കഷ്ടപ്പാടുകളെല്ലാം മറന്ന് ഷീജ നിറഞ്ഞുചിരിച്ചു, അവരെ ചേർത്തുപിടിച്ച് മക്കളും. പോള്‍വാൾട്ട് പിറ്റ് കൈയടികളോടെ ആ സ്നേഹപ്രകടനം ഏറ്റെടുത്തു. പോൾ വാൾട്ടിൽ ജൂനിയര്‍ വിഭാഗം ആൺകുട്ടികളുടെ വിഭാഗത്തിൽ റെക്കോഡോടെ സ്വർണം നേടിയ മിലൻ സാബുവും സീനിയർ വിഭാഗം പെൺകുട്ടികളിൽ സുവർണനേട്ടം എത്തിപ്പിടിച്ച മെല്‍ബ മേരി സാബുവുമാണ് ആ മക്കൾ.
ഏറ്റുമാനൂര്‍ വെട്ടിമുകള്‍ കൊല്ലംപറമ്പില്‍ പരേതനായ സാബുവിന്റെയും ഷീജയുടെയും മക്കളാണ് ഇവർ. ഷീജ വീട്ടുജോലികൾക്ക് പോയാണ് കുട്ടികളുടെ പരിശീലനത്തിനും വിദ്യഭ്യാസത്തിനുമുള്ള പണം കണ്ടെത്തുന്നത്. ഇല്ലായ്മകളിലും കരുത്തായി ഒപ്പം നിൽക്കുന്ന അമ്മക്കാണ് ഇരുവരും വിജയം സമ്മാനിക്കുന്നതും. മത്സരം നടക്കുമ്പോൾ പ്രോത്സാഹനവുമായി മാതാവും സമീപത്തുണ്ടായിരുന്നു. ഷീജ സ്കൂള്‍തലത്തില്‍ അത്ലറ്റിക്സിലും കോളജുതലത്തില്‍ പവര്‍ലിഫ്റ്റിങ് മത്സരങ്ങളിലും സജീവമായിരുന്നു.
പാലാ സെന്റ് തോമസ് എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിയായ മിലൻ 3.60 മീറ്റർ ചാടിയാണ് പുതിയ റെക്കോഡ് സ്ഥാപിച്ചത്. 2008-09ൽ പാലാ സെന്റ് തോമസിലെ തന്നെ ഗോകുൽ ഇ. ബാബു സ്ഥാപിച്ച റെക്കോഡാണ്( 3.30) മിലൻ പുതുക്കിയത്. സഹോദരി മെല്‍ബ 2.50 മീറ്റർ ചാടിയാണ് സ്വർണം സ്വന്തമാക്കിയത്. പാലാ ജംപ്സ് അക്കാദമിയിലെ കെ.പി. സതീശാണ് ഇരുവരുടെയും പരിശീലകന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.