കോട്ടയം: തിരുനക്കരയിലെ രാജധാനി ബാർ ഹോട്ടൽ കെട്ടിടത്തിലെ അനധികൃത നിർമാണങ്ങളെല്ലാം മുനിസിപ്പാലിറ്റിയുടെ അനുവാദത്തോടെ. നിയമം ലംഘിച്ച് നടത്തുന്ന നിർമാണപ്രവൃത്തികളെക്കുറിച്ച് കഴിഞ്ഞ കൗൺസിൽ കാലത്ത് ഉദ്യോഗസ്ഥർ പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടും മുനിസിപ്പാലിറ്റി അനങ്ങിയില്ല. നിയമം ലംഘിച്ചു നടത്തിയ നിർമാണങ്ങൾ സാധൂകരിക്കുകയാണ് കൗൺസിൽ തീരുമാനപ്രകാരം രൂപവത്കരിച്ച ഉപസമിതിയും ചെയ്തത്. 2019-20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
നഗര ഹൃദയത്തിൽ കോടികൾ വില വരുന്ന മുനിസിപ്പാലിറ്റിയുടെ ഭൂമിയിൽ ചട്ടങ്ങൾ ലംഘിച്ച് ത്രീ സ്റ്റാർ ബാർ ഹോട്ടൽ തുടങ്ങാനുള്ള എല്ലാ ആനുകൂല്യങ്ങളും ചെയ്തുകൊടുത്തതായാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.
നിയമലംഘനങ്ങൾ അക്കമിട്ടു നിരത്തിയിട്ടും ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാനോ പരിഹാരമാർഗങ്ങൾ തേടാനോ നഗരസഭ തയാറായിട്ടില്ല. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സർക്കാർ തലത്തിൽ അന്വേഷണം വേണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
2018 ൽ വിവിധ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്ത 12 നിയമലംഘനങ്ങളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രണ്ടു നിലകെട്ടിടം മോടിപിടിപ്പിക്കാനാണ് വാടകക്കാരന് അനുമതി നൽകിയിരുന്നത്. എന്നാൽ, ഇതിന്റെ മറവിൽ മുകൾനില പണിയുകയാണ് ചെയ്തത്. കെട്ടിടത്തിലെ മുറികൾക്ക് രൂപമാറ്റം വരുത്തുകയും ലിഫ്റ്റ് സ്ഥാപിക്കുകയും ചെയ്തു.
അപകടകരമായ രീതിയിൽ മണ്ണെടുത്തതിനാൽ കെട്ടിടത്തിന് ബലക്ഷയം സംഭവിക്കാമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്ഥിരമായി മുനിസിപ്പാലിറ്റിയുടെ നിർദേശങ്ങൾ ലംഘിക്കുന്നതിനാൽ ലൈസൻസ് റദ്ദാക്കാൻ എക്സിക്യൂട്ടിവ് എൻജിനീയറും അസി. എക്സിക്യൂട്ടിവ് എൻജിനീയറും ശിപാർശ ചെയ്തതായും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.