കോട്ടയം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് രണ്ടുവർഷം പൂർത്തിയാകുമ്പോൾ പട്ടികജാതി വികസന വകുപ്പ് ജില്ലയിൽ നടപ്പാക്കിയത് 43,75,07,336 രൂപയുടെ വികസന പ്രവർത്തനങ്ങൾ. 2021-22, 2022-23 സാമ്പത്തിക വർഷങ്ങളിലെ കണക്കാണിത്.
ഇതിൽ എട്ട് മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ പഠനമുറി നിർമിക്കാനാണ് ഏറ്റവുമധികം തുക ചെലവഴിച്ചത്. 11.88 കോടി രൂപയാണ് കഴിഞ്ഞ രണ്ടു വർഷംകൊണ്ട് പദ്ധതിക്കായി ചെലവിട്ടത്. ലൈഫ് പട്ടികയിൽ ഉൾപ്പെട്ട പട്ടികജാതി വിഭാഗക്കാരുടെ ഭൂരഹിത പുനരധിവാസ പദ്ധതിയിൽ 116 ഗുണഭോക്താക്കൾക്കായി 11.17 കോടി രൂപ ചെലവഴിച്ചു. ദുർബല വിഭാഗങ്ങളുടെ പുനരധിവാസം ലക്ഷ്യമാക്കി വേടൻ, നായാടി, ചക്ലിയ, കല്ലാടി, അരുന്ധതിയാർ, എന്നീ അതിദുർബല വിഭാഗങ്ങൾക്ക് ഭവന നിർമാണം, പഠനമുറി, ടോയ്ലറ്റ്, എന്നിവക്കായി 3.07 കോടി രൂപ ചെലവഴിച്ചു. അയ്യൻകാളി ടാലന്റ് സെർച് ആൻഡ് ഡെവലപ്മെന്റ് സ്കീം പദ്ധതിയിൽ മികച്ച വിദ്യാർഥികൾക്കായി പ്രതിവർഷം നൽകുന്ന പഠന സ്കോളർഷിപ് ഇനത്തിൽ 16.92 ലക്ഷം രൂപ വിതരണം ചെയ്തു.
എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെഡിക്കൽ/എൻജിനീയറിങ് പ്രവേശന പരീക്ഷക്കൊരുങ്ങാൻ ലക്ഷ്യ, വിഷൻ എന്നീ പേരുകളിൽ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികൾ പ്രകാരം 153 പേർക്ക് 49.84 ലക്ഷം രൂപ ധനസഹായം നൽകി. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യൂനിഫോം, ബാഗ്, കുട എന്നിവ വാങ്ങാനുള്ള പദ്ധതിയിൽ 22,773 പേർ ഗുണഭോക്താക്കളായി. 4.56 കോടി രൂപയാണ് പദ്ധതിക്കായി ഈ സർക്കാറിന്റെ കാലയളവിൽ ചെലവാക്കിയത്. ഉന്നത വിദ്യാഭ്യാസ കോഴ്സുകളിൽ ഒന്നാംവർഷ വിദ്യാർഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 14 ലക്ഷം രൂപ ചെലവഴിച്ചു. 56 വിദ്യാർഥികൾ പദ്ധതിയുടെ ഗുണഭോക്താക്കളായി. പട്ടികജാതിക്കാരായ മെഡിക്കൽ വിദ്യാർഥികൾക്ക് പഠനസഹായത്തിന് സ്റ്റെതസ്കോപ് വാങ്ങാൻ 65,145 രൂപ ചെലവഴിച്ചു.
സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ വിവിധ കോഴ്സുകളിൽ പ്രവേശനം ലഭിക്കാത്തവർക്ക് പാരലൽ കോളജ് പഠനത്തിനുള്ള ധനസഹായമെന്നോണം 2021 -22 സാമ്പത്തിക വർഷം 1,50,000 രൂപ ചെലവഴിച്ചു. അഭ്യസ്തവിദ്യരും തൊഴിൽ മേഖലയിൽ നൈപുണ്യവും പരിശീലനം ലഭിച്ചവരുമായ പട്ടികജാതി വിഭാഗത്തിൽപെട്ട യുവതീയുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടാനും മറ്റുമായി 71.50 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കി. ഹൃദയശസ്ത്രക്രിയ, അർബുദം, ഹീമോഫീലിയ, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗങ്ങളെ അഭിമുഖീകരിക്കുന്ന 701 പേർക്ക് ചികിത്സക്കായി 1.78 കോടി രൂപ ധനസഹായമായി നൽകി.
