കോട്ടയം: ഓണം വിപണിയടുക്കുമ്പോഴും ഗുണനിലവാരമില്ലാത്ത മസാലപ്പൊടികളുടെ വിൽപന സജീവം. നാടൻ പൊടികൾ എന്ന പേരിൽ ഉയർന്ന വിലയ്ക്ക് വിപണിയിൽ വിൽപന നടത്തുന്നതിനെതിരെ ഭക്ഷ്യസുരക്ഷ വകുപ്പും അളവുതൂക്ക വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ ഉൽപാദന തീയതിയും എഫ്.എസ്.എസ്.ഐ ലൈസൻസും ഉൾപ്പെടെ രേഖപ്പെടുത്തണമെന്ന നിയമം ലംഘിച്ചാണ് ഗുണനിലവാരം കുറഞ്ഞ മുളകുപൊടി ഉൾപ്പെടെയുള്ളവയുടെ വ്യാപകവിൽപന. കറിപ്പൊടികളിൽ മായം കണ്ടെത്തിയ സാഹചര്യത്തിൽ പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങളോട് ജനങ്ങൾ മുഖംതിരിച്ചിരുന്നു. തുടർന്ന് കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രാദേശികമായി ഇത്തരത്തിൽ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് പൊടികൾ വിപണിയിലെത്തിയിരുന്നു. ഇവരുടെ വിൽപനയെ പിന്നിലാക്കിയാണ് കടകളിൽ ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങളുടെ വ്യാപകവിൽപന.
ഇതിന് പുറമെ, വിവിധയിനം വറ്റൽമുളകിന് വലിയതോതിൽ വിലക്കയറ്റമുണ്ടായപ്പോഴുള്ള വിലയാണ് പൊടികൾക്ക് ഇപ്പോഴും ഈടാക്കുന്നതെന്നും ആക്ഷേപമുണ്ട്. സാധാരണ വറ്റൽമുളകിന് ഹോൾസെയിൽ വില 450 രൂപയും കശ്മീരി-പിരിയൻ മുളക് ഇനങ്ങൾക്ക് 700 രൂപവരെ എത്തിയിരുന്നു. എന്നാൽ, സാധാരണ വറ്റൽമുളകിന് 140, കശ്മീരി-പിരിയൻ മുളകിന് 260, എന്നിങ്ങനെയാണ് നിലവിൽ വിപണിവില. കുറഞ്ഞവിലയ്ക്ക് കിട്ടുന്ന മുളകാണ് പൊടിച്ചുവിൽക്കുമ്പോൾ വറ്റൽമുളക് 560, പിരിയൻ-കശ്മീമി മുളക് പൊടി 800 രൂപ എന്ന നിരക്കിൽ വിൽക്കുന്നത്.
ഗുണനിലവാരമില്ലാത്തതിലൂടെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നതിനാൽ പ്രമുഖ ബ്രാൻഡുകൾക്കടക്കം നടപടി നേരിടേണ്ടിവരുന്നു. മാനദണ്ഡങ്ങൾ പാലിക്കപ്പെടാതെ കറിപ്പൊടികൾ വ്യാപകമായി വിൽക്കുമ്പോഴും നടപടി സ്വീകരിക്കാത്തത് ആശങ്കയുയർത്തുകയാണ്. വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലനിർണയത്തിൽ വകുപ്പുകളുടെ അനാസ്ഥ ഒഴിവാക്കി ഓണം വിപണിയിലെ ചൂഷണം ഒഴിവാക്കാൻ കർശന പരിശോധന നടത്തണമെന്ന ഉപഭോക്താക്കളുടെ ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.