കോട്ടയം: പാതിവഴിയിൽ നിലച്ച കോടിമത രണ്ടാംപാലത്തിന്റെ നിർമാണം പുനഃരാരംഭിക്കുന്നു. ഇതിനായി കരാറായി. 6.50 കോടിക്ക് പഴയ കരാറുകാരന് തന്നെയാണ് തുടർനിർമാണച്ചുമതല. ഇതോടെ മൊത്തം നിർമാണചെലവ് 17 കോടിയായി ഉയർന്നു.
എം.സി റോഡ് നവീകരണ ഭാഗമായാണ് കോടിമതയിൽ നിലവിലെ പാലത്തിനൊപ്പം രണ്ടാമത്തേത് നിർമിക്കാൻ നടപടി തുടങ്ങിയത്. 18 മാസം നിർമാണ കാലാവധി നിശ്ചയിച്ച് 2015 ആഗസ്റ്റിലാണ് പുതിയ പാലത്തിന്റെ ജോലികൾ ആരംഭിച്ചത്.
കെ.എസ്.ടി.പിക്കായിരുന്നു നിർമാണച്ചുമതല. എം.സി റോഡ് വികസനത്തോടൊപ്പം പാലവും പൂർത്തിയാക്കാനായിരുന്നു ശ്രമം. എന്നാൽ, പാലത്തിന് താഴെയായി താമസിച്ചിരുന്ന രണ്ട് കുടുംബത്തെ മാറ്റി താമസിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. കെ.എസ്.ടി.പി നിശ്ചയിച്ച നഷ്ടപരിഹാരത്തുക കുറവായതിനാൽ കുടുംബങ്ങൾ എതിർത്തു. ഇതിൽ തട്ടി നിർമാണം നീണ്ടു. കലക്ടർമാരടക്കം ഇടപെട്ടിട്ടും പ്രശ്നപരിഹാരമാകാതിരുന്നതോടെ 2017 മേയിൽ നിർമാണം പൂർണമായും നിലച്ചു. ഇതിനിടെ എം.സി റോഡ് നവീകരണം കെ.എസ്.ടി.പി പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറിയതോടെ പകുതി നിർമിച്ച പാലം നോക്കുകുത്തിയായി.
ഇതിൽ പ്രതിഷേധം ശക്തമായതോടെ കോട്ടയം നഗരസഭ ഒരു കുടുംബത്തിന് ലൈഫ് പദ്ധതി വഴി സ്ഥലവും വീടും ലഭ്യമാക്കി ഇവരെ മാറ്റിപാർപ്പിച്ചു. രണ്ടാമത്തെ കുടുംബത്തെ മാറ്റി താമസിപ്പിക്കുന്നത് വീണ്ടും വൈകി. 2021 ഫെബ്രുവരിയിൽ സന്നദ്ധ സംഘടന താൽപര്യമെടുത്ത് സ്ഥലവും വീടും ലഭ്യമാക്കിയതോടെ ഇവർ മാറി. ഇതിനിടെ, നിർമാണത്തിൽനിന്ന് വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് കരാറുകാരൻ സർക്കാറിന് കത്ത് നൽകിയത് മറ്റൊരു കടമ്പയായി. കരാറുമായി ബന്ധപ്പെട്ട കാരണത്താലല്ലാതെ നിർമാണം തടസ്സപ്പെട്ട സാഹചര്യത്തിൽ നിർമാണത്തിനായി ചെലവഴിച്ച തുക പൂർണമായി നൽകണമെന്നായിരുന്നു കരാറുകാരന്റെ ആവശ്യം. പാലം നിർമാണം ആരംഭിച്ച കാലത്തെ അപേക്ഷിച്ച് സാമഗ്രികൾക്ക് വലിയതോതിൽ വില ഉയർന്നതിനാൽ നിർമാണം പുനഃരാരംഭിക്കാൻ കഴിയില്ലെന്നും അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്തു. പിന്നീട് നടന്ന ചർച്ചകളിൽ കരാറുകാരെ ഒഴിവാക്കാൻ ധാരണയായി. നിയമനടപടികൾ ഒഴിവാക്കാൻ പൊതുമരാമത്തുവകുപ്പ് കരാറുകാരനുമായി നടത്തിയ ചർച്ചയിൽ തീരുമാനിക്കുകയും ചെയ്തു. രാഷ്ട്രീയ വിവാദങ്ങളിൽപ്പെട്ട് തുടർനടപടികൾ വീണ്ടും ഇഴഞ്ഞു. അടുത്തിടെ മന്ത്രി മുഹമ്മദ് റിയാസും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നടത്തിയ ചർച്ചയിൽ സ്ഥലം ഏറ്റെടുത്ത് എസ്റ്റിമേറ്റ് പുതുക്കുകയായിരുന്നു.
ഇതിന്റെ തുടർച്ചയായി ക്ഷണിച്ച പുതിയ ടെൻഡറിൽ പഴയ കരാറുകാരൻ തന്നെ ജോലി ഏറ്റെടുക്കുകയായിരുന്നു. ഉടൻ തന്നെ പാലത്തിന്റെ ജോലികൾ ആരംഭിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. രണ്ടാം പാലം യാഥാർഥ്യമാകുന്നതോടെ കോടിമത ഭാഗത്തെ തിരക്ക് ഒഴിവാകുന്നതിനൊപ്പം മാർക്കറ്റിലേക്ക് ഭാരവാഹനങ്ങൾക്ക് വേഗം പ്രവേശിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.