബന്ധപ്പെട്ട് പുതുപ്പള്ളിയിലും തിരുവനന്തപുരത്തുമായി നടന്ന ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനാലാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലെ പൊതുപര്യടനം ഒഴിവാക്കിയത്. തിങ്കളാഴ്ച മണർകാട് പഞ്ചായത്തിൽ സ്ഥാനാർഥി പര്യടനം നടത്തും. രാവിലെ 8.30ന് കണ്ടൻകാവിൽനിന്ന് പര്യടനം ആരംഭിക്കും. വൈകീട്ട് 7.30ന് പര്യടനം മണർകാട് കവലയിൽ സമാപിക്കും. സെപ്റ്റംബർ ഒന്നിന് വാകത്താനം, രണ്ടിന് അകലക്കുന്നം പഞ്ചായത്തുകളിലും സ്ഥാനാർഥി പര്യടനം നടത്തും.
അതിവേഗത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്റെ പ്രചാരണം. ഞായറാഴ്ച മൂന്ന് പഞ്ചായത്തുകളിലായി പര്യടനം ക്രമീകരിച്ചിരുന്നതിനാൽ അതിവേഗമായിരുന്നു യാത്ര. അയർക്കുന്നം പഞ്ചായത്തിലെ മുതലവാലയിൽനിന്നായിരുന്നു ജെയ്ക്കിന്റെ വാഹന പര്യടനം ആരംഭിച്ചത്. നൂറുകണക്കിന് ഇരുചക വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു യാത്ര. ഓരോ സ്ഥലത്തും ചുവപ്പുഷാളും മാലകളും അണിയിച്ചു വരവേൽപ്. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടവും മണ്ഡലത്തിലെ വികസന തളർച്ചയും ചൂണ്ടിക്കാട്ടിയുള്ള സ്ഥാനാർഥിയുടെ ഹ്രസ്വപ്രസംഗം, തുടർന്ന് അടുത്ത സ്വീകരണ സ്ഥലത്തേക്ക്.
പാറേക്കാട്, പുളിഞ്ചുവട്, അയർക്കുന്നം ടൗൺ ഒറ്റപ്ലാക്കൽ, ഇളപ്പാനി എല്ലായിടത്തും വൻ സ്വീകരണങ്ങൾ. ഉച്ചയോടെ അകലകുന്നത്തേക്ക്. ഇതിനിടെ സ്ഥാനാർഥിക്കൊപ്പം സെൽഫി എടുക്കാൻ യുവാക്കളുടെ തിരക്ക്.
തുടർന്ന് മണ്ണൂർ പള്ളി, കിളിയൻകുന്ന്, മണൽ, പാദുവ, മാഞ്ഞാമറ്റം, കരിമ്പാനി, ഇടമുള, ചെങ്ങളം, മറ്റപ്പള്ളി, മുണ്ടൻകുന്ന്, മൂഴൂർ എന്നിവിടങ്ങളിലും സ്ഥാനാർഥക്ക് വരവേൽപ്.
വൈകീട്ടോടെ യാത്ര കൂരോപ്പടയിലേക്ക്. രാത്രിയായതോടെ സ്വീകരണ കേന്ദ്രങ്ങൾ ദീപാലംകൃതമായി. ളാക്കാട്ടൂർ സ്കൂൾ, കുളത്തിങ്കൽ, പുതുക്കുളം, ളാക്കാട്ടൂർ കവല, നെടുമറ്റം എല്ലായിടത്തും സ്ഥാനാർഥിയെ സ്വീകരിക്കാൻ തിരക്ക്. രാത്രി ഏറെ വൈകി കൂരോപ്പട ജങ്ഷനിൽ പ്രചാരണം സമാപിച്ചു.
ഓണാഘോഷങ്ങളിൽ പങ്കുചേർന്ന് എൻ.ഡി.എ സ്ഥാനാര്‍ഥി ജി.ലിജിൻ ലാൽ. മറ്റക്കര 151ാം നമ്പര്‍ എൻ.എസ്.എസ് കരയോഗം, യോഗക്ഷേമ സഭ അമയന്നൂര്‍ ശാഖ, മണര്‍കാട് എസ്.എൻ.ഡി.പി ശാഖ തുടങ്ങിയ ഇടങ്ങളിലെ ഓണാഘോഷങ്ങളിലും കുടുംബ സംഗമങ്ങളിലുമാണ് ഞായറാഴ്ച രാവിലെ ലിജിന്‍ലാല്‍ പങ്കെടുത്തത്. പാമ്പാടി, മണർകാട്, അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലും എത്തിയ സ്ഥാനാർഥി വിവിധ പരിപാടികളിൽ പങ്കെടുത്തു.
രാവിലെ പാമ്പാടി ശ്രീവിരാട് വിശ്വകര്‍മ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് പര്യടന പരിപാടികള്‍ ആരംഭിച്ചത്. ബി.ജെ.പി മേഖല സെക്രട്ടറി എന്‍. ഹരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. പുതുപ്പള്ളിയുടെ സ്വന്തം കായികവിനോദമായ നാടന്‍ പന്തുകളിയുടെ ആരവം ഉയരുന്ന പുതുപ്പള്ളിയിലെ കളിക്കളത്തിലായിരുന്നു ഉച്ചകഴിഞ്ഞ് ലിജിന്‍ ലാല്‍ എത്തിയത്. അഖില കേരള നാടന്‍ പന്തുകളിയുടെ കോര്‍ട്ടിലെത്തി താരങ്ങളെ പരിചയപ്പെട്ട ലിജിന്‍ ബി.കെ.എന്‍.ബി.എഫ് ബഹ്റൈൻ ടീമിന്റെ ടീം ജഴ്സി പ്രകാശനം ചെയ്തു. പന്തുകളി കാണാനെത്തിയവരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചു.
വൈകീട്ട് നാലിന് പുതുപ്പള്ളി പഞ്ചായത്തിലെ വെന്നിമലയിൽനിന്നള ആരംഭിച്ച വാഹനപര്യടനം വൈകീട്ട് പുതുപ്പള്ളി കവലയിൽ സമാപിച്ചു. തിങ്കളാഴ്ച രാവിലെ മീനടം പഞ്ചായത്തിൽ സമ്പർക്കവും വൈകീട്ട് മണർകാട് പഞ്ചായത്തിലുമാണ് സ്ഥാനാർഥി പര്യടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.