പട്ടികജാതി വിഭാഗത്തിൽപെട്ട യുവതികളുടെ വിവാഹ ധനസഹായത്തിനായി 75,000 രൂപ വീതം 726 പേർക്ക് 5.96 കോടി രൂപയും മിശ്രവിവാഹ ധനസഹായ പദ്ധതി വഴി 56 ഗുണഭോക്താക്കൾക്ക് 42 ലക്ഷം രൂപ വിതരണം ചെയ്തു.
ഏക വരുമാനദായകന്റെ മരണത്തിലൂടെ ആശ്രിതർക്ക് വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ധനസഹായം ലഭ്യമാക്കുന്നതിലൂടെ 99 ഗുണഭോക്താക്കൾക്കായി 1.92 കോടി രൂപ ചെലവഴിച്ചു.1989ലെ അതിക്രമം തടയൽ നിയമപ്രകാരം അതിക്രമത്തിനിരയാകുന്നവർക്കുള്ള ആശ്വാസ ധനസഹായം പദ്ധതിയിലൂടെ 20 ഗുണഭോക്താക്കൾക്ക് 29.5 ലക്ഷം രൂപ നൽകി. 2021 - 22 സാമ്പത്തിക വർഷം കോർപ്പസ് ഫണ്ട് വിഹിതം 70 ലക്ഷം രൂപ അനുവദിച്ചതിൽ 66.51 ലക്ഷം രൂപയും അംബേദ്കർ ഗ്രാമം പദ്ധതിക്കായി 9.50 ലക്ഷം രൂപയും ചെലവഴിച്ചു
കോട്ടയം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പട്ടികജാതി വിദ്യാർഥികളിൽ ബഹുഭൂരിപക്ഷത്തിനും കഴിഞ്ഞ മൂന്ന് വർഷമായി ഗ്രാന്റ് കിട്ടുന്നില്ലെന്ന് രേഖകൾ. 2022 -2023 അധ്യയന വർഷം ഇ -ഗ്രാന്റിനായി രജിസ്റ്റർ ചെയ്ത 1,29,327 പട്ടികജാതി വിദ്യാർഥികളിൽ 1,09,518 അപേക്ഷകൾ അംഗീകരിക്കപ്പെട്ടെങ്കിലും ഗ്രാന്റ് വിതരണം ചെയ്തതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചത് 54,961 വിദ്യാർഥികൾക്ക് മാത്രമാണ്.
ഇതിൽ തന്നെ ഗ്രാന്റ് കൈപ്പറ്റിയതായി പട്ടികജാതി വികസന വകുപ്പിന് ഉറപ്പാക്കാൻ കഴിഞ്ഞത് 574 പേരുടെ മാത്രവും. 19,234 പേർക്ക് ഗ്രാന്റ് നൽകാനുണ്ട്. അംബേദ്കർ പ്രോഗ്രസിവ് ഡെമോക്രാറ്റിക് ഫോറം ജനറൽ സെക്രട്ടറി ഷാജു വി. ജോസഫിന് പട്ടികജാതി വികസന വകുപ്പിൽനിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
ഗ്രാന്റ് ബാങ്ക് അക്കൗണ്ടിൽ എത്തിയതായി മൊബൈൽ ഫോൺ സന്ദേശം കിട്ടിയ പല കുട്ടികളുടെയും ബാങ്ക് അക്കൗണ്ടുകളിൽ ഗ്രാന്റ് എത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. പട്ടികജാതി ക്രൈസ്തവ, പട്ടികവർഗ വിദ്യാർഥികളുടെ ഗ്രാന്റിന്റെ വിതരണവും അവതാളത്തിലാണെന്ന് ഷാജു വി. ജോസഫ് ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.